യോം കീപ്പൂർ ദിനത്തിൽ ക്യാനഡയിലെ സിനഗോഗിനു സമീപം വെടിവയ്പ്
വാഷിങ്ടൺ: ക്യാനഡയിലെ ഒന്‍റാറിയോയിൽ യോം കീപ്പൂർ ദിനത്തിൽ സിനഗോഗിനു പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനു നേരെ വെടിവയ്പ്.
29 കാരനായ സീൻ വാർഡ് ഷോട്ട്ഗണുപയോഗിച്ച് വെടിയുതിർത്തതായാണ് പൊലീസ് ഭാഷ്യം. തിരിച്ചു നടന്ന പൊലീസ് വെടിവയ്പിൽ ഇയാൾക്കും പരിക്കേറ്റു. ബെൽവിൽ പൊലീസ് സർവീസിലെ കോൺസ്റ്റബിൾ ജെഫ് സ്മിത്തിനും ഗുരുതര പരിക്കുണ്ട്.
വെടിയേറ്റു വീണ പൊലീസ് കോൺസ്റ്റബിൾ ജെഫ് സ്മിത്ത്
ഞായറാഴ്ച ട്രക്കിലെത്തിയ പ്രതി ബെൽവിലിലെ സൺസ് ഒഫ് ജേക്കബ് സിനഗോഗിനു പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനു നേരെ വെടിയുതിർത്തതായാണ് പ്രാഥമിക വിവരം. ഉദ്യോഗസ്ഥൻ തിരിച്ചും വെടിയുതിർത്തു. ഏകദേശം 30 റൗണ്ട് വരെ വെടി വയ്പ് നടന്നതായി അധികൃതർ പറഞ്ഞു.
ഈ വെടിവയ്പു നടക്കുമ്പോൾ സിനഗോഗിനുള്ളിൽ ഏതാണ്ട് 24 പേരോളം ഉണ്ടായിരുന്നു. ജൂതരുടെ പുണ്യദിനമായ യോം കീപ്പൂർ ദിനത്തിൽ സിനഗോഗിനു സമീപം നടന്ന ഈ വെടിവയ്പിൽ ജനങ്ങൾ ആശങ്കാകുലരാണ്.
സൺസ് ഒഫ് ജേക്കബ് സിനഗോഗ്
വെടിവയ്പ് വിദ്വേഷ കുറ്റകൃത്യമാണോയെന്ന് ഇപ്പോൾ പറയാൻ സമയമായിട്ടില്ലെന്ന് ബെൽവിൽ മേയർ നീൽ എല്ലിസ് പറഞ്ഞു. എന്നാൽ സംഭവം നടന്ന സ്ഥലവും സമയവും കണക്കിലെടുക്കുമ്പോൾ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡയിൽ വർധിച്ചുവരുന്ന ജൂതവിരുദ്ധ സംഭവങ്ങളെക്കുറിച്ച് നേരത്തെയും കാർണി ആശങ്ക പ്രകടിപ്പിച്ചിരുന്നു.