പ്രമീള ജയ്പാലിനെതിരേ രൂക്ഷ വിമർശനവുമായി യുഎസിലെ ഇന്ത്യൻ അംബാസിഡർ വിനയ് മോഹൻ ക്വാത്ര

 
World

ഇന്ത്യൻ വോട്ടർപട്ടിക പരിഷ്കരണം ഇന്ത്യയുടെ ആഭ്യന്തരകാര്യം

ഇത് അംഗീകരിക്കാനാവാത്ത ഇടപെടൽ: യുഎസ് കോൺഗ്രസ് അംഗം പ്രമീള ജയ്പാലിനെതിരേ രൂക്ഷ വിമർശനവുമായി യുഎസിലെ ഇന്ത്യൻ അംബാസിഡർ വിനയ് മോഹൻ ക്വാത്ര

Reena Varghese

വാഷിംഗ്ടണ്‍: ഇന്ത്യയിലെ വോട്ടര്‍പട്ടിക പരിഷ്‌കരണത്തെ ചോദ്യം ചെയ്ത അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാലിന്‍റെ പരാമർശത്തിനെതിരേ ഇന്ത്യൻ അംബാസിഡർ വിനയ് മോഹൻ ക്വാത്ര രംഗത്തെത്തി. ഇന്ത്യൻ ആഭ്യന്തര കാര്യങ്ങളിലുള്ള അംഗീകരിക്കാനാകാത്ത ഇടപെടലാണ് ഈ പ്രസ്താവനയെന്ന് അദ്ദേഹം വിമര്‍ശിച്ചു. ശക്തവും സ്വതന്ത്രവുമായ ഭരണഘടനാ സ്ഥാപനങ്ങളുള്ള സജീവ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയുടെ തിരഞ്ഞെടുപ്പ്, രാഷ്ട്രീയ പ്രക്രിയകളെക്കുറിച്ച് പ്രമീള ജയ്പാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്ന് ക്വാത്ര സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പുകളുടെ ദീർഘ കാല പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. തെറ്റിദ്ധാരണകൾ നീക്കാൻ പ്രമീളയുമായി ക്രിയാത്മകമായ ചർച്ചകൾക്ക് താനെപ്പോഴും തയാറാണെന്നും വിനയ് ക്വാത്ര വ്യക്തമാക്കി. ഇന്ത്യയിലെ കരട് വോട്ടർപട്ടികയിൽ നിന്നും 13 കോടി പേരുകൾ നീക്കം ചെയ്തെന്ന് ആരോപിച്ച് ആശങ്ക പ്രകടിപ്പിച്ച പ്രമീള ജയ്പാലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ നടക്കുന്ന അഹിംസാത്മക പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായും വാഷിങ്ടണ്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ പ്രമീള ജയ്പാല്‍ പറഞ്ഞിരുന്നു. ട്രംപ് ഭരണകൂടം എങ്ങനെയാണോ വോട്ടവകാശത്തെ ദുർബലപ്പെടുത്താൻ നോക്കുന്നത് അതിനു സമാനമായ നടപടികളാണ് ഇന്ത്യയിലും നടക്കുന്നതെന്നും പ്രമീള ആരോപിച്ചു. ഇന്ത്യയിലും അമേരിക്കയിലും ജനങ്ങള്‍ക്ക് സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പുകള്‍ക്ക് അവകാശമുണ്ടെന്നും ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ജയ്പാല്‍ വ്യക്തമാക്കി. ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന ഇന്ത്യന്‍ ജനതയ്‌ക്കൊപ്പമാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാൽ ഇന്ത്യയിൽ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷൻ(എസ്ഐആർ) നടപടിയുടെ ഭാഗമായി 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്ന ആദ്യ രണ്ടു ഘട്ടങ്ങളിൽ കരട് വോട്ടർ പട്ടികയിൽ നിന്ന് ഏതാണ്ട് 7.2 കോടി പേരുകളാണ് നീക്കം ചെയ്തതെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ കണക്ക് വ്യക്തമാക്കുന്നത്. മൂന്നാം ഘട്ടത്തില്‍ കരട് പട്ടിക പ്രസിദ്ധീകരിച്ച 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങ ളിലുമായി 6.16 കോടി പേരുകളാണ് ഒഴിവാക്കപ്പെട്ടത്. മരിച്ചു പോയവർ, ഇരട്ടപ്പേരുകൾ , താമസം മാറിയവർ, വോട്ടര്‍പട്ടികയില്‍ തുടരാന്‍ അര്‍ഹതയില്ലാത്തവര്‍ എന്നിവരെ കണ്ടെത്തി പട്ടിക പുതുക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്നാണ് കമ്മിഷന്‍റെ വിശദീകരണം. അര്‍ഹരായ വോട്ടര്‍മാരുടെ പേരുകള്‍ അബദ്ധത്തില്‍ ഒഴിവായിട്ടുണ്ടെങ്കില്‍ അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കുന്ന നടപടിയിലൂടെയും തുടര്‍ന്ന് ഫോം ആറ് വഴിയും പേരുകള്‍ ഉള്‍പ്പെടുത്താന്‍ അവസരമുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.