അൾത്താരയിൽ ഇംഗ്ലീഷിൽ എഴുതിയ ക്ഷമാപണക്കുറിപ്പും

 
World

നഹരിയയിൽ മരോണൈറ്റ് ക്രൈസ്തവ ദേവാലയം തകർത്തു

മതവിദ്വേഷമെന്നു കോടതി, പ്രതിയുടെ കസ്റ്റഡി നീട്ടി

Reena Varghese

ഇസ്രയേലിലെ നഹരിയയിൽ ലെബനീസ് മരോണൈറ്റ് ക്രൈസ്തവ ദേവാലയം തകർത്ത കേസിൽ അറസ്റ്റിലായ പ്രതിയുടെ കസ്റ്റഡി മൂന്നു ദിവസത്തേയ്ക്കു നീട്ടി കോടതി. മതവിദ്വേഷമാണ് സംഭവത്തിനു പിന്നിലെന്ന സംശയം കുറ്റകൃത്യത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നതായി കോടതി നിരീക്ഷിച്ചു. നഹരിയയിലെ മരോണൈറ്റ് ക്രൈസ്തവരുടെ ആരാധനാലയം തകർത്ത കേസിൽ കെറൻ എന്ന് തിരിച്ചറിഞ്ഞ പ്രതിയുടെ കസ്റ്റഡിയാണ് ക്രയോട്ട് മജിസ്ട്രേറ്റ് കോടതി നീട്ടിയത്. പ്രതിക്കെതിരായ ആരോപണങ്ങളിൽ ശക്തമായ പ്രാഥമിക തെളിവുകളുണ്ടെന്നും മതവിദ്വേഷം കുറ്റകൃത്യത്തിന് പ്രേരണയായിരിക്കാമെന്നും ജഡ്ജി ഓറിറ്റ് കാന്‍റർ വ്യക്തമാക്കി.

ആരോപിക്കപ്പെട്ട കുറ്റങ്ങൾ പ്രതി ചെയ്തിട്ടുണ്ടെന്ന് സംശയിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് നിരീക്ഷിച്ച ജഡ്ജി, സംശയം ശക്തമാണെന്നും പറഞ്ഞു. മതവിദ്വേഷം പ്രേരണയായുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തിന് കൂടുതൽ ഭീഷണിയുയർത്തുന്നതും ഗുരുതരവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നഹരിയ പൊലീസിന്‍റെ പ്രതിനിധിയും പ്രതിക്കുവേണ്ടി പബ്ലിക് ഡിഫൻഡറുടെ ഓഫീസിൽനിന്ന് ഹാജരായ അഭിഭാഷക ഐറീന ലൂറിയയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി നീട്ടിയത്. വ്യാഴാഴ്ച പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.

തകർത്തത് പ്രതിമകളും ചിത്രങ്ങളും

തകർത്തത് പ്രതിമകളും ചിത്രങ്ങളും

നവംബർ ഒന്നിന് ഞായറാഴ്ച പ്രാർഥനയ്ക്കായി എത്തിയ വിശ്വാസികളാണ് ആരാധനാലയത്തിനുള്ളിൽ നാശനഷ്ടങ്ങൾ കണ്ടെത്തിയത്. പ്രതിമകൾ തകർക്കുകയും ചിത്രങ്ങൾ വികൃതമാക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്തെ അൾത്താരയിൽ ഇംഗ്ലീഷിൽ എഴുതിയ ക്ഷമാപണക്കുറിപ്പും കണ്ടെത്തി.

മുൻ ദക്ഷിണ ലെബനൻ സൈന്യത്തിലെ അംഗങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട മരോണൈറ്റ് ക്രൈസ്തവ സമൂഹത്തിൽ സംഭവം വലിയ ഞെട്ടലുണ്ടാക്കി. വിശുദ്ധനാട്ടിലെ മരോണൈറ്റ് സമൂഹത്തിന്‍റെ വക്താവായ ഫാ. യൂസഫ് യാക്കോബ് ആണ് അൾത്താരയിൽ ക്ഷമാപണക്കുറിപ്പ് കണ്ടെത്തിയ വിവരം അറിയിച്ചത്.

ശക്തമായ പ്രതിഷേധവുമായി സഭ

ഹൈഫ ആസ്ഥാനമായുള്ള മരോണൈറ്റ് സഭയുടെ രൂപത സംഭവത്തെ ശക്തമായി അപലപിച്ചു. ആരാധനാലയത്തിന്റെ പവിത്രതയെയും വിശ്വാസികൾക്ക് സുരക്ഷിതമായും അന്തസോടെയും മതാചാരങ്ങൾ അനുഷ്ഠിക്കാനുള്ള അവകാശത്തെയും ലംഘിക്കുന്നതാണ് ആക്രമണമെന്ന് സഭാ നേതൃത്വം പ്രസ്താവനയിൽ വ്യക്തമാക്കി.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആരാധനാലയത്തിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും സഭ അധികൃതർ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇസ്രായേലിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്കെതിരായ ആക്രമണങ്ങൾ

ഇസ്രായേലിലെ ക്രൈസ്തവ ആരാധനാലയങ്ങൾക്കുനേരെ നടന്ന മറ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നഹരിയയിലെ സംഭവവും ശ്രദ്ധ നേടുന്നത്. ഓഗസ്റ്റിൽ ജാഫയിലെ സെന്‍റ് ആന്‍റണീസ് പള്ളിയിൽ കുരിശുകളും പ്രതിമകളും തകർത്ത സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബറിൽ പള്ളി തകർക്കുകയും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ ഹൈഫ സ്വദേശിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

നഹരിയ നഗരത്തിലെ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ലെബനീസ് മരോണൈറ്റ് സമൂഹത്തിന്റെ പ്രാർഥനാലയം പ്രവർത്തിക്കുന്നത്. ഏകദേശം 1,100 അംഗങ്ങളുള്ള ഈ സമൂഹത്തിലെ നിരവധി വിശ്വാസികൾ ഞായറാഴ്ചകളിൽ പ്രാർഥനയ്ക്കായി ഇവിടെ എത്താറുണ്ട്. മതപരമായ ആഘോഷവേളകളിൽ നൂറുകണക്കിന് ആളുകളും ഒത്തുചേരുന്നു. ജറുസലേമിലും ആരാധനാലയങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഓഗസ്റ്റിൽ അർമേനിയൻ പള്ളിയുമായും മുസ്ലിം ശവകുടീരങ്ങളുമായും ബന്ധപ്പെട്ട ആക്രമണങ്ങളിൽ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.