27കാരനായ പോക്സോ സംഘത്തലവൻ  കൈൽ സ്പിറ്റ്സ്

 
World

ഓൺലൈൻ തീവ്രവാദ പോക്സോ സംഘത്തലവന് 77 വർഷം തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന ഓൺലൈൻ തീവ്രവാദ ഗ്രൂപ്പായ ‘764’ ന്‍റെ സംഘത്തലവനാണ് പിടിയിലായത്

Reena Varghese

വാഷിങ്ടൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഓൺലൈനിലൂടെ ലക്ഷ്യമിട്ട് ചൂഷണം ചെയ്ത കേസിൽ 27കാരനായ യുവാവിന് അമെരിക്കയിൽ 77 വർഷം തടവ്. ടെന്നസിയിലെ കൈൽ സ്പിറ്റ്സിനാണ് ഫെഡറൽ കോടതി ശിക്ഷ വിധിച്ചത്. ഓൺലൈൻ തീവ്രവാദ ശൃംഖലയായ 764മായി ബന്ധപ്പെട്ട ഒരാള്‍ക്ക് ഇതുവരെ ലഭിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ ഫെഡറല്‍ ശിക്ഷയാണിത്. യുവാക്കളെ ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും സ്വയം ഉപദ്രവിക്കുന്നതടക്കമുള്ള പ്രവൃത്തികളിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ശൃംഖലയാണ് 764 എന്നാണ് എഫ്ബിഐയുടെ വിലയിരുത്തല്‍.

സ്പിറ്റ്‌സ് ഓണ്‍ലൈനിലൂടെ 2,600 ലേറെ പേരെ ‘ഗ്രൂം’ ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരില്‍ രണ്ടുപേര്‍ പിന്നീട് ആത്മഹത്യ ചെയ്തതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചശേഷം ഭീഷണിപ്പെടുത്തിയും , ബ്ലാക്ക്മെയില്‍ നടത്തിയുമാണ് 764 അംഗങ്ങള്‍ ഇരകളെ നിയന്ത്രിക്കുന്നത്. ലൈംഗിക ദൃശ്യങ്ങള്‍, സ്വയം പരിക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍, മൃഗങ്ങളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ തുടങ്ങിയവ പകര്‍ത്താനും ലൈവായി സംപ്രേഷണം ചെയ്യാനും ഇവരെ നിര്‍ബന്ധിച്ചിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

12 വയസുള്ള ഒരു പെണ്‍കുട്ടിയെ സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പ്രണയബന്ധമെന്ന രീതിയില്‍ സമീപിക്കുകയും പിന്നീട് ലൈംഗിക ദൃശ്യങ്ങള്‍ അയയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ആവശ്യങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ വീടിന്‍റെ ജനല്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ സ്വയം പരിക്കേല്‍പ്പിക്കാനും ഒരു മൃഗത്തെ കൊല്ലുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും ഇയാള്‍ നിര്‍ബന്ധിച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

സ്വയം ഉപദ്രവിക്കല്‍, മൃഗപീഡനം, കൂട്ടക്കൊല എന്നിവയെ മഹത്വവല്‍ക്കരിക്കുന്ന ‘നിഹിലിസ്റ്റിക് വയലന്‍റ് എക്‌സ്ട്രീമിസം’ എന്ന ഉയര്‍ന്നുവരുന്ന ദേശീയ സുരക്ഷാ ഭീഷണിയുടെ ഭാഗമായ സംഘമെന്നാണ് എഫ്ബിഐയും യുഎസ് നീതിന്യായ വകുപ്പും 764 നെ കണക്കാക്കുന്നത്. ഇത്തരത്തിലുള്ള കേസുകളുമായി ബന്ധപ്പെട്ട് 450-ലേറെ അന്വേഷണങ്ങള്‍ നിലവില്‍ എഫ്ബിഐ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. 2024-ല്‍ സ്പിറ്റ്‌സിനെ എഫ്ബിഐ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ബാല അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ടതും മൃഗപീഡനവുമായി ബന്ധപ്പെട്ടതുമായ നിരവധി കുറ്റങ്ങള്‍ ഇയാള്‍ സമ്മതിച്ചു.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ രാത്രി കാട്ടാനക്കൂട്ടം

നെഹ്റു ട്രോഫി വള്ളം കളി; ശനിയാഴ്ച ആലപ്പുഴയിൽ പ്രാദേശിക അവധി

പന്നി കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

പുലികളിക്കെതിരായ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ