ലഷ്കർ ഇ തൊയ്ബ ഭീകരനേതാവ് ഹാഫിസ് സഈദിന്‍റെ മകൻ ഹാഫിസ് തൽഹ സഈദ്

 
World

ഇന്ത്യയ്ക്കെതിരേ ജിഹാദ് ആഹ്വാനവുമായി ഹാഫിസ് സഈദിന്‍റെ മകൻ: പിന്നിൽ അസിം മുനീർ

അസിം മുനീറാണ് പാക്കിസ്ഥാനിൽ ‘വിശ്വാസവും ജിഹാദും’ വീണ്ടും ഉണർത്തിയതെന്ന തൽഹയുടെ വാക്കുകൾ മുനീറിന്‍റെ ഇരട്ടമുഖം എത്ര ഭീകരമാണെന്നു വ്യക്തമാക്കുന്നതാണ്

Reena Varghese

ഇന്ത്യയ്ക്കെതിരേ ജിഹാദ് ആഹ്വാനവുമായി ലഷ്കർ ഇ തൊയ്ബ ഭീകരനേതാവ് ഹാഫിസ് സഈദിന്‍റെ മകൻ ഹാഫിസ് തൽഹ സഈദ് രംഗത്ത്. പാക്കിസ്ഥാനിലെ ഷെയ്ഖ് പുരയിൽ നടന്ന പൊതുപരിപാടിയിലായിരുന്നു ഡൽഹിയിലെ ഇന്ത്യൻ ഭരണാധികാരികൾക്കെതിരേ രൂക്ഷ ജിഹാദ് പ്രഖ്യാപനവുമായി തൽഹ സഈദ് രംഗത്തെത്തിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അഞ്ഞൂറു വർഷത്തോളം തുടർന്ന മുസ്ലിം ഭരണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉയർത്തിക്കാട്ടിയാണ് ജിഹാദ് പ്രഖ്യാപനം നടത്തിയത്.

ജീവനും ആയുസും ഉള്ള കാലത്തോളം ഇന്ത്യയ്ക്കെതിരേ ജിഹാദ് നയിക്കാൻ താനും കൂട്ടാളികളും പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും അത് നിർബാധം തുടരുമെന്നും തൽഹ ഭീഷണി മുഴക്കി.പ്രവാചക നാമത്തിൽ ജിഹാദിനായി ശപഥം ചെയ്തവരാണ് തങ്ങളെന്നും അതിനായി എത്ര വലിയ ത്യാഗവും സഹിക്കാൻ മടിക്കില്ലെന്നും അയാൾ കൂട്ടിച്ചേർത്തു. പാക്കിസ്ഥാൻ സൈനിക മേധാവിയും ഫീൽഡ് മാർഷലുമായ അസിം മുനീറിനെ പരസ്യമായി പുകഴ്ത്തിയ തൽഹ സഈദ് വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ ഒരു ഫീൽഡ് മാർഷലിനെ സൈനിക മേധാവിയായി ലഭിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നതായും പ്രസംഗിച്ചു.

അസിം മുനീറാണ് പാക്കിസ്ഥാനിൽ ‘വിശ്വാസവും ജിഹാദും’ വീണ്ടും ഉണർത്തിയതെന്ന തൽഹയുടെ വാക്കുകൾ മുനീറിന്‍റെ ഇരട്ടമുഖം എത്ര ഭീകരമാണെന്നു വ്യക്തമാക്കുന്നതാണ്. ഡൽഹി കേന്ദ്രീകരിച്ച് ഭരണം നടത്തുന്ന ഇന്ത്യൻ ഭരണാധികാരികൾക്ക് എന്ത് അടിസ്ഥാനത്തിലാണ് പാക്കിസ്ഥാനോട് സംസാരിക്കാൻ അവകാശമുള്ളതെന്ന് ചോദ്യം ഉന്നയിച്ച തൽഹ, ഡൽഹിയും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളും ചരിത്രപരമായി ആരുടെ അധീനതയിലായിരുന്നുവെന്ന് ശത്രുക്കൾ മറന്നുപോയെന്നും ആരോപിച്ചു. താൻ സംസാരിക്കുന്നത് യാഥാർഥ്യത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും തൽഹ ന്യായീകരിച്ചു.

ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ റിക്രൂട്ട്‌മെന്‍റ്, ഫണ്ട് ശേഖരണം, പ്രചാരണം എന്നിവയ്ക്ക് പിന്നിൽ സജീവമായി പ്രവർത്തിച്ചതിന് ഇന്ത്യയും അമേരിക്കയും അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള കുപ്രസിദ്ധനാണ് തൽഹ. അസിം മുനീറാകട്ടെ ഇപ്പോൾ സമാധാന ദൂതന്‍റെ വേഷത്തിൽ ലോകശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമത്തിലും. ഈ സാഹചര്യത്തിൽ പാക്കിസ്ഥാൻ സൈനിക നേതൃത്വത്തെയും സൈനിക മേധാവിയെയും പരസ്യമായി പിന്തുണച്ചുകൊണ്ട് ഭീകരവാദികൾ നടത്തുന്ന ഇത്തരം പ്രസംഗങ്ങൾ, പാക് ഭരണകൂടത്തിനും സൈന്യത്തിനും ഭീകരസംഘടനകളുമായുള്ള ആഴത്തിലുള്ള ബന്ധം പുറത്തു കൊണ്ടു വരുന്നതാണ്. ഭീകരവാദത്തിന്‍റെ ഈറ്റില്ലമാണ് പാക്കിസ്ഥാനെന്ന ഇന്ത്യയുടെ വാദം ശരി വയ്ക്കുന്നതാണ് ഈ പുതിയ വിദ്വേഷ പ്രസംഗം.

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

''പേടിച്ചുപോയെന്ന് ആരും കരുതേണ്ട, ഒരു തെറ്റും ചെയ്തിട്ടില്ല''; ഇഡി നടപടിയിൽ പ്രതികരണവുമായി മുഹമ്മദ് റിയാസ്

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

ഏഷ‍്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് വമ്പൻ തുക പാരിതോഷികം പ്രഖ‍്യാപിച്ച് കായിക മന്ത്രി

''യഥാർഥ പ്രതി പിണറായി വിജയൻ''; മാസപ്പടി കേസ് സിബിഐ അന്വേഷിക്കണമെന്ന് മാത‍്യു കുഴൽനാടൻ