രണ്ട് ബംഗ്ലാദേശികളെ വധശിക്ഷയ്ക്ക് വിധേയരാക്കി സൗദി

 
World

രണ്ട് ബംഗ്ലാദേശികളെ വധശിക്ഷയ്ക്ക് വിധേയരാക്കി സൗദി

ബുധനാഴ്ച മക്ക മേഖലയിലാണ് വധശിക്ഷകള്‍ നടപ്പിലാക്കിയതെന്ന് മന്ത്രാലയം

Reena Varghese

റിയാദ്: വിശുദ്ധ നഗരമായ മക്കയിലെ ഒരു പള്ളിക്കുള്ളിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയതിന് ശിക്ഷിക്കപ്പെട്ട ബംഗ്ലാദേശി പുരുഷനെയും സ്ത്രീയെയും സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയമാക്കി. ഈ മാസം 14ന് ആണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍, വധശിക്ഷ നടപ്പിലാക്കുന്ന വിവരം സൗദിയിലുള്ള ബംഗ്ലാദേശ് കോണ്‍സുലേറ്റിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നസറുല്‍ ഇസ്ലാം അബ്ദുള്‍ ബസീര്‍, സിതി അക്തര്‍ എന്നിവരാണ് വധശിക്ഷയ്ക്ക് വിധേയരായതെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദി പ്രസ് ഏജന്‍സി വഴിയാണ് ഈ വിവരം പുറത്തുവിട്ടത്. സൗദി വാര്‍ത്താ മാധ്യമമായ 'അജല്‍', ബംഗ്ലാദേശിലെ 'ദി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്' എന്നീ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതനുസരിച്ച്, സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ രണ്ടു പേരെയും അറസ്റ്റ് ചെയ്തു. അന്വേഷണത്തിനൊടുവില്‍ ഇവര്‍ക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു.

ഇവരുടെ പ്രവൃത്തികളുടെ ഗൗരവവും, സമയത്തിന്‍റെയും സ്ഥലത്തിന്‍റെയും പവിത്രത ലംഘിച്ചതും കണക്കിലെടുത്ത്, ഇസ്ലാമിക നിയമപ്രകാരം വിവേചനാധികാരത്തോടെ നല്‍കാവുന്ന ശിക്ഷാവിഭാഗമായ 'തഅ്‌സീര്‍' പ്രകാരമാണ് കോടതി വധശിക്ഷ വിധിച്ചതെന്ന് മന്ത്രാലയം അറിയിച്ചതായി 'അജല്‍'റിപ്പോര്‍ട്ട് ചെയ്തു. ബന്ധപ്പെട്ട ജുഡീഷ്യല്‍ അധികാരികള്‍ ഈ ശിക്ഷാവിധികള്‍ ശരിവയ്ക്കുകയും, അവ നടപ്പിലാക്കാന്‍ അനുമതി നല്‍കിക്കൊണ്ട് രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ബുധനാഴ്ച മക്ക മേഖലയിലാണ് വധശിക്ഷകള്‍ നടപ്പിലാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വളരെ കുറച്ചു മാത്രമേ ലഭ്യമായിട്ടുള്ളൂ. ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ കൃത്യമായ സ്വഭാവമെന്താണെന്നോ, ബംഗ്ലാദേശ് സ്വദേശികളായ ഈ രണ്ടുപേരെ എപ്പോള്‍, എവിടെ വച്ചാണ് പിടികൂടിയതെന്നോ സൗദി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.