ഇറാനെതിരായ അപ്രതീക്ഷിത യുഎസ് ആക്രമണം ഉണ്ടാകുമോ?കരുതലോടെ ഇസ്രയേൽ

 

credit:  x

World

ഇറാനെതിരായ അപ്രതീക്ഷിത യുഎസ് ആക്രമണം ഉണ്ടാകുമോ? കരുതലോടെ ഇസ്രയേൽ

ലെബനൻ അതിർത്തി സന്ദർശിച്ച് ഇയാൽ സമീർ

Reena Varghese

യുഎസ്-ഇറാൻ ആണവ ചർച്ചകൾ കൂടുതൽ സംഘർഷ ഭരിതമാകാനുള്ള സാധ്യത നിലനിൽക്കുന്നതിനിടെ വാഷിങ്ടണിന്‍റെ അപ്രതീക്ഷിത സൈനിക നീക്കങ്ങളെ കുറിച്ച് ആശങ്കയോടെ ഇസ്രയേൽ. ഇറാനെതിരേ മുന്നറിയിപ്പില്ലാതെ അമെരിക്ക ആക്രമണം നടത്തുകയോ ചർച്ചകൾക്കിടെ ഇറാൻ തിരിച്ചടി നൽകുകയോ ചെയ്യുന്ന സാഹചര്യം മേഖലയിൽ പുതിയ യുദ്ധസാധ്യതകൾക്ക് വഴിയൊരുക്കുമെന്നാണ് ഇസ്രായേൽ പ്രതിരോധ നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

ഇതിന്‍റെ പശ്ചാത്തലത്തിൽ അമെരിക്കൻ സൈന്യവുമായുള്ള ഏകോപനം ശക്തമാക്കുന്നതിനൊപ്പം രഹസ്യാന്വേഷണ നിരീക്ഷണം, നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ, വ്യോമപ്രതിരോധം എന്നിവയിലും ഇസ്രായേൽ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.

അമെരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ ഇസ്രായേലിനെ ആശങ്കപ്പെടുത്തുന്ന മൂന്ന് പ്രധാന സാഹചര്യങ്ങളാണുള്ളത്. അമെരിക്കൻ താൽപര്യങ്ങൾക്കും ഇസ്രായേലിനും നേരെ ഇറാൻ അപ്രതീക്ഷിത ആക്രമണം നടത്തുക, ഇസ്രായേലിന് മതിയായ മുന്നറിയിപ്പ് നൽകാതെ അമെരിക്ക ഇറാനെതിരെ സൈനിക നടപടി ആരംഭിക്കുക, അല്ലെങ്കിൽ ഇറാന് യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കാനും ബാലിസ്റ്റിക് മിസൈൽ ശേഷി വികസിപ്പിക്കാനും പ്രാദേശിക സായുധസംഘങ്ങൾക്ക് പിന്തുണ തുടരാനും അവസരം നൽകുന്ന നയതന്ത്ര കരാർ രൂപപ്പെടുക എന്നിവയാണവ.

അത്തരമൊരു കരാർ ഇറാന്‍റെ പ്രാദേശിക സ്വാധീനം നിലനിർത്താൻ സഹായിക്കുമെന്നാണ് ഇസ്രായേലിന്‍റെ ആശങ്ക. ഹിസ്ബുള്ള, ഹമാസ്, ഹൂത്തികൾ തുടങ്ങിയ സായുധസംഘങ്ങൾക്കുള്ള ഇറാന്‍റെ പിന്തുണയും മേഖലയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയായി തുടരുമെന്നാണ് ഇസ്രായേൽ വിലയിരുത്തുന്നത്.

ലെബനൻ അതിർത്തി സന്ദർശിച്ച് ഇയാൽ സമീർ

ഇതിനിടെ, ഐഡിഎഫ് ചീഫ് ഒഫ് സ്റ്റാഫ് ലെഫ്റ്റനന്‍റ് ജനറൽ ഇയാൽ സമീർ ലെബനൻ അതിർത്തി സന്ദർശിച്ചു. ഇറാന്‍റെ നേതൃത്വത്തിൽ മേഖലയിൽ സംഘർഷം വ്യാപിപ്പിക്കാൻ ശ്രമിച്ചാൽ ഹിസ്ബുള്ളയും ലെബനീസ് സർക്കാരും ശക്തമായ സൈനിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സാധ്യമായ ഭീഷണികൾ തിരിച്ചറിയുന്നതിനും കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിനും ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം നടത്തുന്ന നീക്കങ്ങൾക്കും പ്രാധാന്യം വർധിച്ചിട്ടുണ്ട്.

ഐഡിഎഫിന്‍റെ മിലിട്ടറി ഇന്‍റലിജൻസ് ഡയറക്റ്ററേറ്റ് മേധാവി മേജർ ജനറൽ ഷ്ലോമി ബിൻഡറിന്‍റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഈ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്നത്. ഒറ്റപ്പെട്ട സൈനിക സംഭവങ്ങൾ മുതൽ ഇറാനും അവരുടെ പ്രാദേശിക സഖ്യസായുധസംഘങ്ങളും ചേർന്ന് പശ്ചിമേഷ്യയുടെ വിവിധ ഭാഗങ്ങളിൽ ഒരേസമയം ആക്രമണങ്ങൾ നടത്തുന്ന സാഹചര്യം വരെ ഇസ്രായേൽ പ്രതിരോധ വിഭാഗം വിലയിരുത്തുന്നുണ്ട്.

അമെരിക്കയുടെ അടുത്ത നീക്കമെന്ത്?

മേഖലയിലെ സംഘർഷാവസ്ഥ ഇതിനകം തന്നെ സങ്കീർണമാണ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ (IRGC) കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ബഹ്‌റൈനിലെ അമെരിക്കൻ റഡാർ കേന്ദ്രത്തെ ഇറാൻ ലക്ഷ്യമിട്ടത് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നു. മേഖലയിലെ അമെരിക്കൻ സൈനിക പ്രതിരോധ സംവിധാനങ്ങളുടെ സുരക്ഷയെക്കുറിച്ചും ഇത് ചോദ്യങ്ങളുയർത്തിയിട്ടുണ്ട്.

അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന കാര്യത്തിൽ ഇസ്രായേൽ പ്രതിരോധ വിഭാഗത്തിനും വ്യക്തതയില്ല. ഏതു നിമിഷവും ഒരു കടുത്ത സൈനിക നടപടിയിലേയ്ക്കു കടക്കാൻ തയാറാണെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥർ ഇസ്രയേൽ സഹപ്രവർത്തകരായ സൈനികരെ അറിയിച്ചതായാണ് റിപ്പോർട്ട്. ഇത് ഇറാനെതിരേ പെട്ടെന്ന് ഒരു ആക്രമണം നടത്താനുള്ള വാഷിങ്ടണിന്‍റെ തയാറെടുപ്പിന്‍റെ സൂചനയായാണ് ഇസ്രയേൽ കാണുന്നത്. യുദ്ധസാഹചര്യങ്ങളിൽ പോലും അമെരിക്കൻ സൈന്യത്തിന് സംഭവ വികാസങ്ങളെ കുറിച്ച് ഇസ്രയേൽ വിശദീകരിക്കേണ്ട സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്ന് ഇസ്രയേൽ സുരക്ഷാ വിഭാഗത്തിലെ ഒരു വൃത്തം ചൂണ്ടിക്കാട്ടി.

ഇറാന്‍റെ പ്രോക്സി ഗ്രൂപ്പുകൾ പുതിയ ഭീഷണി

മേഖലയിലെ വിദേശ പങ്കാളികളിൽനിന്ന് ലഭിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇറാനെതിരെ മുൻകരുതൽ ആക്രമണം നടത്താനുള്ള സാധ്യതയും ഇസ്രായേൽ രാഷ്ട്രീയ നേതൃത്വം പരിഗണിച്ചേക്കാമെന്ന് സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അപ്രതീക്ഷിത ആക്രമണങ്ങളിൽ നിന്ന് സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇസ്രായേൽ പ്രതിരോധ സേന അമെരിക്കൻ സൈന്യവുമായുള്ള ഏകോപനം ശക്തമാക്കുന്നത്. രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിലും ഭീഷണികൾ നേരത്തേ തിരിച്ചറിയുന്നതിലും വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുന്നതിലും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. അതേസമയം, ദീർഘകാലമായി ഉയർന്ന ജാഗ്രതയിൽ തുടരുന്ന കര-വ്യോമ സേനാംഗങ്ങൾക്ക് അമിതമായ ക്ഷീണം ഉണ്ടാകാതിരിക്കാനും പ്രതിരോധ നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്.

ആശങ്കയുണർത്തി ഇറാന്‍റെ മിസൈൽ ശേഷി

'ഓപ്പറേഷൻ റോറിംഗ് ലയൺ' (Operation Roaring Lion) സമയത്ത് ഇറാനിലെ പ്രതിരോധ ഉൽപാദന കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നെങ്കിലും, മുൻകാല ബാലിസ്റ്റിക് മിസൈൽ ഉൽപാദന ശേഷിയുടെ ഏകദേശം 20 ശതമാനം ഇറാൻ വീണ്ടെടുത്തതായാണ് ഇസ്രായേലിന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇറാന്‍റെ മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ, ലോഞ്ചറുകൾ, മിസൈൽ താവളങ്ങൾ എന്നിവയുടെ നിരീക്ഷണത്തിനാണ് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം കൂടുതൽ പ്രാധാന്യം നൽകുന്നത്. നിലവിലെ സംഘർഷാവസ്ഥ ആഴ്ചകളോളം നീണ്ടുനിൽക്കാമെന്നാണ് ഐഡിഎഫ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. ഇത് സൈനികരുടെ ശാരീരികവും മാനസികവുമായ ക്ഷീണം വർധിപ്പിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

പുതിയ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് സൈനിക സജ്ജതയും പ്രതിരോധ സംവിധാനങ്ങളും തുടർച്ചയായി വിലയിരുത്തുന്നുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ വിഭാഗം വ്യക്തമാക്കുന്നു. ഇറാനെതിരായ അമെരിക്കയുടെ സൈനിക നീക്കം മാത്രമല്ല ഇസ്രായേലിന്‍റെ ആശങ്ക. അമെരിക്കയുടെ തീരുമാനങ്ങൾ മുൻകൂട്ടി അറിയാനാകാത്ത സാഹചര്യം, ഇറാന്‍റെ തിരിച്ചടി, പ്രാദേശിക സായുധ സംഘങ്ങളുടെ ഇടപെടൽ, ദീർഘകാല സൈനിക ജാഗ്രത മൂലമുള്ള ക്ഷീണം എന്നിവയെല്ലാം ഒരേസമയം കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ് ഇസ്രായേലിന് മുന്നിലുള്ളത്.