രണ്ടാം യാൽറ്റയോ ഷെൻഷെൻ ഉച്ചകോടി?
ലോകം ഏറെ ശ്രദ്ധാപൂർവം ഉറ്റു നോക്കിയ ഒന്നാണ് ഷെൻഷെൻ ഉച്ചകോടി. ആണവ നിർവ്യാപനം ഉൾപ്പടെ സുപ്രധാന ചർച്ചകൾക്കാണ് യുഎസ്-ചൈന-റഷ്യ നേതാക്കൾ ചൈനയുടെ മണ്ണിൽ ഒത്തു കൂടിയത്. ഇതാദ്യമായാണ് ഈ മൂന്നു ലോകനേതാക്കൾ ഒത്തു കൂടുന്നതെന്ന പ്രത്യേകതയുമുണ്ട്.
റഷ്യയുടെ ലക്ഷ്യങ്ങൾ :
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുക മാത്രമല്ല റഷ്യയുടെ ലക്ഷ്യം. യൂറോപ്പിന്റെ സുരക്ഷാ ഘടനയിൽ മാറ്റം വരുത്തി ലോകത്തെ സ്വാധീന മേഖലകളായി വിഭജിക്കുന്ന പുതിയൊരു അധികാര ക്രമത്തിനാണ് പുടിൻ ശ്രമിക്കുന്നത്. ട്രംപും ഷിയും പങ്കെടുത്ത ഷെൻഷെൻ കൂടിക്കാഴ്ച റഷ്യയ്ക്ക് നയതന്ത്ര അംഗീകാരം നൽകുകയും ചെയ്തു. എന്നാൽ ഇറാൻ-യുക്രെയ്ൻ യുദ്ധങ്ങളുടെ ഭാവിയെ കുറിച്ച് നിർണായക തീരുമാനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
പുടിന്റെ നേട്ടങ്ങൾ: അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കുകയും പാശ്ചാത്യ രാജ്യങ്ങളുടെ പല നയതന്ത്ര വേദികളിൽ നിന്നും അകറ്റി നിർത്തപ്പെടുകയും ചെയ്തിട്ടും ആഗോള രാഷ്ട്രീയത്തിലെ നിർണായക ചർച്ചകളുടെ കേന്ദ്ര സ്ഥാനത്ത് തിരിച്ചെത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് സാധിച്ചു. തെക്കൻ ചൈനയിലെ ഷെൻഷെനിൽ നടന്ന കൂടിക്കാഴ്ച അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. സാങ്കേതിക വിദ്യയുടെയും നവീകരണത്തിന്റെയും ആഗോള കേന്ദ്രമായ ഷെൻഷെൻ 33ാം ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിക്ക് വേദിയായി. ഇതിന്റെ ഭാഗമായാണ് യുഎസ്-ചൈന-റഷ്യ രാജ്യത്തലവന്മാർ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ 90 മിനിറ്റ് നീണ്ട ത്രികക്ഷി കൂടിക്കാഴ്ച നടത്തിയത്. ലോകത്തിലെ ഏറ്റവും ശക്തരായ മൂന്ന് രാജ്യങ്ങളുടെ നേതാക്കൾ ഒരുമിച്ചെത്തിയ ഈ കൂടിക്കാഴ്ചയിലൂടെ തന്റെ ഭൗമരാഷ്ട്രീയ കാഴ്ചപ്പാടിനും ആഗോള ക്രമത്തെക്കുറിച്ചുള്ള നിലപാടുകൾക്കും അംഗീകാരം നേടിയെടുക്കുകയായിരുന്നു പുടിന്റെ പ്രധാന ലക്ഷ്യം. റഷ്യയെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ ശ്രമങ്ങൾക്കിടയിലും അമേരിക്കയുടെയും ചൈനയുടെയും തുല്യനിലയിലുള്ള ചർച്ചാപങ്കാളിയായി സ്വയം അവതരിപ്പിക്കാൻ കഴിഞ്ഞത് തന്നെ മോസ്കോയുടെ നയതന്ത്ര നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
രണ്ടാം യാൽറ്റ സമ്മേളനമോ?
ഈ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഒരു പുതിയ ലോകക്രമം രൂപപ്പെടുകയാണോ എന്നതാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ നടന്ന യാൽറ്റ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷകർ ഷെൻഷെൻ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.
എന്താണ് യാൽറ്റ ഉച്ചകോടി?
1945ൽ അമെരിക്കൻ പ്രസിഡന്റായിരുന്ന ഫ്ലാങ്ക്ളിൻ ഡി.റൂസ് വെൽറ്റ്, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ, സോവിയറ്റ് യൂണിയൻ നേതാവായിരുന്ന ജോസഫ് സ്റ്റാലിൻ എന്നിവർ യാൽറ്റയിൽ ഒത്തുചേർന്നത് യുദ്ധാനന്തര യൂറോപ്പിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കാനായിരുന്നു. എന്നാൽ, ഭാവി നിർണയിക്കപ്പെട്ട പല രാജ്യങ്ങൾക്കും ആ ചർച്ചകളിൽ നേരിട്ട് പങ്കാളിത്തമുണ്ടായിരുന്നില്ല.
ജർമ്മനിയുടെ വിഭജനം: ജർമ്മനിയെയും ബെർലിനെയും നാല് അധിനിവേശ മേഖലകളായി വിഭജിക്കും. ഇവ യഥാക്രമം അമേരിക്ക, സോവിയറ്റ് യൂണിയൻ (USSR), ബ്രിട്ടൻ, ഫ്രാൻസ് എന്നിവയുടെ നിയന്ത്രണത്തിലായിരിക്കും.
യുദ്ധക്കുറ്റവാളികളും നാസി സ്വാധീനവും: പ്രധാനപ്പെട്ട നാസി യുദ്ധക്കുറ്റവാളികളെ കണ്ടെത്തി വിചാരണ ചെയ്യും. ജർമ്മനിയുടെ സൈനിക വ്യവസായവും നാസി സ്വാധീനവും പൂർണ്ണമായും ഇല്ലാതാക്കും.
നഷ്ടപരിഹാരം: യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് ജർമ്മനി നഷ്ടപരിഹാരം നൽകണം. സോവിയറ്റ് യൂണിയനുണ്ടായ കനത്ത നഷ്ടങ്ങൾ നികത്തുന്നതിനായി, ഈ നഷ്ടപരിഹാരത്തുകയുടെ വലിയൊരു വിഹിതം അവർക്ക് ലഭിക്കും.
കിഴക്കൻ യൂറോപ്പും സ്വതന്ത്ര തിരഞ്ഞെടുപ്പുകളും: 'ലിബറേറ്റഡ് യൂറോപ്പ്' (മോചിപ്പിക്കപ്പെട്ട യൂറോപ്പ്) സംബന്ധിച്ച പ്രഖ്യാപനത്തിലൂടെ, നാസി ഭരണത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട രാജ്യങ്ങൾക്ക് സ്വന്തം സർക്കാരുകളെ തിരഞ്ഞെടുക്കാൻ സ്വതന്ത്രവും ജനാധിപത്യപരവുമായ തിരഞ്ഞെടുപ്പുകൾ നടത്താമെന്ന് നേതാക്കൾ സമ്മതിച്ചു. അതേസമയം, കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് യൂണിയന് ഒരു 'സ്വാധീന മേഖല' (sphere of influence) ഉണ്ടെന്ന വസ്തുതയും അംഗീകരിക്കപ്പെട്ടു.
പോളണ്ട്: പോളണ്ടിന്റെ അതിർത്തികൾ പടിഞ്ഞാറോട്ട് മാറ്റി നിശ്ചയിച്ചു. സോവിയറ്റ് പ്രദേശങ്ങൾ പടിഞ്ഞാറോട്ട് നീക്കുകയും, മുൻപ് ജർമ്മനിയുടെ ഭാഗമായിരുന്ന പ്രദേശങ്ങൾ പോളണ്ടിന് നൽകുകയും ചെയ്തു. കൂടാതെ, കമ്മ്യൂണിസ്റ്റ് അല്ലാത്തവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വിപുലമായ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും, സ്വതന്ത്ര തിരഞ്ഞെടുപ്പുകൾ നടത്തുമെന്നും ഉറപ്പുനൽകി.
ഐക്യരാഷ്ട്രസഭ: 'ലീഗ് ഒഫ് നേഷൻസി'ന് (League of Nations) പകരമായി, അന്താരാഷ്ട്ര സമാധാനം നിലനിർത്തുന്നതിനായി 'ഐക്യരാഷ്ട്രസഭ' (United Nations) എന്ന പുതിയൊരു അന്താരാഷ്ട്ര സംഘടന രൂപീകരിക്കാൻ തീരുമാനമെടുത്തു.
ജപ്പാനെതിരായ യുദ്ധം: കിഴക്കൻ ഏഷ്യയിൽ ചില പ്രദേശങ്ങൾ ലഭിക്കുമെന്ന വ്യവസ്ഥയിൽ, ജർമ്മനിയെ പരാജയപ്പെടുത്തിയ ശേഷം ജപ്പാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ സ്റ്റാലിൻ സമ്മതിച്ചു.
ഇതേ മാതൃകയിൽ ലോകത്തെ സ്വാധീന മേഖലകളായി വിഭജിക്കാനുള്ള ശ്രമമാണോ ഷെൻഷെനിൽ നടക്കുന്നതെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. ലോകത്തിലെ ഏറ്റവും ശക്തരായ മൂന്ന് രാജ്യങ്ങളുടെ നേതാക്കൾ ഒരുമിച്ചെത്തിയ ഈ കൂടിക്കാഴ്ചയിലൂടെ തന്റെ ഭൗമരാഷ്ട്രീയ കാഴ്ചപ്പാടിനും ആഗോള ക്രമത്തെക്കുറിച്ചുള്ള നിലപാടുകൾക്കും അംഗീകാരം നേടിയെടുക്കുകയായിരുന്നു പുടിന്റെ പ്രധാന ലക്ഷ്യം. റഷ്യയെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ ശ്രമങ്ങൾക്കിടയിലും അമേരിക്കയുടെയും ചൈനയുടെയും തുല്യനിലയിലുള്ള ചർച്ചാപങ്കാളിയായി സ്വയം അവതരിപ്പിക്കാൻ കഴിഞ്ഞത് തന്നെ മോസ്കോയുടെ നയതന്ത്ര നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ശീതയുദ്ധകാലത്ത് നിലനിന്നിരുന്നതുപോലെ യൂറോപ്യൻ സുരക്ഷയെക്കുറിച്ചുള്ള നിർണായക തീരുമാനങ്ങൾ വാഷിംഗ്ടണും മോസ്കോയും നേരിട്ട് കൈക്കൊള്ളുന്ന സാഹചര്യം പുനഃസ്ഥാപിക്കുകയാണ് പുടിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തേക്കാൾ വൻശക്തികളുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു ലോകക്രമമാണ് റഷ്യൻ പ്രസിഡന്റ് വിഭാവനം ചെയ്യുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
സെലൻസ്കിയുടെ ആശങ്കകൾ
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഈ ആശങ്ക പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഉക്രെയ്ന്റെ പങ്കാളിത്തമില്ലാതെ രാജ്യത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള ഏത് ശ്രമത്തെയും അദ്ദേഹം എതിർത്തു.
"റഷ്യ ഞങ്ങളെ വിഭജിക്കുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല," എന്നായിരുന്നു സെലെൻസ്കിയുടെ മുന്നറിയിപ്പ്.
യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ യുക്രെയ്നെ തന്നെ ഒഴിവാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നതാണ് കീവിന്റെ നിലപാട്. എന്നാൽ, റിപ്പോർട്ടുകൾ പ്രകാരം, ചർച്ചകളുടെ ആദ്യഘട്ടത്തിൽ യുക്രെയ്ൻ പ്രധാന വിഷയമായി പോലും പരിഗണിക്കപ്പെട്ടിരുന്നില്ല.
മോസ്കോയുടെ നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങളോ?
യാൽറ്റാ സമ്മേളനത്തിന്റെ മാതൃക പുനഃസൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണം ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തള്ളിക്കളഞ്ഞു. ഇത്തരം വാദങ്ങളെ രാഷ്ട്രീയ നിരീക്ഷകരുടെ സങ്കൽപങ്ങളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാൽ, മോസ്കോയുടെ നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.