അമെരിക്കയുടെ ആദ്യ പ്രസിഡന്‍റ് ജോർജ് വാഷിങ്ടണിന്‍റെ മുടിയിഴകളാണ് പൊന്നും വിലയ്ക്കു വിറ്റു പോയത്

 
World

പറയുമ്പോൾ കേവലം മുടിയിഴ , ലേലത്തിൽ വിറ്റത് നാലായിരം ഡോളറിന് !

അമെരിക്കയുടെ ആദ്യ പ്രസിഡന്‍റ് ജോർജ് വാഷിങ്ടണിന്‍റെ മുടിയിഴകളാണ് പൊന്നും വിലയ്ക്കു വിറ്റു പോയത്

Reena Varghese

വാഷിംഗ്ടൺ: അമേരിക്കയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്‍റുമായ ജോർജ്ജ് വാഷിംഗ്ടണിന്‍റെ ഒരുപിടി മുടിയിഴകൾ ശനിയാഴ്ച നടന്ന ലേലത്തിൽ 4,000 ഡോളറിന് (ഏകദേശം മൂന്ന് ലക്ഷത്തിലധികം രൂപ) വിറ്റുപോയി. സൗത്ത് കരോലിന ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റിച്ച്മണ്ട് ഓക്ഷൻസ്’ എന്ന ലേലസ്ഥാപനമാണ് ഇക്കാര്യം അറിയിച്ചത്.

1798-ലും 1799-ലും വിർജീനിയയിലെ അലക്സാണ്ട്രിയയിലുള്ള തന്‍റെ സിറ്റി ഹോട്ടൽ ആൻഡ് ടാവേണിൽ ജോർജ്ജ് വാഷിംഗ്ടണിന്‍റെ അവസാന രണ്ട് ജന്മദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിച്ച ജോൺ ഗാഡ്‌സ്ബിയുടെ പിൻഗാമിയും പ്രശസ്ത ശേഖരണക്കാരനുമായ ജോൺ കെ. ലാറ്റിമറിന്‍റെ പക്കൽ നിന്നാണ് ഈ മുടിയിഴ ലഭിച്ചതെന്ന് ലേലസ്ഥാപനം വ്യക്തമാക്കി. 1799-ൽ മൗണ്ട് വെർണോണിൽ വെച്ച് വാഷിംഗ്ടൺ അന്തരിക്കുന്നതിന് തൊട്ടുമുമ്പ് ഗാഡ്‌സ്ബി അദ്ദേഹത്തിന് അത്താഴവിരുന്ന് നൽകിയിരുന്നതായി മുടിയിഴയോടൊപ്പം പ്രദർശിപ്പിച്ച സാക്ഷ്യപത്രത്തിൽ പറയുന്നു.

അവസാന നാളുകളിലെ അടുത്ത സൗഹൃദത്തിന്‍റെയും ബന്ധത്തിന്‍റെയും ഓർമ്മയ്ക്കായാണ് വാഷിംഗ്ടണിന്‍റെ മുടിയിഴ ഗാഡ്‌സ്ബിക്ക് ലഭിച്ചതെന്ന് അദ്ദേഹത്തിന്‍റെ ചെറുമകൾ ജൂലിയ ടെൻ ഐക്ക് മക്ബ്ലെയർ 1928-ൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഗാഡ്‌സ്ബി ഈ മുടിയിഴ ഫ്രെയിം ചെയ്ത് വാഷിംഗ്ടൺ സിറ്റിയിലെ തങ്ങളുടെ വീട്ടിൽ ജനറൽ വാഷിംഗ്ടണിന്‍റെ ഛായാചിത്രത്തിന് താഴെ തൂക്കിയിട്ടിരുന്നതായും, ജീവിതകാലം മുഴുവൻ താൻ അത് കണ്ടിട്ടുണ്ടെന്നും അവർ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണം പൂശിയ മരത്തിന്‍റെ ഫ്രെയിമിൽ ഗ്ലാസ് ഘടിപ്പിച്ച നിലയിലാണ് മുടിയിഴ സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ ഇത് ലേലത്തിൽ വാങ്ങിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ സ്ഥാപനം പുറത്തുവിട്ടിട്ടില്ല.

ജോർജ്ജ് വാഷിംഗ്ടണുമായി ബന്ധപ്പെട്ട നിരവധി ചരിത്രവസ്തുക്കൾ മുൻവർഷങ്ങളിലും വലിയ തുകയ്ക്ക് ലേലത്തിൽ വിറ്റുപോയിട്ടുണ്ട്. പുതിയ കോണ്ടിനെന്‍റൽ ആർമി രൂപീകരിക്കാൻ ആവശ്യപ്പെട്ട് വാഷിംഗ്ടൺ എഴുതിയ കത്ത് കഴിഞ്ഞ ജൂലൈയിൽ 1,09,000 ഡോളറിലധികം തുകയ്ക്കാണ് വിറ്റുപോയത്. 1780 ജനുവരി അഞ്ചിന് കേണൽ സ്റ്റീഫൻ മോയ്‌ലന് വാഷിംഗ്ടൺ എഴുതിയ മറ്റൊരു കത്ത് 2024-ലും ആയിരക്കണക്കിന് ഡോളറിന് ലേലത്തിൽ വിറ്റിരുന്നു.