ഇറാനെതിരേ സാമ്പത്തിക-സൈനിക സമ്മർദ്ദം ശക്തമാക്കും: സൂചന നൽകി ട്രംപ്

 
World

ഇറാനു മേൽ സാമ്പത്തിക-സൈനിക സമ്മർദം ശക്തമാക്കും: സൂചന നൽകി ട്രംപ്

ഇറാൻ വിഷയത്തിൽ യുഎസ് ഭരണകൂടം കടുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് ട്രംപിന്‍റെ പുതിയ പ്രതികരണം

Reena Varghese

വാഷിങ്ടൺ: ഇറാനെതിരേ സാമ്പത്തിക സൈനിക സമ്മർദ്ദങ്ങൾ ശക്തമാക്കുമെന്നു സൂചന നൽകി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെതിരേ കൂടുതൽ ശക്തമായ സാമ്പത്തിക സമ്മർദ്ദം തുടരുമെന്നും ആവശ്യമെങ്കിൽ സൈനിക നടപടി സ്വീകരിക്കുന്നതും പരിഗണിക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി.

ഇറാൻ വിഷയത്തിൽ യുഎസ് ഭരണകൂടം കടുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് ട്രംപിന്‍റെ പുതിയ പ്രതികരണം. ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കു നീങ്ങുമ്പോൾ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകർന്നു പോകാൻ അനുവദിക്കണമോ അതോ ശക്തമായ സൈനിക നടപടി സ്വീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ട സാഹചര്യമാണുള്ളതെന്നും ട്രംപ് സൂചിപ്പിച്ചു.

ഇറാനുമായുള്ള ചർച്ചകളെ ട്രംപ് വിശേഷിപ്പിച്ചത് വഞ്ചനാപരമായ ചർച്ചകൾ എന്നാണ്. ഇറാന്‍റെ ഭാഗത്തു നിന്നുള്ള ചർച്ചാ നീക്കങ്ങളെ യുഎസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. അതേ സമയം യുഎസ് സൈന്യത്തിന്‍റെ ആയുധശേഖരം കുറഞ്ഞതിന്‍റെ ഉത്തരവാദിത്തം മുൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകൂടത്തിനാണെന്നും ട്രംപ് ആരോപിച്ചു. മുൻ ഭരണകൂടത്തിന്‍റെ നയങ്ങൾ കാരണം സൈനിക വെടിക്കോപ്പുകളുടെയും മറ്റ് ആയുധങ്ങളുടെയും ശേഖരം കുറഞ്ഞു എന്നാണ് ട്രംപിന്‍റെ വിമർശനം.

ഇറാനെതിരായ അടുത്ത നീക്കം എന്തായിരിക്കുമെന്ന കാര്യത്തിൽ ട്രംപ് വ്യക്തമായ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാമ്പത്തിക സമ്മർദ്ദവും സൈനിക നടപടിയുടെ സാധ്യതയും ഒരേസമയം മുന്നിൽ വച്ചുള്ള കടുത്ത മുന്നറിയിപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്. ഇറാൻ-യുഎസ് ബന്ധം കൂടുതൽ വഷളാകാനുള്ള സാധ്യതയും ഇതോടെ ശക്തമായി.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം