ആണവ വിഷയത്തിൽ ഒരു വിട്ടു വീഴ്ചയുമില്ലെന്ന് ഇറാൻ

 
World

ആണവ വിഷയത്തിൽ ഒരു വിട്ടു വീഴ്ചയുമില്ലെന്ന് ഇറാൻ

ആഗോള എണ്ണ വിതരണത്തിലെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ യുഎസ്-ഇറാന്‍ ചര്‍ച്ചകളിലെ പ്രധാന വിഷയമാണ്

Reena Varghese

ടെഹ്റാൻ: ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാൻ മുന്നോട്ടു വച്ച നിർദേശം അമെരിക്ക അംഗീകരിച്ചാലും ആണവ പദ്ധതികളിൽ യാതൊരു വിട്ടു വീഴ്ചയ്ക്കും തയാറല്ലെന്ന് ഇറാൻ. വെള്ളിയാഴ്ച റോയിട്ടേഴ്സിനു നൽകിയ അഭിമുഖത്തിലാണ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ നിലപാടു വ്യക്തമാക്കിയത്. അമെരിക്ക ഇറാന്‍റെ എല്ലാ നിബന്ധനകളും അംഗീകരിക്കുന്നതു വരെ തന്ത്രപ്രധാനമായ കടലിടുക്ക് അടഞ്ഞു തന്നെ തുടരുമെന്നും ഇയാൾ വ്യക്തമാക്കി.

യുറേനിയം സമ്പുഷ്ടീകരണവും ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയറല്ലെന്നാണ് ഇറാന്‍റെ നിലപാട്. ആണവായുധം വികസിപ്പിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതായി അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഏറെക്കാലമായി ആരോപിക്കുന്നുണ്ട്. എന്നാല്‍ ആണവായുധം സ്വന്തമാക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് ഇറാന്‍റെ വാദം.

2025 ജൂണില്‍ ഇസ്രയേലും അമേരിക്കയും ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുമ്പോള്‍ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച 440.9 കിലോഗ്രാം യുറേനിയം ഇറാന്‍റെ കൈവശമുണ്ടായിരുന്നുവെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ കണക്ക്. ഇതില്‍ എത്രത്തോളം ഇപ്പോഴും അവശേഷിക്കുന്നുവെന്നത് വ്യക്തമല്ല.

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദേശത്തില്‍ നിരവധി നിബന്ധനകളുണ്ട്. ഏഴ് ദിവസത്തിനകം ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലെയും,സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക, ഇറാന്‍റെ തുറമുഖങ്ങള്‍ക്കെതിരായ യുഎസ് നാവിക ഉപരോധം പിന്‍വലിക്കുക, മരവിപ്പിച്ച ഇറാന്‍ ഫണ്ടുകള്‍ വിട്ടുനല്‍കുക, എണ്ണ ഉപരോധം ഒഴിവാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് വ്യാഴാഴ്ച നിര്‍ദേശം അവതരിപ്പിച്ചത്.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് നിര്‍ദേശം. ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി സായുധസംഘം സൗദി അറേബ്യക്കെതിരെ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ ശക്തമായി. ആഗോള എണ്ണ വിതരണത്തിലെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ യുഎസ്-ഇറാന്‍ ചര്‍ച്ചകളിലെ പ്രധാന വിഷയമാണ്.

വ്യാഴാഴ്ച യുഎൻ ജനറൽ അസംബ്ലിക്കിടെ മാധ്യമപ്രവർത്തകരുമായി സംസാരിച്ച ഇറാനിയൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ നവംബർ മൂന്നിനു നടക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിനു മുമ്പ് വാഷിങ്ടണുമായി സംഘർഷം അവസാനിപ്പിക്കാനുള്ള ധാരണയിൽ എത്താനാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നു പറഞ്ഞിരുന്നു. എന്നാൽ അമെരിക്ക തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ച ശേഷം മാത്രമേ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾക്ക് ഇറാൻ തയാറാകൂ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

"ബിജെപി സ്ഥാനാർഥിയാകാൻ ജ്ഞാനേഷ് കുമാർ നിർബന്ധിച്ചു"; വെളിപ്പെടുത്തലുമായി ജിജി തോംസൺ

എസ്ഐആർ: എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഏഷ്യൻ ഗെയിംസിൽ രണ്ടാം വെള്ളിയുമായി കോഴിക്കോട്ടുകാരി

'ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ ഉപയോഗിക്കും'

വൃദ്ധസദനത്തിൽ രോഗങ്ങളോട് മല്ലിട്ട് മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി|Video