ഇറാൻ ആണവപദ്ധതിയിൽ ആശങ്കയുമായി യുഎൻ

 
World

ഇറാൻ ആണവപദ്ധതിയിൽ ആശങ്കയുമായി യുഎൻ

നിർണായക കേന്ദ്രങ്ങളിൽ പരിശോധന അനുവദിക്കാത്തത് ആണവവ്യാപന ആശങ്ക വർധിപ്പിക്കുന്നതായി ഐഎഇഎ

Reena Varghese

ഇറാന്‍റെ ആണവ പദ്ധതിയെ കുറിച്ച് ഗുരുതര ആശങ്ക പ്രകടിപ്പിച്ച് ഇതാദ്യമായി ഐക്യരാഷ്ട്ര സഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ അന്താരാഷ്ട്ര ആണവോർജ ഏജൻസി(ഐഎഇഎ).

ഇറാൻ കൈവശം വച്ചിരിക്കുന്ന ആണവ വസ്തുക്കൾ സമാധാനപരമായ ആവശ്യങ്ങളിൽനിന്ന് വഴിതിരിച്ചുവിട്ടിട്ടില്ലെന്ന് ഉറപ്പുനൽകാൻ കഴിയുന്നില്ലെന്ന് ഏജൻസി വ്യക്തമാക്കി. ആണവപദ്ധതിയുമായി ബന്ധപ്പെട്ട നിർണായക കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ഇറാൻ അനുവദിക്കാത്തതാണ് ആശങ്കയ്ക്ക് കാരണം. വെള്ളിയാഴ്ച പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ച രഹസ്യ റിപ്പോർട്ടിലാണ് ഐഎഇഎയുടെ ഈ മുന്നറിയിപ്പ്. ഇറാന്‍റെ സഹകരണമില്ലാത്തതിനാൽ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ആണവ വസ്തുക്കൾ സമാധാനപരമായ ആവശ്യങ്ങളിൽനിന്ന് വഴിതിരിച്ചുവിട്ടിട്ടില്ലെന്ന് സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട് പറയുന്നു.

ഇറാനിലെ ഇസ്ഫഹാനിലുള്ള യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തെക്കുറിച്ചും ഏജൻസി പ്രത്യേക ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇറാൻ ഈ കേന്ദ്രത്തെക്കുറിച്ച് ഐഎഇഎയെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ പരിശോധനയ്ക്ക് അനുമതി നൽകിയിട്ടില്ല. കേന്ദ്രത്തിന്‍റെ കൃത്യമായ സ്ഥാനം, നിലവിലെ പ്രവർത്തന നില, അവിടെ ആണവ വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പോലും ഏജൻസിക്ക് വ്യക്തമല്ല.

2025 ജൂണിൽ ഇസ്രയേലും അമേരിക്കയും നടത്തിയ 12 ദിവസം നീണ്ട സൈനിക നീക്കത്തിൽ ഇറാന്‍റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ തകർക്കപ്പെടുകയോ ഗുരുതരമായി തകരാറിലാകുകയോ ചെയ്തിരുന്നു. അതിനുശേഷം ആക്രമണത്തിനിരയായ ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ഐഎഇഎ ഇൻസ്പെക്റ്റർമാരെ ഇറാൻ അനുവദിച്ചിട്ടില്ല. ഫെബ്രുവരി 28ന് ആരംഭിച്ച ഏറ്റവും പുതിയ യുദ്ധത്തിലും ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരിശോധനയ്ക്കുള്ള അനുമതി ആവർത്തിച്ച് ആവശ്യപ്പെട്ടിരിക്കുകയാണ് ഐഎഇഎ.

പരിശോധനകൾ ഇനിയും വൈകാതെ നടത്തേണ്ടത് അത്യാവശ്യമാണെന്ന് റിപ്പോർട്ടിൽ ഡയറക്റ്റർ ജനറൽ റാഫേൽ ഗ്രോസി വ്യക്തമാക്കി. ഇറാനിൽ ഏജൻസി ഇൻസ്പെക്റ്റർമാരുടെ തിരിച്ചുവരവിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിന് സാങ്കേതികവും ഘട്ടംഘട്ടവുമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിശോധനകൾ തടസപ്പെടുന്നത് ആണവവ്യാപനവുമായി ബന്ധപ്പെട്ട ഗുരുതരമായ ആശങ്കകളാണ് ഉയർത്തുന്നതെന്നും അടിയന്തരമായി ഈ സാഹചര്യം പരിഹരിക്കണമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയത്തിന്‍റെ സ്ഥാനം എവിടെ?

2025 ജൂണിലെ ആക്രമണങ്ങൾക്ക് മുൻപ് ഇറാന്‍റെ കൈവശം ഏകദേശം 440 കിലോഗ്രാം യുറേനിയം 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച നിലയിൽ ഉണ്ടായിരുന്നുവെന്നാണ് ഐഎഇഎയുടെ കണക്ക്. ആണവായുധ നിർമാണത്തിന് ആവശ്യമായ 90 ശതമാനം സമ്പുഷ്ടീകരണത്തിന് അടുത്ത നിലയാണിത്. 2015ലെ ആണവ കരാർ പ്രകാരം അനുവദിച്ചിരുന്ന 3.67 ശതമാനം പരിധിയേക്കാൾ വളരെ കൂടുതലുമാണ്.

ആക്രമണങ്ങൾക്ക് ശേഷം ഈ യുറേനിയം ശേഖരത്തിന്‍റെ യഥാർഥ സ്ഥാനം വ്യക്തമല്ല. ശേഖരം ഇപ്പോഴും ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തിന് സമീപം തന്നെയുണ്ടാകാമെന്നാണ് പൊതുവായ വിലയിരുത്തലെന്ന് ജൂണിൽ റാഫേൽ ഗ്രോസി പറഞ്ഞിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ ആവശ്യമായ പരിശോധനകൾ നടത്താൻ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല. ഇറാൻ ആണവായുധം നിർമിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ദീർഘകാലമായി നിഷേധിക്കുന്നുണ്ട്. എന്നാൽ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയത്തിന് സാധാരണ സമാധാനപരമായ ആണവ ആവശ്യങ്ങളിൽ പരിമിതമായ പ്രയോജനമേയുള്ളൂ എന്നാണ് ആണവ നിരീക്ഷണ രംഗത്തെ ആശങ്ക.

ഇസ്ഫഹാനിലെ കേന്ദ്രത്തെക്കുറിച്ച് വിവരമില്ല

ഇസ്ഫഹാനിലെ ഇന്‍റഗ്രേറ്റഡ് ഫ്യൂവൽ എൻറിച്ച്മെന്‍റ് പ്ലാന്റ് (IFEP) പരിശോധിക്കാൻ ഐഎഇഎ തീരുമാനിച്ചിരുന്നത് 2025 ജൂൺ 13നായിരുന്നു. എന്നാൽ അന്നുതന്നെ ഇസ്രയേലിന്‍റെ ആക്രമണം ആരംഭിച്ചതോടെ പരിശോധന നടന്നില്ല. കേന്ദ്രത്തിന്‍റെ കൃത്യമായ സ്ഥാനം, സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട നിലവിലെ അവസ്ഥ, അവിടെ ആണവ വസ്തുക്കൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയില്ലെന്ന് പുതിയ റിപ്പോർട്ടിൽ ഐഎഇഎ വ്യക്തമാക്കി. ബുഷെഹറിലെ ആണവ നിലയം പരിശോധിക്കാൻ സെപ്റ്റംബറിൽ ഐഎഇഎ ഇൻസ്പെക്റ്റർമാർക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇറാനിലെ മറ്റ് പ്രധാന ആണവ കേന്ദ്രങ്ങളിലേക്ക് പ്രവേശനം ലഭിച്ചിട്ടില്ല.

യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളുടെ നിലവിലെ അവസ്ഥയും ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്‍റെ ശേഖരവും സംബന്ധിച്ച പൂർണ വിവരങ്ങൾ നൽകണമെന്നും ആക്രമണത്തിനിരയായ കേന്ദ്രങ്ങളിൽ പരിശോധന അനുവദിക്കണമെന്നും ഐഎഇഎ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധന പുനരാരംഭിക്കാൻ അമേരിക്കയുടെ ഭീഷണി അവസാനിക്കണമെന്ന് ഇറാൻ പരിശോധനകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയില്ലെന്നാണ് ഇറാൻ ഐഎഇഎയെ അറിയിച്ചിരിക്കുന്നത്. ഇറാന്‍റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്യ ഭീഷണികളാണ് ഇതിന് കാരണമായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്.

നിലവിലെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുകയും സാധാരണ സുരക്ഷാ പരിശോധനകൾ പുനഃസ്ഥാപിക്കുന്നതിനുള്ള സാഹചര്യം ഉറപ്പാക്കുകയും ചെയ്യുന്നതുവരെ സ്ഥിതിഗതികൾ മാറില്ലെന്നും ഇറാൻ അറിയിച്ചു. അതേസമയം, നിയമപരവും പ്രായോഗികവുമായ സാഹചര്യങ്ങൾ അനുവദിക്കുന്ന മുറയ്ക്ക് സുരക്ഷാ പരിശോധനാ ബാധ്യതകൾ പൂർണമായി പുനരാരംഭിക്കാനുള്ള പ്രതിബദ്ധതയും ഇറാൻ ആവർത്തിച്ചു.

ഇറാന്‍റെ ആണവപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 20 മില്യൺ ഡോളർ വരെ പാരിതോഷികം നൽകുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെയും ടെഹ്റാൻ എതിർത്തു. ഐഎഇഎയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയോ പുറത്തുവിടപ്പെടുകയോ ചെയ്യരുതെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി, ഇറാന്‍റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ സംരക്ഷിക്കുമെന്ന് ഐഎഇഎ വ്യാഴാഴ്ച കത്തിലൂടെ ഉറപ്പുനൽകി.

കഴിഞ്ഞ സെപ്റ്റംബറിൽ ഇറാന്റെ ആണവ റിപ്പോർട്ടിങ് ബാധ്യതകൾ പാലിക്കാത്തതിനെത്തുടർന്ന് ഐഎഇഎ ബോർഡ് വിഷയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിക്ക് കൈമാറിയിരുന്നു. 20 വർഷത്തിനിടെ ആദ്യമായാണ് ഇറാൻ ആണവ ബാധ്യതകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന പേരിൽ ഇത്തരമൊരു നടപടി നേരിടുന്നത്.

ആണവ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതും യുറേനിയം ശേഖരത്തിന്‍റെ സ്ഥാനം വ്യക്തമല്ലാത്തതും പരിശോധനകൾ തടസപ്പെട്ടതും ചേർന്ന് ഇറാന്‍റെ ആണവപദ്ധതിയെക്കുറിച്ചുള്ള അന്താരാഷ്ട്ര ആശങ്ക കൂടുതൽ രൂക്ഷമാക്കുകയാണ്.