നടപടിക്കു പിന്നിൽ കണ്ടിന്യൂവസ് വെറ്റിങ് സംവിധാനം- സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് ടോമി പിഗോട്ട്

 
World

രണ്ടര ലക്ഷത്തിലധികം വിസകൾ റദ്ദാക്കി യുഎസ്

ഇത്രയും കടുത്ത കുടിയേറ്റ നിയന്ത്രണം ചരിത്രത്തിൽ ആദ്യം, നടപടിക്കു പിന്നിൽ കണ്ടിന്യൂവസ് വെറ്റിങ് സംവിധാനം

Reena Varghese

വാഷിങ്ടൺ: ഇന്ത്യക്കാർ ഉൾപ്പടെയുള്ളവരെ പ്രതിസന്ധിയിലാക്കി കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളുമായി യുഎസ് ഭരണകൂടം. ഇതുവരെ രണ്ടര ലക്ഷത്തിലധികം വിസകൾ റദ്ദാക്കിയതായാണ് റിപ്പോർട്ടുകൾ. അമെരിക്കയുടെ ചരിത്രത്തിലെ തന്നെ കടുത്ത കുടിയേറ്റ നിയന്ത്രണ നടപടികളായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വിസ അനുവദിച്ചതിനു ശേഷം വിദേശ പൗരന്മാരുടെ നീക്കങ്ങളും നിയമ വിധേയത്വവും നിരന്തരം പരിശോധിക്കുന്ന കണ്ടിന്യൂവസ് വെറ്റിങ് സംവിധാനമാണ് ഈ വിപുലമായ നടപടിക്കു പിന്നിൽ പ്രവർത്തിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.

ഓരോ വിസ തീരുമാനവും രാജ്യസുരക്ഷയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്നും അമെരിക്കൻ ജനതയെ സംരക്ഷിക്കുന്നതിനായി ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരേ വിട്ടു വീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെർത്ത് ടൂറിസത്തിനും കൂച്ചു വിലങ്ങ്

ക്രിമിനല്‍ കുറ്റകൃത്യങ്ങളിലും നിയമലംഘനങ്ങളിലും ഉള്‍പ്പെട്ടവരുടെ വിസകളാണ് ഭൂരിഭാഗവും റദ്ദാക്കിയത്. ആക്രമണങ്ങള്‍, മദ്യപിച്ചുള്ള വാഹനം ഓടിക്കല്‍, മോഷണം, ലഹരിമരുന്ന് കേസുകള്‍, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും നിയമപാലകരുമായി നിയമവ്യവഹാരങ്ങളില്‍ അകപ്പെടുകയും ചെയ്ത നിരവധി വിദേശികളുടെ വിസകളും റദ്ദാക്കിയിട്ടുണ്ട്.

ബെർത്ത് ടൂറിസത്തിനും കൂച്ചു വിലങ്ങ്

അമെരിക്കയിൽ വൻ തോതിലാണ് ബെർത്ത് ടൂറിസം വ്യാപിച്ചിരുന്നത്. യുഎസ് പൗരത്വം മാത്രം ലക്ഷ്യമിട്ട് യുഎസിലേ്ക്കു വരുന്ന ഗർഭിണികൾ ഇവിടെ പ്രവേശിച്ച് പ്രസവിക്കുന്നതിനെയാണ് ബെർത്ത് ടൂറിസം എന്നു വിശേഷിപ്പിക്കുന്നത്. ഈ വിഭാഗത്തിൽ മാത്രം 2300 ഓളം വിസകളാണ് ഇതിനകം റദ്ദാക്കിയത്. ഇത്തരം വിസ റദ്ദാക്കലുകൾക്കു പുറമേ എച്ച്-1ബി വിസ ഉടമകൾക്കും ഇബി-2 പോലുള്ള ഗ്രീൻ കാർഡ് വിഭാഗങ്ങളിൽ പെടുന്ന ഇന്ത്യൻ അപേക്ഷകർക്കും ബാധകമായ പുതിയ കുടിയേറ്റ പരിശോധനകളും വാർഷിക പരിധികളും നിലവിലുണ്ട്.