അപെക് ഉച്ചകോടിയിൽ ഷി ജിൻപിങുമായും പുടിനുമായും കൂടിക്കാഴ്ച നടത്താൻ ട്രംപ്
ബീജിങ്: ചൈനയിൽ അടുത്തയാഴ്ച നടക്കുന്ന അപെക് ഉച്ചകോടിയ്ക്കിടെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങിനെയും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനെയും കണ്ടേക്കുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതും ആണവ നിരായുധീകരണവും ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്ലോറിഡയിൽ നിന്നും വാഷിങ്ടണിലേയ്ക്ക് മടങ്ങുന്നതിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.
ഈ മാസം 18,19 ചൈനയിലെ ഷെന്‍ഷെന്‍ നഗരത്തിലാണ് അപെക് നേതാക്കളുടെ ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാൻ താൻ ചൈനയിലേയ്ക്കു പോകുമെന്നും ഷിയും പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവായുധ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഷി ജിന്‍പിങ്ങും പുടിനും ട്രംപും പങ്കെടുക്കുന്ന ത്രികക്ഷി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ട്രംപ് കഴിഞ്ഞ ഒക്റ്റോബറില്‍ വ്യക്തമാക്കിയിരുന്നു. ആണവായുധങ്ങളുടെ വ്യാപനം തടയുകയും ആണവ നിരായുധീകരണത്തിന് വഴിയൊരുക്കുകയുമാണ് ഇത്തരം ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, റഷ്യയും യുക്രെയ്നും തമ്മിലുള്ള ദീര്‍ഘകാല യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നേക്കാം. പുടിന്‍ ത്രികക്ഷി കൂടിക്കാഴ്ചയിലൂടെ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ നിര്‍ദേശിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിനോട് ഇരുപക്ഷവും അടുത്തെത്തിയിട്ടുണ്ടെന്നാണ് തന്‍റെ വിശ്വാസമെന്ന് ട്രംപ് സിബിഎസ് ന്യൂസില്‍ പ്രതികരിച്ചിരുന്നു.