വധശിക്ഷയ്ക്കിരയായ സംഗീതജ്ഞനും പർവതാരോഹകനുമായ അലി സീന മൊസ്തഫാവി-കുറ്റം- "ദൈവത്തിനെതിരേ യുദ്ധം ചെയ്തു'
നാടു കടത്തപ്പെട്ട റെസ പഹ് ലവിയെ പിന്തുണച്ചതിനും ഇസ്രേലുമായി ബന്ധം നിലനിർത്തിയെന്നും ആറാഴ്ച നീണ്ട യുഎസ്-ഇസ്രയേൽ -ഇറാൻ യുദ്ധത്തിൽ ഇറാനിലെ ഭരണകൂടത്തിനെതിരേ സായുധ ആക്രമണം നടത്തിയെന്നും ആരോപിച്ച് ബുധനാഴ്ച ഇറാനിലെ അറിയപ്പെടുന്ന കായികതാരവും സംഗീതജ്ഞനുമായ 38 വയസുള്ള അലി സീന മൊസ്തഫാവിയെ വധശിക്ഷയ്ക്കു വിധേയനാക്കി ഇറാൻ ഭരണകൂടം. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരേ പ്രതിഷേധിച്ച ഓരോരുത്തരെയും തെരഞ്ഞു പിടിച്ചു വധശിക്ഷയ്ക്കിരയാക്കുകയാണ് ഇപ്പോൾ കണ്ണിച്ചോരയില്ലാത്ത ഇറാനിയൻ ഭരണകൂടം.
ജനുവരിയിലെ പ്രതിഷേധങ്ങൾ, പ്രതിപക്ഷ പ്രവർത്തനങ്ങൾ, യുദ്ധവുമായി ബന്ധപ്പെട്ട സുരക്ഷാ കുറ്റകൃത്യങ്ങൾ എന്നിവയിൽ പങ്കാളികളാണെന്ന് ആരോപിക്കപ്പെടുന്ന ആളുകൾക്കെതിരെ വധശിക്ഷ പ്രയോഗിക്കുന്നതിൽ കുത്തനെ വർദ്ധനവുണ്ടായതിനെ തുടർന്നാണ് വധശിക്ഷ. ജനുവരിയിലെ കലാപവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 30 നും ഒക്ടോബർ 5 നും ഇടയിൽ ശിക്ഷിക്കപ്പെട്ട അഞ്ച് പുരുഷന്മാരുടെ വധശിക്ഷയെ ചൊവ്വാഴ്ച ആംനസ്റ്റി ഇന്റർനാഷണൽ അപലപിച്ചു.
പരിചയ സമ്പന്നനായ പർവതാരോഹകൻ
അറസ്റ്റിലാകും മുമ്പേ മൊസ്തഫാവി ഒരു പരിചയ സമ്പന്നനായ പർവതാരോഹകനായിരുന്നു. നേപ്പാളിലെ ഐലൻഡ് പീക്ക് അദ്ദേഹം കയറിയിട്ടുണ്ട്. കൂടാതെ ഏതാണ്ട് 6,600 മീറ്റർ ഉയരത്തിൽ അമ ദബ്ലാമിലേക്ക് പോകാൻ ശ്രമിക്കുകയും ചെയ്തതായി ഇറാൻവയറും ഹ്യൂമൻ റൈറ്റ്സ് ഫോർ സ്പോർട്സും വ്യക്തമാക്കുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന പർവതങ്ങളിൽ ഒന്നായ ആലം-കുഹിലേക്കുള്ള 2016 ലെ പര്യവേഷണത്തിലും മൊസ്തഫാവി പങ്കുചേർന്നതായി കെർമൻ പർവതാരോഹണ ക്ലബ് ആർക്കൈവുകളിലെ രേഖകൾ പറയുന്നു. ചില മനുഷ്യാവകാശ റിപ്പോർട്ടുകളിലാകട്ടെ മൊസ്തഫാവി ഒരു സംഗീതജ്ഞനാണെന്നു വിശേഷിപ്പിച്ചിരിക്കുന്നു.
കഠിനപീഡനം നടത്തി കുറ്റസമ്മതം
ഇറാനിലെ കെർമൻ പ്രവിശ്യയിലെ ബാമിൽ നിന്നുള്ള മൊസ്തഫാവിയ്ക്ക് വധശിക്ഷ വിധിച്ചത് കെർമനിലെ ഒരു വിപ്ലവ കോടതിയാണ്. അത് സുപ്രീം കോടതി ശരി വയ്ക്കുകയായിരുന്നു. ഇതേത്തുടർന്നാണ് വധശിക്ഷ നടപ്പാക്കിയത്. കുറ്റ സമ്മതം നടത്താൻ അതിക്രൂര പീഡനമാണ് മൊസ്തഫാവി ഏറ്റു വാങ്ങേണ്ടി വന്നത്. വധശിക്ഷയ്ക്കു വിധിച്ച മൊസ്തഫാവി പിന്നീട് ഏകാന്ത തടവിലായിരുന്നു
മൊസ്തഫാവിയെ രക്ഷിക്കാൻ റെസ പഹ് ലവിയുടെ ആശയ വിനിമയ സംഘം അടിയന്തര അപ്പീൽ നൽകി മൊസ്തഫാവിയെ വ്യാജ വിചാരണ നടത്തി ശിക്ഷിക്കുകയാണെന്നും കുറ്റസമ്മതം നടത്താൻ കഠിനപീഡനങ്ങൾക്ക് അദ്ദേഹത്തെ ഇരയാക്കുകയാണെന്നും വാദിച്ചു. എന്നാൽ റമദാൻ യുദ്ധകാലത്ത് മൊസ്തഫാവി കെർമനിൽ നിരവധി വെടിവയ്പുകൾ നടത്തിയതായും ആസാദി സ്ക്വയറിൽ അദ്ദേഹം വെടിയുതിർത്തതായും ജുഡീഷ്യറി വക്താവ് മിസാൻ പറഞ്ഞു. കൂടാതെ കഴിഞ്ഞ ഏപ്രിൽ 21 ന് ഇറാനിലെ നിർബന്ധിത സൈനികർക്കു നേരെ മൊസ്തഫാവി വെടിയുതിർത്തതായും അവർ ആരോപിച്ചു. മൊസ്തഫാവിയുടെ ഒളിത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഒരു സ്കോപ്പ്ഡ് ബ്രണോ റൈഫിൾ, രണ്ട് ഷോട്ട്ഗൺ, 246 റൗണ്ട് വെടിയുണ്ടകൾ, 30 മൊളോടോവ് കോക്ക്ടെയിലുകൾ എന്നിവ കണ്ടെടുത്തതായി അധികൃതർ പറഞ്ഞു.
യുദ്ധസമയത്ത് ആക്രമിക്കപ്പെട്ട സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും വിദേശത്തുള്ള പേർഷ്യൻ ഭാഷാ പ്രതിപക്ഷ മാധ്യമങ്ങൾക്ക് മൊസ്തഫാവി അയച്ചതായും ജുഡീഷ്യറി വക്താവ് മിസാൻ പറഞ്ഞു. കെർമൻ വിമാനത്താവളത്തിൽ ഒരു ഓപ്പറേഷൻ നടത്താൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായി അതിൽ പറയുന്നു. അദ്ദേഹത്തിന്റെ ഫോണിലെ സന്ദേശങ്ങളിൽ പേർഷ്യൻ ഭാഷാ പ്രക്ഷേപകരുമായുള്ള ആശയവിനിമയങ്ങളും ഇസ്രായേലിന്റെ ഔദ്യോഗിക പേർഷ്യൻ ഭാഷാ അക്കൗണ്ടിലേക്കുള്ള സന്ദേശങ്ങളും ഉൾപ്പെടുന്നുവെന്ന് അധികൃതർ പറയുന്നു. 2025 ഡിസംബറിൽ ആരംഭിച്ച് ജനുവരി വരെ നീണ്ടുനിന്ന രാജ്യവ്യാപകമായ പ്രതിഷേധങ്ങളിൽ മൊസ്തഫാവി പങ്കെടുത്തതായും ഇറാന് പുറത്തുള്ള മാധ്യമങ്ങൾക്ക് ഇറാനിലെ അശാന്തിയുടെ തത്സമയ ദൃശ്യങ്ങൾ അയച്ചതായും മിസാൻ പറഞ്ഞു. ഇത്രയുമൊക്കെ പറഞ്ഞെങ്കിലും പഹ്ലവിയുടെയോ ഇസ്രായേലി ഉദ്യോഗസ്ഥരുടെയോ നിർദ്ദേശപ്രകാരമാണ് അദ്ദേഹം പ്രവർത്തിച്ചതെന്നതിന് ഇറാനിയൻ അധികാരികൾ തെളിവുകൾ പുറത്തുവിട്ടിട്ടില്ല.