പുതിയ അധ്യായം കുറിച്ച് അബ്രഹാം അക്കോർഡ്സ്

 
World

പുതിയ അധ്യായം കുറിച്ച് അബ്രഹാം അക്കോർഡ്സ്

വെല്ലുവിളികളായി ഇറാനുമായുള്ള യുദ്ധവും സൗദി അറേബ്യയുമായുള്ള ബന്ധവും പലസ്തീൻ പ്രശ്നവും

Reena Varghese

ഇസ്രായേൽ, യുഎഇ, ബഹ്‌റൈൻ, മൊറോക്കോ എന്നീ രാജ്യങ്ങളെ ഒരുമിപ്പിച്ച് പ്രാദേശിക സഹകരണം ശക്തിപ്പെടുത്താൻ അമേരിക്കൻ കോൺഗ്രസ്.

പശ്ചിമേഷ്യയിൽ സംഘർഷങ്ങൾക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് പുതിയ പ്രാദേശിക സഹകരണത്തിന് വഴിയൊരുക്കാനുള്ള നീക്കവുമായി അമേരിക്കൻ കോൺഗ്രസ്. 2020-ൽ രൂപംകൊണ്ട അബ്രഹാം അക്കോർഡ്സിന് പുതിയ ദിശ നൽകുന്നതിനായി ഇസ്രായേൽ ഉൾപ്പെടെ നാല് രാജ്യങ്ങളിലെ അംബാസഡർമാരെയും അമേരിക്കൻ കോൺഗ്രസ് അംഗങ്ങളെയും ഒരേ വേദിയിലെത്തിച്ചു. പ്രാദേശിക സുരക്ഷ, സാമ്പത്തിക പങ്കാളിത്തം, നയതന്ത്ര ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുകയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യം.

യുഎസ് ജനപ്രതിനിധിസഭയുടെ വിദേശകാര്യ സമിതി ചെയർമാൻ ബ്രയാൻ മാസ്റ്റിന്‍റെ നേതൃത്വത്തിലായിരുന്നു നിർണായക കൂടിക്കാഴ്ച. ഇസ്രായേൽ, യുഎഇ, ബഹ്‌റൈൻ, മൊറോക്കോ എന്നീ രാജ്യങ്ങളുടെ അംബാസഡർമാരാണ് സമിതി അംഗങ്ങളുമായി ചർച്ച നടത്തിയത്. അബ്രഹാം ഉടമ്പടികളിലെ അംഗരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും കോൺഗ്രസ് അംഗങ്ങളും പങ്കെടുക്കുന്ന ആദ്യ സംയുക്ത കോൺഗ്രസ് ഫോറമാണിതെന്ന് മാസ്റ്റ് വ്യക്തമാക്കി.

പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുക, നിലവിലുള്ള വെല്ലുവിളികൾ പരിഹരിക്കുക, അക്കോർഡ്സിന്‍റെ അടുത്ത ഘട്ടത്തിൽ അമേരിക്കൻ കോൺഗ്രസിന്‍റെ പങ്ക് നിർണയിക്കുക എന്നിവയായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ. അക്കോർഡ്സ് കേവലം നയതന്ത്ര ബന്ധങ്ങളുടെ സാധാരണവൽക്കരണത്തിൽ ഒതുങ്ങാതെ വിപുലമായ പ്രാദേശിക പങ്കാളിത്തത്തിന്‍റെ അടിത്തറയാകണമെന്ന നിലപാടാണ് യോഗത്തിൽ ഉയർന്നത്.

നയതന്ത്ര ബന്ധങ്ങൾക്കപ്പുറം പ്രാദേശിക കൂട്ടായ്മ

അമേരിക്കയിലെ മൊറോക്കൻ അംബാസഡർ യൂസഫ് അമ്രാനി കൂടിക്കാഴ്ചയെ പ്രാധാന്യമുള്ള നയതന്ത്ര ഇടപെടലെന്നാണ് വിശേഷിപ്പിച്ചത്. അബ്രഹാം അക്കോർഡ്സിന് കീഴിൽ ഇതുവരെ കൈവരിച്ച പുരോഗതി, മാറിക്കൊണ്ടിരിക്കുന്ന പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങൾ, സഹകരണം കൂടുതൽ വ്യാപിപ്പിക്കാനുള്ള സാധ്യതകൾ എന്നിവ ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.

ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം

മെച്ചപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ കരാറാണ് അബ്രഹാം അക്കോർഡ്സെന്ന് അമേരിക്കൻ പ്രതിനിധിയും കെന്‍റക്കി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളുമായ ആൻഡി ബാർ പറഞ്ഞു. കരാറുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട രാജ്യങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാൻ യുദ്ധവും സുരക്ഷാ സഹകരണവും

അബ്രഹാം അക്കോർഡ്സിന്‍റെ ഭാവിയിൽ ഇറാനുമായുള്ള സംഘർഷം നിർണായക ഘടകമായി മാറിയിട്ടുണ്ട്. ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേലും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം കൂടുതൽ പ്രാധാന്യമാർജിച്ചുവെന്നാണ് വിലയിരുത്തൽ.

ഇസ്രായേലിലെ മുൻ യുഎസ് അംബാസഡറും അറ്റ്ലാന്റിക് കൗൺസിൽ വിശിഷ്ട അംഗവുമായ ഡാനിയൽ ഷാപ്പിറോ ജൂലൈയിൽ നടന്ന ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റി യോഗത്തിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. 2023 ഒക്റ്റോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനും തുടർന്നുണ്ടായ പ്രാദേശിക സംഘർഷങ്ങൾക്കും ശേഷവും അബ്രഹാം അക്കോർഡ്സ് നിലനിന്നത് ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാനുമായുള്ള യുദ്ധത്തിനിടെ ഇസ്രായേലി അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനങ്ങളും സൈനിക ഉദ്യോഗസ്ഥരും യുഎഇയിൽ വിന്യസിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഇസ്രായേലിനും അമേരിക്കയ്ക്കും പുറത്തേക്ക് ഈ സംവിധാനം ആദ്യമായി വിന്യസിച്ചതായിരുന്നു ഇതെന്നാണ് അദ്ദേഹത്തി വിശദീകരണം.

സൗദി അറേബ്യയെയും പങ്കാളിയാക്കാൻ നീക്കം

അബ്രഹാം അക്കോർഡ്സിന്‍റെ അടുത്ത ഘട്ടത്തിൽ സൗദി അറേബ്യയുമായുള്ള ബന്ധം നിർണായകമാകുമെന്നാണ് അമേരിക്കൻ നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ. ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാനുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഷാപ്പിറോ നിർദേശിച്ചു. ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) പദ്ധതിക്ക് പുതിയ വേഗം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലെബനൻ, സിറിയ എന്നീ രാജ്യങ്ങളുമായി ഇസ്രായേൽ സുരക്ഷാ കരാറുകൾക്കുള്ള സാധ്യതകളും പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ നിർദേശം.സാമ്പത്തികവും സുരക്ഷാപരവുമായ പരസ്പരാശ്രിതത്വം വർധിപ്പിക്കുന്നതിലൂടെ പശ്ചിമേഷ്യയിൽ സ്ഥിരത ഉറപ്പാക്കാനാകുമെന്നാണ് ഷാപ്പിറോയുടെ വിലയിരുത്തൽ.

നെഗേവ് ഫോറത്തിന്‍റെ മാതൃകയിൽ വിപുലമായ സഹകരണം

2022-ൽ അന്നത്തെ ഇസ്രായേൽ വിദേശകാര്യ മന്ത്രി യെയർ ലാപിഡ് അമേരിക്കൻ ബൈഡൻ ഭരണകൂടവുമായി സഹകരിച്ച് ആരംഭിച്ച നെഗേവ് ഫോറവും പുതിയ നീക്കങ്ങൾക്ക് മാതൃകയാണ്. ഇസ്രായേൽ, അമേരിക്ക, യുഎഇ, ഈജിപ്ത്, ബഹ്‌റൈൻ, മൊറോക്കോ എന്നിവ ഉൾപ്പെട്ട ഈ കൂട്ടായ്മ വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, ഊർജം, പ്രാദേശിക സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണമാണ് ലക്ഷ്യമിട്ടത്.

എന്നാൽ ഇറാനുമായുള്ള സംഘർഷം, സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ, പരിഹരിക്കപ്പെടാത്ത പലസ്തീൻ പ്രശ്നം എന്നിവ അബ്രഹാം അക്കോർഡ്സിന്‍റെ വിപുലീകരണത്തിന് വലിയ വെല്ലുവിളികളാണ്.

പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയുടെ ലക്ഷ്യം

അമേരിക്കൻ കോൺഗ്രസിലെ വിദേശകാര്യ സമിതിയുടെ അംഗഘടനയിലും വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. അതിനാൽ അബ്രഹാം അക്കോർഡ്സിന് ദീർഘകാല രാഷ്ട്രീയ പിന്തുണ ഉറപ്പാക്കുകയെന്നതും പുതിയ നീക്കത്തിന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്. 2020-ൽ ഡൊണാൾഡ് ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് രൂപംകൊണ്ട അബ്രഹാം അക്കോർഡ്സ് ഇസ്രായേലും യുഎഇയും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നതിൽ നിർണായകമായി. പിന്നീട് മൊറോക്കോയും ഈ പ്രക്രിയയുടെ ഭാഗമായി.

ആറ് വർഷത്തിനിപ്പുറം അക്കോർഡ്സിന്‍റെ പ്രസക്തി വീണ്ടും ചർച്ചയാകുമ്പോൾ അമേരിക്ക മുന്നോട്ടുവയ്ക്കുന്നത് നയതന്ത്ര ബന്ധങ്ങൾക്കപ്പുറമുള്ള ഒരു പ്രാദേശിക സഹകരണ മാതൃകയാണ്. എന്നാൽ പലസ്തീൻ പ്രശ്നത്തിന് പരിഹാരം കാണാതെയും ഇറാനുമായുള്ള സംഘർഷം നിയന്ത്രിക്കാതെയും ഈ കൂട്ടായ്മ എത്രത്തോളം വിപുലീകരിക്കാനാകുമെന്നതാണ് പ്രധാന ചോദ്യം. പശ്ചിമേഷ്യയിൽ സമാധാനത്തിന്‍റെയും സാമ്പത്തിക സഹകരണത്തിന്‍റെയും പുതിയ കാലഘട്ടം സൃഷ്ടിക്കാനുള്ള അമേരിക്കൻ ശ്രമത്തിന്‍റെ യഥാർഥ പരീക്ഷണവും അതുതന്നെയായിരിക്കും.