എന്‍വിഡിയ വിവാദം: പുറത്തുവന്നത് മഞ്ഞുമലയുടെ ചെറിയൊരു ഭാഗം

 
World

എന്‍വിഡിയ വിവാദം: പുറത്തുവന്നത് മഞ്ഞുമലയുടെ ചെറിയൊരു ഭാഗം

'എന്‍വിഡിയ കമ്പനിക്ക് ചൈനയുമായി ബന്ധപ്പെട്ട് ഗുരുതരമായ ഒരു പ്രശ്നമുണ്ട് '

Reena Varghese

'എന്‍വിഡിയ കമ്പനിക്ക് ചൈനയുമായി ബന്ധപ്പെട്ട് ഗുരുതരമായ ഒരു പ്രശ്നമുണ്ട് '

2026 മേയ് മാസത്തില്‍ 'കള്‍പ്പര്‍ റിസര്‍ച്ച്' പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ നിന്നുള്ളതാണ് ഈ പരാമര്‍ശം. അതില്‍ സൂചിപ്പിച്ച പ്രശ്നങ്ങളിലൊന്ന് ഇപ്പോള്‍ യഥാര്‍ഥമാണെന്ന് തെളിഞ്ഞു. എന്‍വിഡിയയുടെ സ്ഥാപകനും സിഇഒയുമായ ജെന്‍സണ്‍ ഹുവാങ്, 40 വര്‍ഷത്തിലേറെയായി തന്‍റെ ജീവിതപങ്കാളിയായ ലോറി ഹുവാങ്ങിനോട് വിശ്വസ്തനായിരുന്നില്ലെന്ന് (അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന്) സമ്മതിച്ചിരിക്കുന്നു. ആലീസ് ഹുവാങ് എന്ന സ്ത്രീയുമായിട്ടാണ് ജെന്‍സണ്‍ ഹുവാങ് ബന്ധം പുലര്‍ത്തിയിരുന്നത്. ഇവര്‍ ഒരു ചൈനീസ് ചാര യുവതിയാണെന്നാണ് യുഎസ് ഇന്‍റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവും ദുരൂഹവുമായിത്തീര്‍ന്നിരിക്കുന്നു.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസ് എന്ന യുഎസ് മാധ്യമത്തിലൂടെയാണ് ലോകം ജെന്‍സണ്‍ ഹുവാങ്ങിന്‍റെ രഹസ്യ കാമുകിയെ കുറിച്ച് അറിഞ്ഞത്. എന്നാല്‍ ആറ് മാസം മുമ്പ് തന്നെ 'കള്‍പ്പര്‍ റിസര്‍ച്ച്' ഈ ബന്ധത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ജെന്‍സണും ഹുവാങ്ങും തമ്മിലുള്ള തൊഴില്‍പരമായ ബന്ധം 'അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തില്‍ അടുത്തുനില്‍ക്കുന്നതാണ്' എന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവരും ആദ്യമായി കണ്ടുമുട്ടുമ്പോള്‍, ആലീസ് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള 'മെഗാസ്പീഡ്' എന്ന കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. മെഗാസ്പീഡിന്‍റെ സ്ഥാപകയാണെന്ന് കരുതപ്പെടുന്ന ആലീസ്, ചൈനയുമായുള്ള, പ്രത്യേകിച്ച് ചൈനയുടെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സിയായ 'മിനിസ്ട്രി ഒഫ് സ്റ്റേറ്റ് സെക്യൂരിറ്റി'യുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. എഐ ചിപ്പുകളെക്കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി, ജെന്‍സനുമായി അടുപ്പം സ്ഥാപിക്കാനും അദ്ദേഹത്തെ നിരീക്ഷിക്കാനും ആലീസിനെ നിയോഗിച്ചതായാണ് ആരോപണം. എന്‍വിഡിയയുടെ അത്യാധുനിക ചിപ്പുകള്‍ അമെരിക്കയുടെ സുപ്രധാന ദേശീയ ആസ്തിയായാണ് കണക്കാക്കപ്പെടുന്നത്. എന്‍വിഡിയയുടെ ഏറ്റവും മികച്ച ചിപ്പുകളായ'ബ്ലാക്ക് വെല്‍', 'റൂബിന്‍ എന്നിവ ചൈനയ്ക്ക് വില്‍ക്കുന്നതില്‍ നിന്ന് അമെരിക്ക എന്‍വിഡിയയെ വിലക്കുക വരെ ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജെന്‍സണ്‍ ചൈനീസ് ചാരയുവതിയെന്ന് സംശയിക്കുന്ന ആലീസുമായി ബന്ധം സ്ഥാപിച്ചിരുന്നെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ജെന്‍സനും ആലീസും തമ്മിലുള്ള ബന്ധം, നിര്‍മിത ബുദ്ധി ചിപ്പുകളെക്കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങള്‍ ചൈനയ്ക്ക് ലഭിക്കുന്നതിനോ, അല്ലെങ്കില്‍ അമെരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങളെ മറികടക്കുന്നതിനോ വഴിയൊരുക്കിയിട്ടുണ്ടാകാമെന്നാണ് യുഎസ് അധികൃതര്‍ കരുതുന്നത്. ഈ വിഷയം ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാകുമ്പോള്‍, ഇതിനകം പുറത്തുവന്ന വിവരങ്ങള്‍ ഒരു വലിയ മഞ്ഞുമലയുടെ ചെറിയൊരു ഭാഗം മാത്രമാണെന്ന് സൂചനയുണ്ട്.

മെഗാസ്പീഡ് എന്ന വിവാദസ്ഥാപനം

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'മെഗാസ്പീഡ് ഇന്‍റര്‍നാഷണല്‍' എന്ന ക്ലൗഡ് കമ്പ്യൂട്ടിങ് സ്ഥാപനത്തില്‍ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ആലീസില്‍ നിന്നാണ് ഈ കഥ തുടങ്ങുന്നത്. മെഗാസ്പീഡിന്‍റെ സ്ഥാപകരിലൊരാളാണ് ആലീസ് എന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. '7 റോഡ്' എന്ന ചൈനീസ് കമ്പനിയില്‍ നിന്നാണ് മെഗാസ്പീഡ് രൂപം കൊണ്ടതെന്ന് ആറുമാസം മുമ്പ് 'കള്‍പ്പര്‍ റിസര്‍ച്ച്' ആരോപിച്ചിരുന്നു. എന്‍വിഡിയ ചിപ്പുകള്‍ അലിബാബ ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനികള്‍ക്ക് എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപീകരിച്ചതെന്നാണ് ആരോപണം. ഈ സംരംഭത്തില്‍ ജെന്‍സണും ആലീസും തമ്മിലുള്ള ബന്ധം നിര്‍ണായകമായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെ ഒരു 'പ്രണയബന്ധം' എന്ന് നേരിട്ട് വിശേഷിപ്പിക്കാന്‍ 'കള്‍പ്പര്‍ റിസര്‍ച്ച്' തയാറായില്ലെങ്കിലും, റിപ്പോര്‍ട്ടില്‍ ജെന്‍സണും ആലീസും തമ്മിലുള്ള ബന്ധം 'അസ്വസ്ഥതയുണ്ടാക്കുന്ന വിധം അടുത്തുനില്‍ക്കുന്ന ഒന്നാണ്' എന്ന് അവര്‍ പരാമര്‍ശിച്ചിരുന്നു.

ജെന്‍സനെയും ആലീസിനെയും പലതവണ പൊതുസ്ഥലങ്ങളില്‍ ഒരുമിച്ച് ചിലര്‍ കണ്ടിട്ടുണ്ട്. 2024 ജൂണില്‍ തായ്‌പേയില്‍ നടന്ന ഒരു പാര്‍ട്ടിയിലാണ് ഇരുവരെയും ആദ്യമായി ഒരുമിച്ച് കണ്ടത്. 'ജെന്‍സനെ ഇവിടെ എത്തിക്കാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു' എന്ന് ആലീസ് അവിടെയുണ്ടായിരുന്നവരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. തൊട്ടുപിന്നാലെ, എന്‍വിഡിയ സിഇഒ അവിടെയെത്തി. പിറ്റേ വര്‍ഷം മേയ് മാസത്തില്‍ തായ്‌വനില്‍ നടന്ന ഒരു അത്താഴവിരുന്നിലാണ് അവര്‍ വീണ്ടും പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. ചൈനയിലേക്കുള്ള എഐ ചിപ്പുകളുടെ വ്യാപാരത്തിന് അമെരിക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഴ്ചകള്‍ക്ക് ശേഷമായിരുന്നു അത്. എന്നാല്‍ ആ കൂടിക്കാഴ്ച അല്‍പ്പം വ്യത്യസ്തമായിരുന്നു. എന്‍വിഡിയ മേധാവിക്കൊപ്പം കാണപ്പെടാന്‍ ആലീസ് ആഗ്രഹിച്ചില്ലെന്ന് തോന്നുന്നു. 'പുറത്ത് തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരെ കണ്ട ആലീസ്, പെട്ടെന്ന് അവിടെത്തന്നെ നിശ്ചലയായി നിന്നുപോയി,' എന്ന് കള്‍പ്പര്‍ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ കുറിച്ചു.

എന്‍വിഡിയയും മെഗാസ്പീഡും തമ്മിലുള്ള ഇടപാടുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ജെന്‍സണ്‍ ഇടയ്ക്കിടെ മെഗാസ്പീഡുമായി ബന്ധപ്പെട്ട ഡാറ്റാ സെന്‍ററുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും, ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും അവിടെ അലിബാബയുടെ പ്രതിനിധികള്‍ ഉണ്ടായിരുന്നതായും കള്‍പ്പര്‍ റിസര്‍ച്ച് റിപ്പോര്‍ട്ട് പറയുന്നു.

ഇത് എന്‍വിഡിയയിലെ പലരിലും, മെഗാസ്പീഡിന് ജെന്‍സനുമായി എന്തോ പ്രത്യേക ബന്ധമുണ്ടോ എന്ന സംശയം ജനിപ്പിച്ചു. തങ്ങളുടെ ചിപ്പുകള്‍ എത്തേണ്ടിടത്തല്ല എത്തിയിരിക്കുന്നതെന്ന് എന്‍വിഡിയയ്ക്ക് കൃത്യമായി അറിയാമായിരുന്നു,' എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു എന്‍വിഡിയ ജീവനക്കാരന്‍ പറഞ്ഞതായി കള്‍പ്പര്‍ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍വിഡിയ ചിപ്പുകള്‍ മെഗാസ്പീഡ് വഴി ചൈനയിലേക്ക് കടത്തുന്നുണ്ടോ ?

ആലീസിനും മെഗാസ്പീഡിനും ജെന്‍സണ്‍ ഹുവാങ്ങുമായി പ്രത്യേക ബന്ധമുണ്ടായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഇതിന് പിന്നില്‍ കൂടുതല്‍ ഗൗരവകരമായ കാര്യങ്ങളുണ്ട്. ചൈനീസ് കമ്പനികള്‍ക്ക് വേണ്ടി, അത്യാധുനിക എന്‍വിഡിയ ഹാര്‍ഡ്‌വെയറുകള്‍ സംഘടിപ്പിച്ചു നല്‍കുക എന്ന ചുമതല ആലീസ് ഹുവാങ്ങിന് ഉണ്ടായിരുന്നുവെന്നാണ് യുഎസ് ഇന്‍റലിജന്‍സ് വിശ്വസിക്കുന്നത്.

തെക്കുകിഴക്കന്‍ ഏഷ്യയില്‍ എന്‍വിഡിയയുടെ ഏറ്റവും വലിയ ചിപ്പ് വാങ്ങുന്ന സ്ഥാപനമാണ് മെഗാസ്പീഡ്. കമ്പനികളുടെ ഒരു ശൃംഖലയിലൂടെ അലിബാബയാണ് ഈ വാങ്ങലുകള്‍ക്ക് പണം നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. മെഗാസ്പീഡിന്‍റെ കണക്കുകള്‍ പ്രകാരം, 2023 അവസാനത്തില്‍ 32.9 ദശലക്ഷം ഡോളറായിരുന്ന അവരുടെ ആസ്തി, എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 3 ബില്യണ്‍ ഡോളറായി ആസ്തി ഉയര്‍ന്നു. ഇതിന് പ്രധാന കാരണം നിക്ഷേപങ്ങളായി ലഭിച്ച 2.9 ബില്യണ്‍ ഡോളറാണെന്നു പറയുന്നു. എന്നാല്‍ ഈ തുക എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമല്ല.

നിക്ഷേപങ്ങളായി ലഭിച്ച 2.9 ബില്യണ്‍ ഡോളറില്‍ ഭൂരിഭാഗവും, മലേഷ്യ ആസ്ഥാനമായുള്ള 'സ്പീഡ്മാട്രിക്സ്' ഉള്‍പ്പെടെയുള്ള ഉപകമ്പനികളില്‍ നിന്നുള്ള തുകയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2024 ജൂണില്‍, പ്രവര്‍ത്തനം തുടങ്ങുന്നതിന് രണ്ട് മാസം മുമ്പ്, സ്പീഡ്മാട്രിക്സ് തങ്ങളുടെ ഉപകരണങ്ങള്‍, ബൗദ്ധിക സ്വത്തവകാശം, ഇന്‍ഷുറന്‍സ് എന്നിവ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള 'അപെക്സ് എന്‍റര്‍പ്രൈസ് സൊല്യൂഷന്‍സി'ന് പണയപ്പെടുത്തി. കോര്‍പ്പറേറ്റ് രേഖകള്‍ പ്രകാരം, അപെക്സിന്‍റെ മാതൃകമ്പനി അലിബാബയാണ്. 2025 മാര്‍ച്ച് 31ലെ കണക്കനുസരിച്ച്, അപെക്സിന് 4.1 ബില്യണ്‍ ഡോളറിലധികം മുന്‍കൂര്‍ പണമായും മറ്റ് ലഭിക്കേണ്ട തുകകളായും ഉണ്ടായിരുന്നു. അതേസമയം, ബന്ധപ്പെട്ട കമ്പനികള്‍ക്ക് നല്‍കാനുള്ള വായ്പയായി ഏകദേശം 4.2 ബില്യണ്‍ ഡോളറും അവരുടെ കണക്കുകളിലുണ്ട്.

അലിബാബയാണ് അപെക്സിന് പണം നല്‍കിയതെന്നും, അതിലൂടെ അപെക്സ് വഴി മെഗാസ്പീഡും സ്പീഡ്മാട്രിക്സും എന്‍വിഡിയ സാങ്കേതികവിദ്യയിലുള്ള സെര്‍വറുകള്‍ വാങ്ങിയതാകാമെന്നും രേഖകള്‍ സൂചിപ്പിക്കുന്നതായി കള്‍പ്പര്‍ റിസര്‍ച്ച് പറയുന്നു.

ഇതുമായി ബന്ധപ്പെട്ട്, തായ്‌ലന്‍ഡ് ആസ്ഥാനമായുള്ള 'ഒബോണ്‍' എന്ന കമ്പനിയുമായും മെഗാസ്പീഡിന് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്‍വിഡിയ സാങ്കേതികവിദ്യയിലുള്ള, കുറഞ്ഞത് 2.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സെര്‍വറുകള്‍ ചൈനയിലേക്ക് കടത്തുന്നതിന് ഒബോണ്‍ സഹായിച്ചതായാണ് ആരോപണം.

എങ്കിലും എന്‍വിഡിയ 'മെഗാസ്പീഡ്' എന്ന കമ്പനിയെക്കുറിച്ച് പരിശോധന നടത്തിയിരുന്നു. ചൈനയ്ക്ക് പുറത്ത് ആസ്ഥാനം പ്രവര്‍ത്തിക്കുന്നതും, ചൈനീസ് ഓഹരിയുടമകളൊന്നും ഇല്ലാത്തതുമായ ഒരു കമ്പനിയാണ് മെഗാസ്പീഡ് എന്നും, അത് പൂര്‍ണമായും അവരുടെ ഉടമസ്ഥതയിലുള്ളതാണെന്നും എന്‍വിഡിയ അന്വേഷണത്തില്‍ കണ്ടെത്തി. ഏകദേശം 86,000 ജിപിയുകളെക്കുറിച്ച് പിന്നീട് നടത്തിയ പരിശോധനയില്‍, അവയെല്ലാം കൃത്യമായിരിക്കേണ്ട സ്ഥലങ്ങളില്‍ തന്നെ ഉണ്ടെന്ന് സ്ഥിരീകരിക്കാനായെന്നും കമ്പനി അറിയിച്ചു.

ഉപകമ്പനികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഈ സങ്കീര്‍ണമായ ശൃംഖല ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാമെങ്കിലും, ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ പുറത്തായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എന്‍വിഡിയ ഒരു ആന്തരിക തലത്തിലുള്ള അന്വേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്. അമെരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയും ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.