ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ വീടിന് തീയിട്ടു
ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും അശാന്തി പടരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ചാറ്റോഗ്രാമിലുള്ള മുന്‍ ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസിന്റെ തറവാട് വീടിന് അവാമി ലീഗ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ തീയിട്ടു. ചാറ്റോഗ്രാമിലെ യൂനുസിന്റെ തറവാട് വീടിന്റെ താഴത്തെ നിലയിലുള്ള ഒരു മുറിയില്‍ നിന്നാണ് തീ പടര്‍ന്നത്. താഴത്തെ നിലയില്‍ ആരും താമസിക്കുന്നില്ലെങ്കിലും, രണ്ടാമത്തെയും മൂന്നാമത്തെയും നിലകളില്‍ യൂനുസിന്റെ സഹോദരന്മാരുടെ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
വടക്കു കിഴക്കന്‍ സില്‍ഹെറ്റ്, വടക്കു പടിഞ്ഞാറന്‍ രാജഷാഹി, തെക്കു പടിഞ്ഞാറന്‍ ബാരിഷാല്‍, ഫരീദ്പൂര്‍ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന യൂനുസിന്റെ ഗ്രാമീണ്‍ ബാങ്ക് ശാഖകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തറവാട് വീട് ലക്ഷ്യമിട്ടത്.
മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയാണ് അവാമി ലീഗ്. ഈ പാര്‍ട്ടിയെ ബംഗ്ലാദേശില്‍ നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ പ്രവാസ ജീവിതം തുടരുന്ന ഹസീന ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായി അവാമി ലീഗ് പ്രവര്‍ത്തകര്‍ ബംഗ്ലാദേശില്‍ നടത്തിയ ശക്തിപ്രകടനത്തിലാണ് അക്രമങ്ങളുണ്ടായത്. നാല് പേര് അക്രമങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തോടനുബന്ധിച്ച് 565 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക വാര്‍ത്താ ചാനലായ 'ബിഡി ന്യൂസ്24' റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച അര്‍ദ്ധരാത്രിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി നൂറുല്‍ ഇസ്ലാം നാഹിദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീന് അഹമ്മദ് വ്യക്തമാക്കി. ഓഡിയോ, വിഡിയൊ തെളിവുകള്‍ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ധാക്കയിലുടനീളം കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നിട്ടും, പുലര്‍ച്ചെയ്ക്ക് മുമ്പായി പലയിടത്തും സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചതായും, തീവയ്പ്പും അക്രമങ്ങളും നടന്നതായും ദൃക്സാക്ഷികള്‍ അറിയിച്ചു. സ്ഫോടനങ്ങളില്‍ നാല് പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
2024 ഓഗസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിന്റെ തലവനായി യൂനുസ് അധികാരമേറ്റത്. ഈ ഭരണകൂടം അവാമി ലീഗിനെ പിരിച്ചുവിടുകയും, കൂട്ടക്കൊലപാതകം മുതല്‍ ആള്‍ക്കൂട്ട ആക്രമണം വരെയുള്ള കുറ്റങ്ങള്‍ ചുമത്തി പാര്‍ട്ടിയിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരെ ജയിലിലടയ്ക്കുകയും ചെയ്തു. യൂനുസിന്റെ ഭരണകാലത്ത് 1971ലെ വിമോചന യുദ്ധവുമായി ബന്ധപ്പെട്ട സ്മാരകങ്ങള്‍ അക്രമിസംഘങ്ങള്‍ തകര്‍ത്തു. കൂടാതെ, ബംഗ്ലാദേശിന്റെ സ്ഥാപകനും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ധന്‍മോണ്ടിയിലുള്ള വസതിയും ഘട്ടംഘട്ടമായി തകര്‍ത്തു.