ഇറാനു സമീപം 20 യുദ്ധക്കപ്പലുകൾ വിന്യസിച്ച് യുഎസ് സൈന്യം
വാഷിങ്ടൺ: അമെരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മാസങ്ങളായി തുടരുന്നതിനിടെ നിലപാട് കടുപ്പിച്ച് അമെരിക്ക. ഇറാനെതിരേ ഉപരോധം കൂടുതൽ ശക്‌തമാക്കിയ നടപടിയാണ് അമെരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായത്. മധ്യപൂർവ ദേശത്ത് 20ലേറെ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ടെന്നും ഇറാനെതിരേ നാവിക ഉപരോധം കർശനമായി നടപ്പാക്കുകയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
ഓഗസ്റ്റ് ഒന്‍പതു വരെ 55 വാണിജ്യ കപ്പലുകള്‍ വഴിതിരിച്ചുവിട്ടെന്നും രണ്ട് കപ്പലുകള്‍ പ്രവർത്തന രഹിതമാക്കിയെന്നും ഇവയിൽ രണ്ടെണ്ണത്തില്‍ പരിശോധന നടത്തിയെന്നും സെന്‍റ്കോം വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് യുഎസിന്‍റെ പുതിയ നീക്കം. പേര്‍ഷ്യന്‍ ഉള്‍ക്കടലിനെയും ഒമാന്‍ ഉള്‍ക്കട ലിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന പ്രധാന ജലപാതയായ ഹോർമൂസിലൂടെയാണ് ലോക ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിന്‍റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്നത്. അതിനാല്‍ കടലിടുക്കിലെ നിയന്ത്രണം ആഗോള ഊര്‍ജവിപണിയെയും ബാധിക്കാവുന്ന പ്രധാന വിഷയമാണ്.
അതേസമയം, ഹോർമൂസ് കടലിടുക്ക് വാണിജ്യ കപ്പല്‍ ഗതാഗതത്തിനായി വീണ്ടും തുറക്കുന്നതിന് യുഎസ് ചില നിബന്ധനകള്‍ പാലിച്ചേ തീരൂ എന്ന കടുത്ത നിലപാടിലാണ് ഇറാൻ. ഒമാനുമായി ചേർന്ന് പുതിയ കപ്പൽ ഗതാഗത പാതകൾ സംബന്ധിച്ച് അന്തിമ ധാരണയിലേയ്ക്ക് അടുക്കുകയാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യുഎസ് നഷ്ടപരിഹാരം നൽകണമെന്നും ഉപരോധങ്ങളും സൈനിക ഭീഷണികളും അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. യുഎസുമായി നേരിട്ടുള്ള ചർച്ചകൾ നടക്കുന്നില്ലെന്ന് ഇറാൻ ആവർത്തിച്ചു. ജൂണിൽ ഒപ്പു വച്ച ഇടക്കാല ധാരണ യുഎസ് ലംഘിക്കുന്നിടത്തോളം നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കില്ലെന്നും ഇടനിലക്കാർ വഴി സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇറാനുമായി പാതി വഴിയിലുള്ള ചർച്ചകൾ മാത്രമാണ് നടക്കുന്നതെന്ന് യുഎസ്പ്രസിഡന്‍റ് പറഞ്ഞു. ഇറാനിലെ ഉയർന്ന പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും യുഎസ് നിരീക്ഷിച്ചു വരികയാണെന്നും ട്രംപ് പറഞ്ഞു. ഹോർമൂസ് വീണ്ടും തുറക്കുന്നതിന് യുഎസ് ഇറാനെതിരായ ആക്രമണങ്ങളിൽ വരുത്തിയ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ഇറാന്‍റെ പ്രധാന ആവശ്യം.
കൂടാതെ ഇറാനെതിരായ യുഎസ് സൈനിക ഭീഷണികളും ആക്രമണങ്ങളും അവസാനിപ്പിക്കുക, ഗൾഫിലെ നാവിക ഉപരോധം പിൻവലിക്കുക, ഇറാനു മേലുള്ള ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടു നൽകുക തുടങ്ങിയ ആവശ്യങ്ങളും ഇറാൻ മുന്നോട്ടു വച്ചിട്ടുണ്ട്.
ഇറാന്‍റെ സഖ്യ കക്ഷികളായ ലെബനൻ, പലസ്തീൻ, യെമൻ, ഇറാഖ് സഖ്യകക്ഷികൾക്കെതിരായ യുഎസ് ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നാണ് ടെഹ്റാന്‍റെ ആവശ്യം. അതേസമയം ഹോർമൂസിലെ യുഎസ് നാവിക സാന്നിധ്യവും ഇറാന്‍റെ കടലിടുക്ക് നിയന്ത്രിക്കുന്ന നിലപാടും പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് ആശങ്ക.