ഇസ്രയേലിന്റെ അടുത്ത നെസ്സെറ്റ് സ്പീക്കർ മതാൻ കഹാന
ടെൽ അവീവ്: നെതന്യാഹു വിരുദ്ധ ബ്ലോക്കിന്റെ നേതാക്കളായ യാഷർ ചെയർമാൻ ഗാഡി ഐസൻകോട്ട്, ബി'യാചാദ് നേതാവ് നഫ്താലി ബെന്നറ്റ്, ഡെമോക്രാറ്റ് ചെയർമാൻ യെയർ ഗോലാൻ, യിസ്രായേൽ ബെയ്റ്റെനു നേതാവ് അവിഗ്ഡോർ ലിബർമാൻ, പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് എന്നിവർ ഇറക്കിയ സംയുക്ത പ്രസ്താവനയിൽ യാഷറിന്റെ സ്ലേറ്റിലെ അഞ്ചാം നമ്പർ മുൻ മന്ത്രി മതാൻ കഹാനയെ അടുത്ത നെസ്സെറ്റ് സ്പീക്കറായി നാമനിർദ്ദേശം ചെയ്യാൻ സമ്മതിച്ചതായി പ്രഖ്യാപിച്ചു.
മുൻ പ്രതിരോധ മന്ത്രിയായ ലിബർമാൻ ശക്തമായ വിദേശകാര്യ, പ്രതിരോധ കമ്മിറ്റിയുടെ അധ്യക്ഷനാകുമെന്നും, പുതുതായി നിയമിതയായ ബി'യാച്ചാദ് എം.കെ. ലിറാൻ അവിസർ ബെൻ ഹൊറിൻ ധനകാര്യ കമ്മിറ്റിയെ നയിക്കുമെന്നും അവർ പ്രഖ്യാപിച്ചു. മുൻ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയ ഡയറക്റ്റർ ജനറൽ അവിസർ ബെൻ ഹൊറിൻ ആദ്യമായി ബെന്നറ്റിന്റെ സ്ലേറ്റിൽ അഞ്ചാം സ്ഥാനത്തേക്ക് നെസ്സെറ്റിൽ എത്തി. കൂടാതെ ധനകാര്യ കമ്മിറ്റിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായിരിക്കും അവർ.
കമ്മിറ്റികളുടെ ഘടന ഈ ആഴ്ച അന്തിമമാക്കുകയും ബുധനാഴ്ച നെസ്സെറ്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്യുമെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു. പ്രത്യേക കമ്മിറ്റികൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും ഐസൻകോട്ട് ബ്ലോക്ക് ധാരണയിലെത്തി.ഇന്നു നടക്കുന്ന 26ാമത് നെസ്സെറ്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി സ്പീക്കർ സ്ഥാനം ഏത് പാർട്ടി നിയന്ത്രിക്കും എന്നതിനെക്കുറിച്ചുള്ള ചർച്ചകളെ തുടർന്നാണ് പ്രഖ്യാപനം.
ബെന്നറ്റും ലിബർമാനും തുടക്കത്തിൽ ബി'യാച്ചാദിന്റെ സ്ലേറ്റിലെ രണ്ടാം നമ്പർ ലാപിഡിനെയാണ് ഈ സ്ഥാനത്തേക്ക് പിന്തുണച്ചിരുന്നത്. എന്നാൽ സ്പീക്കർ സ്ഥാനം സ്വന്തം പാർട്ടിയിൽ തന്നെ തുടരണമെന്ന ഐസെൻകോട്ടിന്റെ കടുംപിടുത്തത്തെ തുടർന്ന് വിഷയത്തിൽ ഐസെൻകോട്ടും ലിബർമാനും ഇന്നലെ ഒരു ധാരണയിലെത്തിയതിനെ തുടർന്നാണ് മതാൻ കഹാനയെ സ്പീക്കർ സ്ഥാനത്തേയ്ക്ക് ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയുടെ നിലവിലെ സ്പീക്കർ അമീർ ഒഹാനയെ എത്രയും വേഗം മാറ്റാനാണ് ഐസൻകോട്ട് ബ്ലോക്ക് ശ്രമിക്കുന്നത്.