"എത്രയും വേഗം ഇന്ത്യക്കാർ ഇറാൻ വിടുക" ഇന്ത്യൻ എംബസി
ഇറാനിലെ തെക്കു പടിഞ്ഞാറൻ മേഖലയിലുള്ള മഹ്ഷഹറിലെ പെട്രോകെമിക്കൽ സമുച്ചയത്തിനു നേരെ ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ജാഗ്രതാ നിർദേശം
യുദ്ധം മുറുകുന്ന സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നീക്കവുമായി ഇന്ത്യൻ എംബസി. ഇസ്രയേൽ-ഇറാൻ യുദ്ധ സാഹചര്യം കനത്തതോടെ ഇറാനിലേയ്ക്കുള്ള യാത്രകൾ നിർത്തി വയ്ക്കണമെന്നും ഇറാനിലുള്ള ഇന്ത്യക്കാർ എത്രയും വേഗം ഇറാൻ വിടണമെന്നും കർശന മുന്നറിയിപ്പുമായി ഇറാനിലെ ഇന്ത്യൻ എംബസി.
ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു. എക്സിലൂടെയാണ് എംബസി ഈ മുന്നറിയിപ്പു നൽകിയത്. ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം ഇന്ത്യക്കാർ ഇറാൻ വിടുക എന്നാണ് എംബസിയുടെ സന്ദേശം. എക്സിലൂടെയാണ് എംബസി കടുത്ത ജാഗ്രതാ നിർദേശം നൽകിയത്.
ഇറാനിലെ തെക്കു പടിഞ്ഞാറൻ മേഖലയിലുള്ള മഹ്ഷഹറിലെ പെട്രോകെമിക്കൽ സമുച്ചയത്തിനു നേരെ ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. കൂടുതൽ ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അത് അവഗണിച്ച് മധ്യ-പടിഞ്ഞാറൻ ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെയടക്കം ഇസ്രയേൽ വ്യോമാക്രമണം നടത്തുകയായിരുന്നു.ഈ സാഹചര്യത്തിൽ ഇറാനിൽ തുടരുന്ന ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി. അടിയന്തര സാഹചര്യമുണ്ടായാൽ ബന്ധപ്പെടാനായി എംബസി ഹെൽപ് ലൈൻ നമ്പരുകളും നൽകിയിട്ടുണ്ട്.