ബംഗ്ലാദേശിലെ രൂപുര്‍ ആണവനിലയത്തിലേക്ക് ആണവ ഇന്ധനവുമായി വന്ന റഷ്യന്‍ വിമാനത്തിന് പാക് വ്യോമ പാത നിഷേധിച്ചു
മോസ്‌കോ: ബംഗ്ലാദേശിലെ രൂപുര്‍ ആണവനിലയത്തിലേക്ക് ആണവ ഇന്ധനവുമായി വന്ന റഷ്യന്‍ വിമാനത്തിന് വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി പാക്കിസ്ഥാന്‍ നിഷേധിച്ചു. ബംഗ്ലാദേശിന്‍റെ ആദ്യ ആണവനിലയത്തിലെ രണ്ടാമത്തെ യൂണിറ്റിലേക്കുള്ള ആണവ ഇന്ധനത്തിന്‍റെ ആദ്യ ബാച്ച് ഈ മാസം 24ന് എത്തേണ്ടതായിരുന്നു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും രൂക്ഷമായ ഊര്‍ജ പ്രതിസന്ധി നേരിടുകയാണ് ബംഗ്ലാദേശ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ ആദ്യ ആണവനിലയത്തിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കാന്‍ ബംഗ്ലാദേശ് ആഗ്രഹിക്കുന്ന വേളയിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
റഷ്യയുടെ ഉടമസ്ഥതയിലുള്ള ആണവോര്‍ജ്ജ ഭീമനായ റോസാറ്റോം ആണ് രൂപുര്‍ പദ്ധതി നടപ്പിലാക്കുന്നത്. ബംഗ്ലാദേശിലേക്ക് യുറേനിയം എത്തിക്കുന്നതിന്‍റെ ഉത്തരവാദിത്തവും ഇവര്‍ക്കാണ്.
പാക്കിസ്ഥാന്‍ അനുമതി നല്‍കിയില്ലെന്ന് സമ്മതിച്ചെങ്കിലും, അതിനുള്ള കാരണം ഇസ്‌ലാമാബാദ് വ്യക്തമാക്കിയിട്ടില്ലെന്ന് ബംഗ്ലാദേശ് ശാസ്ത്ര-സാങ്കേതിക മന്ത്രി ഫഖീര്‍ മഹ്ബൂബ് അനം പറഞ്ഞു. അസര്‍ബൈജാന്‍, കസാക്കിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് മുകളിലൂടെ സഞ്ചരിച്ച ശേഷമായിരുന്നു റഷ്യന്‍ വിമാനം ധാക്കയില്‍ ഇറങ്ങേണ്ടിയിരുന്നത്.
യാത്രയുടെ തൊട്ടുമുമ്പുള്ള അവസാന നിമിഷമാണ് വ്യോമപാത നിഷേധിക്കപ്പെട്ടതെന്നു ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഏത് രാജ്യമാണ് അനുമതി നിഷേധിച്ചത് എന്ന കാര്യത്തില്‍ ബംഗ്ലാദേശ് അറ്റോമിക് എനര്‍ജി കമ്മിഷന്‍ ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
'ദി ഡെയ്‌ലി സ്റ്റാര്‍' റിപ്പോര്‍ട്ട് അനുസരിച്ച്, റോസാറ്റം ഇപ്പോള്‍ ഇന്ധന വിതരണം മറ്റൊരു പാതയിലൂടെ പുനഃക്രമീകരിച്ചിരിക്കുകയാണ്. രൂപുര്‍ ആണവനിലയത്തിലേക്കുള്ള ആണവ ഇന്ധനത്തിന്‍റെ വിതരണം ഒക്‌റ്റോബറില്‍ പുനരാരംഭിക്കും. പാക്കിസ്ഥാന്‍ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ചത് പദ്ധതിയുടെ സമയക്രമത്തെ ബാധിക്കില്ലെന്ന് ബംഗ്ലാദേശിന് ഉറപ്പുനല്‍കിയ റോസാറ്റം, ബംഗ്ലാദേശിലേക്കുള്ള ബാക്കി ഇന്ധന ബാച്ചുകള്‍ ഡിസംബറിനുള്ളില്‍ ഏഴ് പ്രത്യേക കാര്‍ഗോ വിമാനങ്ങളിലായി എത്തിച്ചേരുമെന്ന് അറിയിച്ചു.
കോവിഡ്19 മഹാമാരിയും റഷ്യ-യുക്രെയ്ന്‍ യുദ്ധവും കാരണം രൂപുര്‍ പദ്ധതി ഇതിനകം തന്നെ രണ്ട് വര്‍ഷത്തോളം വൈകിയിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍, പവര്‍ പ്ലാന്‍റിന്‍റെ ഒന്നാം യൂണിറ്റില്‍ ഇന്ധനം നിറയ്ക്കുന്ന നടപടികള്‍ ആരംഭിച്ചതോടെ ആണവോര്‍ജ്ജം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ നിരയിലേക്ക് ചേരുന്നതില്‍ ബംഗ്ലാദേശ് നിര്‍ണായകമായ ഒരു ചുവടുവയ്പ്പ് നടത്തിയിരുന്നു. രാജ്യത്ത് ആണവോര്‍ജ്ജത്തില്‍ നിന്നുള്ള വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് എത്തിക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ ഇതിലൂടെ സാധിച്ചു.
ഓഗസ്റ്റില്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടം ആരംഭിച്ചു. ഒക്‌റ്റോബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏകദേശം 300 മെഗാവാട്ട് വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് നല്‍കുന്നതിനുള്ള തയാറെടുപ്പുകള്‍ നടക്കുന്നുണ്ട്. ഡിസംബറില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ആണവോര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ലോകത്തിലെ 33-ാമത്തെ രാജ്യമായി ബംഗ്ലാദേശ് മാറും.