ഇസ്രയേല്‍ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം പലസ്തീന്‍ രാഷ്‌ട്രം ഉണ്ടാകില്ല: നെതന്യാഹു

 
World

ട്രംപിന്‍റെ ഗാസ സമാധാന പദ്ധതി തള്ളി നെതന്യാഹു

ഇസ്രയേല്‍ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം പലസ്തീന്‍ രാഷ്‌ട്രം ഉണ്ടാകില്ലെന്ന് നെതന്യാഹു

Reena Varghese

ടെല്‍ അവീവ്: ഗാസയിലോ വെസ്റ്റ് ബാങ്കിലോ പലസ്തീന്‍ രാഷ്‌ട്രം രൂപീകരിക്കുന്നതിനെ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ 15 ഇന ഗാസ സമാധാന പദ്ധതി നിരസിക്കുകയും ചെയ്തു. ഹമാസിനെ പൂര്‍ണമായും നിരായുധരാക്കുന്നത് വരെ ഗാസയില്‍ നിന്ന് പിന്മാറില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.

ഗാസയിലെയും ഹമാസിന്‍റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും 'പൂര്‍ണമായ നിരായുധീകരണത്തിനുള്ള' കരാറില്‍ എത്തിയതായി ട്രംപിന്‍റെ 'ബോര്‍ഡ് ഒഫ് പീസ്' കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇൗ പ്രഖ്യാപനത്തിനെതിരേയാണ് ഇന്നലെ നെതന്യാഹു രംഗത്തവന്നത്.

അതേസമയം, മധ്യസ്ഥരുമായും ട്രംപിന്‍റെ സമാധാന സമിതിയുടെ പ്രതിനിധികളുമായും കെയ്റോയില്‍ വച്ച് അംഗീകരിച്ച 15 ഇന പദ്ധതി പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസ് വ്യക്തമാക്കി. എന്നാല്‍, ഇസ്രയേല്‍ ആദ്യം ബാധ്യതകള്‍ നിറവേറ്റണമെന്ന് ഹമാസ് നിഷ്‌കര്‍ഷിക്കുകയും ചെയ്തു.

ട്രംപിന്‍റെ 15 ഇന പദ്ധതി

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, സായുധ സംഘങ്ങളെ നിരായുധരാക്കുക, ഇസ്രയേല്‍ സേനയെ പിന്‍വലിക്കുക, പ്രദേശത്തിന്‍റെ ഭരണം ഒരു പലസ്തീന്‍ സാങ്കേതിക വിദഗ്ധ സമിതിക്ക് കൈമാറുക എന്നിവ ലക്ഷ്യമിട്ടുള്ള ഘട്ടംഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതിയാണ് ട്രംപിന്‍റെ 15-ഇന സമാധാന പദ്ധതിയിലുള്ളത്. ഈ പദ്ധതി പ്രകാരം, അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്‍പായി ഇസ്രയേലും ഹമാസും നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറുകളിലെ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. തുടര്‍ന്ന്, ഹമാസും മറ്റ് പലസ്തീന്‍ വിഭാഗങ്ങളും ഗാസയുടെ സിവില്‍ ഭരണവും ആഭ്യന്തര സുരക്ഷാ ചുമതലകളും 'ഗാസ ഭരണത്തിനായുള്ള ദേശീയ സമിതി'ക്ക് കൈമാറണം. ആയുധങ്ങള്‍, ആയുധശേഖരങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, തുരങ്കങ്ങള്‍ എന്നിവ കണ്ടെത്തി അവയെല്ലാം ഈ സമിതിയുടെ നിയന്ത്രണത്തിലാക്കണമെന്നും പദ്ധതി നിര്‍ദ്ദേശിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പ്രഖ്യാപിക്കപ്പെട്ട ട്രംപിന്‍റെ ഗാസ സമാധാന പദ്ധതിക്ക് നെതന്യാഹുവിന്‍റെ ഈ പ്രഖ്യാപനം മറ്റൊരു തിരിച്ചടിയായി മാറുകയാണ്.

‌"ജ്ഞാനേഷ് കുമാർ ആരുടെ ഉത്തരവാണ് നടപ്പാക്കിയത്"; ഉത്തരം നൽകണമെന്ന് സിജെപി

"തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും, ഏത് അന്വേഷണവും വരട്ടെ": കെ. മുരളീധരൻ

അമെരിക്കയിലേക്ക് അയച്ച എഫ്-35 യുദ്ധവിമാന ഭാഗങ്ങൾ ചൈനയുടെ കൈയിൽ എത്തിയതെങ്ങനെ? രഹസ്യവിവരം പുറത്ത്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം