പാക്കിസ്ഥാനില്‍ സ്‌ഫോടനം

 
file image
World

പാക്കിസ്ഥാനില്‍ സ്‌ഫോടനം: 11 പേര്‍ കൊല്ലപ്പെട്ടു

30-ലേറെ പേര്‍ക്ക് പരുക്ക്, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന്‍

Reena Varghese

ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഡെറ ഇസ്മായില്‍ ഖാനിലുണ്ടായ സ്‌ഫോടനത്തില്‍ കുറഞ്ഞത് 11 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി 'റെസ്‌ക്യൂ 1122' എന്ന അടിയന്തര സേവന വിഭാഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ എട്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ചാവേര്‍ ആക്രമണമാണെന്ന് റിപ്പോര്‍ട്ടുണ്ട്.

അതേസമയം, സായുധ തീവ്രവാദ സംഘടനയായ തെഹ്രിക്-ഇ-താലിബാന്‍ പാക്കിസ്ഥാന്‍ (പാക്കിസ്ഥാന്‍ താലിബാന്‍) ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസ്താവനയിറക്കി. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഡെറ ഇസ്മായില്‍ ഖാന്‍ പലപ്പോഴും ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇവയില്‍ പലതും പൊലീസിനെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ടുള്ളവയായിരുന്നു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന്‍

കഴിഞ്ഞ ആഴ്ച പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലുണ്ടായ ചാവേറാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു പള്ളിക്കു സമീപമായിരുന്നു ഈ ആക്രമണം നടന്നത്. സ്‌ഫോടനത്തിന്‍റെ ശക്തിയില്‍ പള്ളിയുടെ പുറംഭാഗം പൂര്‍ണമായും തകര്‍ന്നു.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം പഴയ പൊലീസ് ലൈന്‍സിന്‍റെ ഗേറ്റിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ പാക്കിസ്ഥാനില്‍ 990 ഭീകരാക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആക്രമണങ്ങളില്‍ ആകെ 1,129 പേരാണ് കൊല്ലപ്പെട്ടത്.

'ഗ്ലോബൽ ടെററിസം ഇൻഡക്സ് 2025' പ്രകാരം, ബുർക്കിന ഫാസോ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങൾ നടക്കുന്ന രണ്ടാമത്തെ രാജ്യമാണ് പാക്കിസ്ഥാൻ. 2024-ൽ നാലാം സ്ഥാനത്തായിരുന്നു പാക്കിസ്ഥാൻ. 2025-ൽ ടിടിപി (തെഹ്‌രിക്-ഇ-താലിബാന്‍ പാക്കിസ്ഥാന്‍) ആക്രമണങ്ങളിൽ 90 ശതമാനവും ബിഎൽഎ (ബലോചിസ്ഥാൻ ലിബറേഷൻ ആർമി) ആക്രമണങ്ങളിൽ 60 ശതമാനവും വർധനയുണ്ടായി.

ഐഎസ്-കെ പാക്കിസ്ഥാനിലെ നഗരങ്ങളെയും ലക്ഷ്യമിട്ടു തുടങ്ങിയിട്ടുണ്ട്. ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നീ പ്രദേശങ്ങളാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. പാക്കിസ്ഥാനിലെ ആകെ ഭീകരാക്രമണ സംഭവങ്ങളിൽ 90 ശതമാനവും നടന്നത് ഇവിടെയാണ്.

ട്രംപ് ഭരണകൂടത്തിൽ അഴിമതി കുറവ്... പറഞ്ഞതാകട്ടെ ബരാക് ഒബാമ!

സൗദി ആണവായുധം നിര്‍മിക്കാനൊരുങ്ങുന്നു

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം

"ബിജെപി സ്ഥാനാർഥിയാകാൻ ജ്ഞാനേഷ് കുമാർ നിർബന്ധിച്ചു"; വെളിപ്പെടുത്തലുമായി ജിജി തോംസൺ

എസ്ഐആർ: എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ