ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായി

 
World

അമെരിക്കയ്ക്കും ഇസ്രയേലിനും സൈനിക സഹായം നൽകിയാൽ ശത്രു രാജ്യങ്ങളായി കാണും

മുന്നറിയിപ്പുമായി ഇറാൻ

Reena Varghese

ടെഹ്റാൻ: ഇറാനെതിരായി യുഎസും ഇസ്രയേലും ചേർന്നു നടത്തുന്ന സൈനിക നടപടികൾക്ക് സൈനികമോ സൈനികേതരമോ ആയ സഹായങ്ങൾ നൽകുന്ന രാജ്യങ്ങൾക്കെതിരേ കടുത്ത മുന്നറിയിപ്പുമായി ഇറാൻ . ഇത്തരം സഹായങ്ങൾ നൽകുന്ന രാജ്യങ്ങളെ ഇറാന്‍റെ ശത്രുക്കളായി കാണുമെന്നും ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആക്രമണത്തിൽ പങ്കാളികളാകുന്ന രാജ്യങ്ങൾ അതിന്‍റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും ഇറാൻ വ്യക്തമാക്കി. അമെരിക്കയും ഇസ്രയേലും ഇറാനെതിരേ നടത്തുന്ന സൈനിക നീക്കങ്ങളിൽ മറ്റു രാജ്യങ്ങൾ പങ്കാളികളാകരുതെന്ന് ആവശ്യപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായിയാണ് എക്സിലൂടെ മുന്നറിയിപ്പു നൽകിയത്.

അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറും ചൂണ്ടിക്കാട്ടിയായിരുന്നു ബഗായിയുടെ പ്രതികരണം.വാഷിങ്ടണിന്‍റെ സൈനിക നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍നിന്ന് രാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്ന മുന്നറിയിപ്പിനെ ഭാഗമായിരുന്നു ഈ പരാമര്‍ശം. ഇറാനെതിരായ ആക്രമണങ്ങളിലോ മനുഷ്യത്വരഹിതമായ സാമ്പത്തിക ഭീകരതയിലോ നേരിട്ടോ അല്ലാതെയോ പങ്കാളികളാകുന്നത് നിയമവിരുദ്ധവും ശത്രുതാപരവുമായ നടപടിയായി കണക്കാക്കുമെന്ന് ബഗായി പറഞ്ഞു. ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 2(4)ന്റെ ലംഘനമാണ് ഇത്തരം നടപടികളെന്നും യുഎന്‍ ജനറല്‍ അസംബ്ലിയുടെ 3314-ാം പ്രമേയത്തില്‍ നിര്‍വചിച്ചിരിക്കുന്ന ആക്രമണത്തിന്‍റെ പരിധിയില്‍ ഇവ വരുമെന്നും ബഗായി ചൂണ്ടിക്കാട്ടി.

അമേരിക്കയുമായുള്ള ഉഭയകക്ഷി കരാറുകളോ മറ്റ് പ്രതിബദ്ധതകളോ അന്താരാഷ്ട്ര നിയമപ്രകാരമുള്ള ഒരു രാജ്യത്തിന്‍റെ ബാധ്യതകള്‍ ലംഘിക്കുന്നതിനോ ഇറാനെതിരായ അമേരിക്കന്‍-ഇസ്രയേല്‍ സൈനിക നീക്കങ്ങളില്‍ പങ്കാളികളാകുന്നതിനോ ന്യായീകരണമാകില്ലെന്നും ഇറാന്‍ വ്യക്തമാക്കി.ഏതെങ്കിലും തരത്തില്‍ ഇത്തരം നിയമവിരുദ്ധ ആക്രമണങ്ങളില്‍ പങ്കാളികളാകുന്ന രാജ്യങ്ങള്‍ അതിന്റെ പ്രത്യാഘാതങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം വഹിക്കേണ്ടിവരുമെന്നും ബഖാഇ മുന്നറിയിപ്പ് നല്‍കി.

ഇറാന്‍, അമേരിക്ക, ഇസ്രയേല്‍ രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് ഇറാന്‍റെ പുതിയ പ്രതികരണം. ഹോര്‍മുസ് കടലിടുക്കിന്‍റെ നിയന്ത്രണവും മേഖലയുടെ സുരക്ഷയും നിലവിലെ സാഹചര്യത്തില്‍ പ്രധാന ആശങ്കകളായി തുടരുകയാണ്.അതേസമയം, അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇറാന്‍ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുയര്‍ത്തിയാല്‍ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി.