എഐ സുരക്ഷാ കരാറില്‍ ഒപ്പുവച്ച് ട്രംപും യുഎസ് ടെക് സിഇഒമാരും

 
World

എഐ സുരക്ഷാ കരാറില്‍ ഒപ്പുവച്ച് ട്രംപും യുഎസ് ടെക് സിഇഒമാരും

ഈ കരാര്‍ സ്വമേധയാ ഉള്ളതും 'ധാര്‍മികമായി ബാധ്യതയുള്ളതും' ആണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്

Reena Varghese

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും പ്രമുഖ എഐ കമ്പനികളുടെ സിഇഒമാരും ചേര്‍ന്ന് സ്വമേധയാ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളില്‍ ഒപ്പുവച്ചു. ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ഉച്ചഭക്ഷണത്തിനിടെയാണ് ഒപ്പുവച്ചത്. എഐ-യുടെ മേല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഈ നടപടി.

ഈ കരാര്‍ നാല് തലങ്ങളിലുള്ള നിയന്ത്രണങ്ങളും പരിശോധനകളുമാണ് നിര്‍ദേശിക്കുന്നത്. ആന്തരിക തലത്തിലുള്ള നിയന്ത്രണങ്ങള്‍, ആന്തരിക തലത്തിലുള്ള സുരക്ഷാ സംഘം, സ്വതന്ത്ര ബാഹ്യ തലത്തിലുള്ള ഓഡിറ്റുകള്‍, ബോര്‍ഡ് തലത്തിലുള്ള മേല്‍നോട്ടം എന്നിവയാണ് നാല് തലങ്ങളിലുള്ള നിയന്ത്രണങ്ങള്‍.

സ്വമേധയാ ഉള്ള കരാര്‍

ഈ കരാര്‍ സ്വമേധയാ ഉള്ളതും 'ധാര്‍മികമായി ബാധ്യതയുള്ളതും' ആണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇത് പാലിക്കുന്നതില്‍ പരാജയപ്പെടുന്ന കമ്പനികള്‍ക്ക് നിയമപരമായ പിഴകള്‍ ചുമത്തില്ല. എന്നാല്‍ ഇതിലെ ചില നടപടിക്രമങ്ങള്‍ ഭാവിയില്‍ നിയമങ്ങളിലോ ചട്ടങ്ങളിലോ ഉള്‍പ്പെടുത്താനുള്ള സാധ്യത തുറന്നിടുന്നുണ്ട്. എഐ സുരക്ഷാ കാര്യങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നതിനായി പത്തംഗ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ആ സമിതിയില്‍ ആരൊക്കെയായിരിക്കും അംഗങ്ങളാവുക എന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയില്ല.

പ്രമുഖര്‍ പങ്കെടുത്തു

ട്രംപിനൊപ്പം ടെസ്ല, സ്പേസ് എക്സ് എന്നിവയുടെ സിഇഒ ഇലോണ്‍ മസ്‌ക്, മെറ്റയുടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ആന്ത്രോപ്പിക്കിന്‍റെ ഡാരിയോ അമോഡെയ്, എന്‍വിഡിയയുടെ ജെന്‍സന്‍ ഹുവാങ്, ഓപ്പണ്‍ എഐയുടെ ഗ്രെഗ് ബ്രോക്ക്മാന്‍, ഗൂഗിളിന്‍റെ സുന്ദര്‍ പിച്ചൈ തുടങ്ങിയ പ്രമുഖ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖരും ഉണ്ടായിരുന്നു.

എഐ കമ്പനികള്‍ കൂടുതല്‍ ശേഷിയുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ, അവയുടെ ദുരുപയോഗത്തെക്കുറിച്ചും അപ്രതീക്ഷിതമായ പ്രവര്‍ത്തനരീതികളെക്കുറിച്ചുമുള്ള ആശങ്കകളും വര്‍ധിച്ചുവരികയാണ്. നിശ്ചയിക്കപ്പെട്ട പ്രവര്‍ത്തനപരിധി ലംഘിച്ച് മറ്റ് കമ്പനികളുടെ സംവിധാനങ്ങളിലേക്ക് നുഴഞ്ഞുകയറിയ എഐ ഏജന്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഓപ്പണ്‍ എഐയും ആന്ത്രോപിക്കും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഈ കരാര്‍ രൂപപ്പെട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ആശങ്ക

എഐയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഈ മേഖലയിലുള്ളവര്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന കാര്യത്തിലും പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കുന്നുണ്ട്. സെപ്റ്റംബര്‍ 17 മുതല്‍ 20 വരെ റോയിട്ടേഴ്‌സ്/ഇപ്‌സോസ് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 73 ശതമാനം പേരും, സമൂഹത്തിന് ഗുരുതരമായ ദോഷം വരുത്തുന്നതില്‍ നിന്ന് എഐയെ തടയാന്‍ കമ്പനികള്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു.

അതേസമയം, ട്രംപ് ഭരണകൂടം എഐയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് പിന്തുണ നല്‍കുന്നുമുണ്ട്. ചൈനയുമായുള്ള മത്സരവും എഐ നല്‍കുന്ന സാമ്പത്തിക നേട്ടങ്ങളും കണക്കിലെടുക്കുമ്പോള്‍, ഈ സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ വേഗത കുറയ്ക്കാന്‍ അമെരിക്ക തയാറാകരുതെന്നാണ് ട്രംപ് വാദിക്കുന്നത്.