സമാധാന നൊബേൽ നവനീതം നവി പിള്ളയ്ക്ക്
ജനീവ: 2026 ലെ സമാധാനത്തിനുള്ള നൊബേൽ നവനീതം നവി പിള്ളയ്ക്ക്. മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം ലഭിച്ചത്.
2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ച ഒരു ദക്ഷിണാഫ്രിക്കൻ നിയമജ്ഞയാണ് നവി പിള്ള. ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിലെ ആദ്യത്തെ വെള്ളക്കാരല്ലാത്ത വനിതാ ജഡ്ജിയായിരുന്നു. കൂടാതെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ജഡ്ജിയായും, റുവാണ്ടക്കായുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രിബ്യൂണലിന്‍റെ പ്രസിഡന്‍റായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
ബലാത്സംഗവും വംശഹത്യയുടെ ഭാഗമാണെന്ന സുപ്രധാന വിധി പുറപ്പെടുവിക്കുന്നതില്‍ നവനീതം നവി പിള്ള സുപ്രധാന പങ്കു വഹിച്ചു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെഅപ്പീല്‍ ചേംബറില്‍ ജഡ്ജിയായും (2003-2008) സേവനമനുഷ്ഠിച്ചിട്ടുണ്ട്. പലസ്തീനിലെ യുഎന്‍ സ്വതന്ത്ര കമ്മീഷന്‍ അധ്യക്ഷയായും പ്രവര്‍ത്തിച്ചു.
1941 ല്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് നവനീതം നവി പിള്ളയുടെ ജനനം. നവി പിള്ളയുടെ മുത്തശ്ശന്‍ തമിഴ്‌നാട് സ്വദേശിയാണ്. പൂർവീകർ 1890-കളിൽ കരിമ്പ് തോട്ടങ്ങളിലെ കരാർ തൊഴിലാളികളായാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. നവി പിള്ളയുടെ അച്ഛൻ ബസ് ഡ്രൈവറായിരുന്നു.
പെൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്, പെൺമക്കൾക്കും ആൺകുട്ടികൾക്കൊപ്പം തുല്യവിദ്യാഭ്യാസം നൽകണമെന്ന് അവരുടെ മാതാപിതാക്കൾ നിർബന്ധം പിടിച്ചു. നവി പിള്ള നെറ്റാല്‍ സര്‍വകലാശാലയില്‍ നിന്ന് ബിഎ, എല്‍എല്‍ബി ബിരുദങ്ങള്‍ നേടി. എല്‍എല്‍എം ബിരുദവും നിയമത്തില്‍ ഡോക്റ്ററേറ്റും നേടിയിട്ടുണ്ട്. 'റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്' ആരംഭിച്ച ഇൻഫർമേഷൻ ആൻഡ് ഡെമോക്രസി കമ്മീഷനിലെ പ്രധാന അംഗങ്ങളിൽ ഒരാൾകൂടിയാണ് നവനീതം പിള്ള.