നതാലിയ ഗഡെൽഹ ഫിൽഗ്വേറസ്
വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡയിൽ സ്വകാര്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ച 20കാരിയായ കോ-പൈലറ്റ് നതാലിയ ഗഡെൽഹ ഫിൽഗ്വേറസ് മികച്ച പരിചയസമ്പത്തുള്ള വൈമാനിക ആയിരുന്നുവെന്ന് റിപ്പോർട്ട്. 17-ാം വയസിൽ തന്നെ പൈലറ്റ് ലൈസൻസ് ലഭിച്ച നതാലിയയ്ക്ക് 1300 മണിക്കൂർ വിമാനം പറത്തിയുള്ള പരിചയമുണ്ടായിരുന്നു.
ടെക്സസിലെ ഓസ്റ്റിനിൽ നിന്ന് ബഹാമസിലേക്ക് പോവുകയായിരുന്ന ലിയർജെറ്റ് 60 വിമാനമാണ് ഞായറാഴ്ച സൗത്ത് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിന് സമീപം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ഒൻപത് പേരും മരിച്ചു. അപകടത്തിന് തൊട്ടുമുൻപ് വിമാനത്തിൽ മഞ്ഞ് അടിഞ്ഞുകൂടുന്നതായും ശക്തമായ പ്രക്ഷുബ്ധാവസ്ഥ അനുഭവപ്പെടുന്നതായും നതാലിയ എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു. തുടർന്ന് വിമാനം അതിവേഗത്തിൽ താഴേക്ക് പതിക്കുകയാണെന്നും സഹായം വേണമെന്നും അറിയിച്ച് അവർ മെയ്ഡേ സന്ദേശം നൽകി.
വിമാനം മിനിറ്റിൽ 10,000 അടി വേഗത്തിൽ താഴേക്ക് പതിക്കുകയാണെന്നും പിന്നീട് വേഗം മിനിറ്റിൽ 20,000 അടിയായെന്നും അവർ അറിയിച്ചതായി എയർ ട്രാഫിക് കൺട്രോൾ രേഖകളിൽ വ്യക്തമാകുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായും നിലത്തിടിക്കുമെന്ന് ഭയപ്പെടുന്നതായും അവർ അവസാന സന്ദേശങ്ങളിൽ അറിയിച്ചു.
17-ാം വയസിൽ പൈലറ്റ് ലൈസൻസ്
വെസ്റ്റ് ബോക റാറ്റൺ കമ്മ്യൂണിറ്റി ഹൈസ്കൂളിൽ വിദ്യാർഥിനിയായിരിക്കെയാണ് 2023ൽ നതാലിയക്ക് 17-ാം വയസിൽ സ്വകാര്യ പൈലറ്റ് ലൈസൻസ് ലഭിച്ചത്. ഹൈസ്കൂളിലെ പ്രത്യേക ഏവിയേഷൻ അക്കാദമിയുടെ ഭാഗമായാണ് പരിശീലനം നേടിയത്. പാം ബീച്ച് കൗണ്ടി സ്കൂൾ ഡിസ്ട്രിക്ടാണ് ലൈസൻസ് നേടുന്നതിനുള്ള ചെലവ് വഹിച്ചത്.
2020ലാണ് നതാലിയ വിമാനപരിശീലനം ആരംഭിച്ചത്. പൈലറ്റായിരുന്ന പിതാവും പരിശീലനത്തിൽ സഹായിച്ചിരുന്നു. 1,300 മണിക്കൂർ വിമാനപരിചയമുണ്ടായിരുന്ന നതാലിയ ഒൻപത് മാസമായി കൊമേഴ്സ്യൽ പൈലറ്റായി ജോലി ചെയ്തുവരികയായിരുന്നുവെന്ന് മാതാവ് കാമില ഗഡെൽഹ കോർട്ടെലി പറഞ്ഞു.
ഒൻപത് പേരുടെ മരണം
അപകടത്തിൽ ടെക് സംരംഭകനായ ആദം റോബിൻസൺ, ഭാര്യ ഹെലൻ ഷാർപ്പ്, ഇവരുടെ നാലും രണ്ടും വയസുള്ള മക്കളായ എമ്മ, ചാർലി എന്നിവരും മരിച്ചു. കുട്ടികളെ പരിചരിച്ചിരുന്ന അനിത മരിയ സെറ്റിനയും മറ്റ് യാത്രക്കാരായ റേച്ചൽ റീഡ്, ചാർമി ഫെർ എന്നിവരും കൊല്ലപ്പെട്ടു. മറ്റൊരു പൈലറ്റിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അപകടത്തിന് മുൻപ് വിമാനം 35,000 അടി ഉയരത്തിൽ സഞ്ചരിക്കുകയായിരുന്നു. വിമാനത്തിന്റെ ഭാഗങ്ങൾ നിലത്തിടിക്കുന്നതിന് മുൻപുതന്നെ വേർപെട്ടിരിക്കാമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അറിയിച്ചു. അപകടകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.