ജിഡിആർഎഫ്എ ദുബായ് മേധാവി ലെഫ്. ജനറൽ മുഹമ്മദ് അൽ മർറിയും സിഡിഎ ഡയറക്റ്റർ ജനറൽ ഹെസ്സ ബിന്ത് ഈസ ബുഹുമൈദും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ദുബായ്: വിവാഹത്തിന് ഒരുങ്ങുന്ന യുഎഇ സ്വദേശികളായ യുവതീയുവാക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്‍റ് അഥോറിറ്റിയുമായി ധാരണാപത്രം ഒപ്പുവെച്ചു. ഷെയ്ഖ ഹിന്ദ് ബിന്ത് മക്തൂം ഫാമിലി പ്രോഗ്രാമിന് കീഴിലുള്ള 'ദുബായ് വെഡ്ഡിങ്സ്' പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ജിഡിആർഎഫ്എയുടെ 'ഹാപ്പിനസ് കാർഡ്' സൗജന്യമായി നൽകും.
'ഇയർ ഓഫ് ദ ഫാമിലി'യുടെ ഭാഗമായി എമിറാത്തി കുടുംബങ്ങളുടെ സ്ഥിരതയും ജീവിതനിലവാരവും ഉയർത്തുന്നതിനാണ് ഈ സംരംഭം നടപ്പാക്കുന്നത്. ദുബായ് സോഷ്യൽ അജണ്ട 33-ന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും കുടുംബശാക്തീകരണത്തിനും ഈ സഹകരണം സഹായകമാകും.
ജനറൽ ഡയറക്റ്ററേറ്റ് ആസ്ഥാനത്തു നടത്തിയ ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് മേധാവി ലെഫ്. ജനറൽ മുഹമ്മദ് അൽ മർറിയും സിഡിഎ ഡയറക്റ്റർ ജനറൽ ഹെസ്സ ബിന്ത് ഈസ ബുഹുമൈദുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. സിഡിഎയുടെ സോഷ്യൽ ഡെവലപ്‌മെന്‍റ് സെക്റ്റർ എക്‌സിക്യൂട്ടിവ് ഡയറക്റ്റർ ഷെയ്ഖ അഹമ്മദ് അബ്ദുൽറഹ്മാൻ അൽ ജർമാനും ഇരുസ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ സംബന്ധിച്ചു.
ഹാപ്പിനസ് കാർഡ് സൗജന്യമായി ലഭിക്കുന്നതിലൂടെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പ്രത്യേക ഓഫറുകളും വിലക്കിഴിവുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും. യുഎഇ സ്വദേശി- കുടുംബങ്ങളുടെ സ്ഥിരത ഉറപ്പാക്കാനും വിവാഹത്തിന് ഒരുങ്ങുന്ന യുവജനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാനും സർക്കാർ സ്ഥാപനങ്ങളുടെ സംയോജിത പ്രവർത്തനം അനിവാര്യമാണെന്ന് സിഡിഎ ഡയറക്റ്റർ ജനറൽ ഹെസ്സ ബിന്ത് ഈസ ബുഹുമൈദ് പറഞ്ഞു.