സ്മിത് മച്ചാർ

 
World

സ്മിത് മച്ചാറിന്‍റെ ജീവന്‍ രക്ഷിച്ചത് വിമാനത്തിലുണ്ടായിരുന്ന ഡോക്റ്റര്‍

ഇസ്രയേലില്‍ താമസിക്കുന്ന ജോര്‍ജിയന്‍ വംശജനായ ദന്തഡോക്റ്ററായ ഡോ. ഷുത മുസായേവാണ് മച്ചാറിന്‍റെ രക്ഷകനായത്.

Reena Varghese

ന്യൂഡല്‍ഹി: ടെല്‍ അവീവിലേക്ക് പറക്കുന്നതിനിടെ ഫ്‌ളൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് തലയിലും കൈയിലും ഗുരുതരമായി പരുക്കേറ്റ് രക്തസ്രാവമുണ്ടായ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്‍റെ ജീവന്‍ രക്ഷിച്ചത് വിമാനത്തിലുണ്ടായിരുന്ന ഒരു ദന്തഡോക്ടറുടെ 45 മിനിറ്റ് നീണ്ട അശ്രാന്ത പരിശ്രമമായിരുന്നു.

ഇസ്രയേലില്‍ താമസിക്കുന്ന ജോര്‍ജിയന്‍ വംശജനായ ദന്തഡോക്റ്ററായ ഡോ. ഷുത മുസായേവാണ് മച്ചാറിന്‍റെ രക്ഷകനായത്. സഹപൈലറ്റിന്‍റെ ആക്രമണത്തെ തുടര്‍ന്നു നാഡിമിടിപ്പ് അപകടകരമാംവിധം താഴ്ന്നുപോയ മച്ചാറിനെ താത്കാലിക പ്രഷര്‍ ഡ്രെസ്സിംഗുകളും ഐസ് പാക്കുകളും ഉപയോഗിച്ച് രക്ഷപ്പെടുത്തി. 45 മിനിറ്റോളം നേരം മച്ചാറിന് ചികിത്സ ലഭ്യമാക്കേണ്ടി വന്നതായി ഡോ. മുസായേവ് പറഞ്ഞു.

ഇസ്രയേലില്‍ താമസിക്കുന്ന ജോര്‍ജിയന്‍ വംശജനായ ദന്തഡോക്റ്ററായ ഡോ. ഷുത മുസായേവ്

ആകാശമധ്യേ അഭിമുഖീകരിക്കേണ്ടി വന്ന മെഡിക്കല്‍ എമര്‍ജന്‍സിയെക്കുറിച്ച് ഡോ.മുസായേവ് എബിസി ന്യൂസിനോടാണ് ഇക്കാര്യം പറഞ്ഞത്. വിമാനത്തിലുണ്ടായിരുന്ന ഏക ഡോക്റ്ററായ മുസായേവ്, കോക്ക്പിറ്റില്‍ നിന്ന് നിലവിളി കേട്ടയുടന്‍ അങ്ങോട്ടേക്ക് ഓടിച്ചെല്ലുകയും അക്രമിയെ കീഴ്‌പ്പെടുത്താന്‍ സഹായിക്കുകയും, തുടര്‍ന്ന് രക്തം വാര്‍ന്നുപോവുകയായിരുന്ന ക്യാപ്റ്റന്‍ മച്ചാറിന് ചികിത്സ നല്‍കുകയും ചെയ്തു.

മച്ചാറിന്റെ തലയിലും ഇടത് കൈയിലും നിന്ന് ശക്തമായ രക്തസ്രാവം ഉണ്ടായിരുന്നെന്നും രക്തസ്രാവം തടയാന്‍ മുറിവുകളില്‍ അമര്‍ത്തിപ്പിടിക്കുകയായിരുന്നെന്നും മുസായേവ് പറഞ്ഞു. പിന്നീട് വിമാനത്തിലെ സ്റ്റീവാര്‍ഡുകളോട് ഐസ് ആവശ്യപ്പെട്ടു. മച്ചാറിന് വളരെ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

അതിനാല്‍ ധാരാളം ഐസ് പാക്കറ്റുകള്‍ ആവശ്യമായി വന്നു. എങ്കിലും രക്തസ്രാവം കൂടുന്നതായി കണ്ടു. അതിനാല്‍, ഐസ് ഉപയോഗിച്ച് അധികം ബലം പ്രയോഗിക്കാതെ അമര്‍ത്തിപ്പിടിച്ചു. 45 മിനിറ്റിലുടനീളം മുറിവില്‍ അമര്‍ത്തിപ്പിടിക്കുന്നത് തുടര്‍ന്നെന്നും മുസായേവ് പറഞ്ഞു.

യാനിവ് ഹയൂണ്‍ എന്ന മറ്റൊരു യാത്രക്കാരന്‍ അക്രമിയെ കോക്ക്പിറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചു മാറ്റുകയും, വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് അത് നേരെയാക്കി നിര്‍ത്തുകയും ചെയ്തു. അതിനുശേഷമാണ് മൂന്നാമതൊരു പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തത്.