മുൻ റഷ്യൻ ഫസ്റ്റ് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി റുസ് ലാൻ സാലിക്കോവ്

 
World

അഴിമതി: റഷ്യയിൽ മുൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിക്ക് പത്തു വർഷം തടവ്

അദ്ദേഹത്തിന്‍റെ ഔദ്യോഗിക പദവികൾ, ബഹുമതികൾ, സർക്കാർ പുരസ്കാരങ്ങൾ എന്നിവയും റദ്ദാക്കി

Reena Varghese

അഴിമതിക്കേസിൽ റഷ്യയിൽ മുൻ ഫസ്റ്റ് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി റുസ് ലാൻ സാലിക്കോവിനെ മോസ്കോയിലെ കോടതി പത്തു വർഷത്തെ കഠിന തടവിനു ശിക്ഷിച്ചു. എഴുപതുകാരനായ സാലിക്കോവ് സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗുവിന്‍റെ അടുത്ത അനുയായിയാണ്. യുക്രെയ്നിലേയ്ക്കുള്ള റഷ്യയുടെ സമ്പൂർണ്ണ അധിനിവേശം തുടങ്ങി രണ്ട് വർഷത്തിന് ശേഷം, 2024-ൽ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് ഷോയിഗുവിനെ നീക്കം ചെയ്തിരുന്നു. ഈ അഴിച്ചുപണികൾക്ക് പിന്നാലെ അറസ്റ്റിലായ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരിൽ ഒരാളാണ് സാലിക്കോവ്.

6.58 ബില്യൺ റൂബിൾ (80.2 ദശലക്ഷം ഡോളർ) തുകയുടെ 12 വകയിലുള്ള സാമ്പത്തിക തിരിമറികൾ, 500 ദശലക്ഷം റൂബിളിലധികം (6 ദശലക്ഷം ഡോളർ) വരുന്ന കള്ളപ്പണം വെളുപ്പിക്കൽ, വാണിജ്യ കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ രണ്ട് കേസുകൾ എന്നിവയിൽ സാലിക്കോവ് കുറ്റക്കാരനാണെന്ന് സമോസ്‌ക്വോറെറ്റ്‌സ്കി ഡിസ്ട്രിക്റ്റ് കോടതി കണ്ടെത്തി.

കൈക്കൂലിയായി 50 ദശലക്ഷം റൂബിൾ (610,000 ഡോളർ) പണമായും, 11 ദശലക്ഷം റൂബിളിലധികം (134,100 ഡോളർ) മൂല്യമുള്ള വീട് നവീകരണ പ്രവർത്തനങ്ങളായും, കൂടാതെ ഒരു മോട്ടോർ സൈക്കിളായും കൈപ്പറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു. 2019-നും 2023-നും ഇടയിൽ പ്രതിരോധ മന്ത്രാലയവും സൈനിക വിതരണക്കാരായ 'വോയെന്റോർഗ്' (Voentorg) എന്ന സ്ഥാപനവും തമ്മിൽ ഒപ്പുവെച്ച 12 സർക്കാർ കരാറുകളുമായി ബന്ധപ്പെട്ടതാണ് ഈ സാമ്പത്തിക തിരിമറികൾ. സൈനികർക്കുള്ള വസ്ത്രങ്ങളും ശുചിത്വ സാമഗ്രികളും (toiletry kits) വിതരണം ചെയ്യുന്നതിനുള്ള കരാറുകളായിരുന്നു ഇവ. എന്നാൽ, ഇവയുടെ ചെലവ് 40 ശതമാനം വരെ അധികമായി കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു ക്രിമിനൽ സംഘത്തിന് രൂപം നൽകി എന്ന ഗുരുതരമായ മറ്റൊരു കുറ്റം കോടതി തള്ളി.സാലിക്കോവിന് 18 വർഷത്തെ തടവ് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. നേരത്തെ വീട്ടുതടങ്കലിലായിരുന്ന സാലിക്കോവിനെ, കോടതിയിൽ വെച്ച് തന്നെ കസ്റ്റഡിയിലെടുക്കാൻ ജഡ്ജി ഉത്തരവിട്ടു. അദ്ദേഹത്തിന്‍റെ ഔദ്യോഗിക പദവികൾ, ബഹുമതികൾ, സർക്കാർ പുരസ്കാരങ്ങൾ എന്നിവ റദ്ദാക്കി. കൂടാതെ 500 ദശലക്ഷം റൂബിൾ (6 ദശലക്ഷം ഡോളർ) പിഴയും ചുമത്തി. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാലും 15 വർഷത്തേക്ക് പൊതുപദവികൾ വഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്.

സർക്കാർ കരാറുകളിലെ വിശദാംശങ്ങളും സൈനിക ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെട്ടിരുന്നതിനാൽ, അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടന്നത്. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ സാലിക്കോവ് നിഷേധിച്ചു. "ശിക്ഷിക്കപ്പെടാൻ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ ശിക്ഷയുള്ളൂ? ഒന്നുമില്ലെങ്കിൽ പിന്നെ അതിനെ എന്തുവിളിക്കും?എന്നായിരുന്നു സാലിക്കോവിന്‍റെ പ്രതികരണം. ഈ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും, അദ്ദേഹത്തെ കുറ്റവിമുക്തനാക്കാൻ ശ്രമിക്കുമെന്നും സാലിക്കോവിന്‍റെ അഭിഭാഷക സംഘം അറിയിച്ചു.

2000-കളിൽ 'എമർജൻസി സിറ്റുവേഷൻസ് മിനിസ്ട്രി'യിൽ ഷോയിഗുവിന്‍റെ ഡെപ്യൂട്ടി ആയി പ്രവർത്തിച്ച സാലിക്കോവ്, പിന്നീട് അദ്ദേഹത്തോടൊപ്പം പ്രതിരോധ മന്ത്രാലയത്തിലേക്കും മാറി. അവിടെ 2015 മുതൽ 2024 വരെ അദ്ദേഹം ഒന്നാം ഡെപ്യൂട്ടി മന്ത്രിയായി സേവനമനുഷ്ഠിച്ചു.