അയോവയിൽ ഉരുക്ക് നിർമാണശാല സ്ഥാപിക്കാൻ എസ്സാർ ഗ്രൂപ്പ്

 
World

അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണശാല അയോവയിൽ വരുന്നു; സ്ഥാപിക്കുന്നത് എസ്സാർ ഗ്രൂപ്പ്

പദ്ധതിക്കായി എസ്സാര്‍ ഗ്രൂപ്പ് ഉപകമ്പനിയായ മെസാബി മെറ്റാലിക്‌സ് വഴി 18 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു

MV Desk

വാഷിങ്ടണ്‍: അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിര്‍മാണശാല അയോവയില്‍ സ്ഥാപിക്കുന്നു. ഇന്ത്യന്‍ ബഹുരാഷ്‌ട്ര കമ്പനിയായ എസ്സാര്‍ ഗ്രൂപ്പ് ഉപകമ്പനിയായ മെസാബി മെറ്റാലിക്‌സ് വഴി 18 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍ നടത്തിയ പ്രഖ്യാപനത്തില്‍, പ്രതിവര്‍ഷം 10 ദശലക്ഷം ടണ്‍ ഉരുക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ പ്ലാന്‍റിനെക്കുറിച്ചുള്ള വിവരം പങ്കുവയ്ക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുടെ വാര്‍ഷിക ഉത്പാദനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ ചെറിയൊരു അളവാണെങ്കിലും, അമെരിക്കയിലെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് (single-site) ഉരുക്ക് നിര്‍മാണശാലകളില്‍ ഒന്നായി ഇത് മാറും. ഒന്നിലധികം സ്ഥലങ്ങളില്‍ ശൃംഖല രൂപപ്പെടുത്തി നിര്‍മിക്കുന്നതിനു പകരം, ഒറ്റപ്പെട്ട ഒരു സ്ഥലത്ത് നിര്‍മാണം നടത്തുന്ന രീതിയാണ് സിംഗിള്‍ സൈറ്റ്.

ഈ പദ്ധതിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏകദേശം ഒരു പതിറ്റാണ്ട് സമയമെടുക്കുമെന്നും, 2030ഓടെ ഉരുക്ക് ഉത്പാദനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നുമാണ് റിപ്പോര്‍ട്ട്. അത്യാധുനിക ഉരുക്ക് നിര്‍മാണ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ പ്ലാന്‍റില്‍ നിന്ന് ഉത്പന്നങ്ങള്‍ അമെരിക്കന്‍ വിപണിയിലേക്കും വിദേശ ഉപഭോക്താക്കള്‍ക്കും വിതരണം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.

ഈ നിക്ഷേപത്തെ ട്രംപും അദ്ദേഹത്തിന്‍റെ ഭരണകൂടത്തിലെ അംഗങ്ങളും യുഎസ് ഗവണ്‍മെന്‍റിന്‍റെ വ്യാപാര നയങ്ങളുമായി, പ്രത്യേകിച്ച് ഇറക്കുമതി ചെയ്യുന്ന ഉരുക്കിന് ഏര്‍പ്പെടുത്തിയ 50% തീരുവയുമായി ബന്ധിപ്പിച്ചു.

'യുഎസ് ഭരണകൂടം തീരുവകള്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഈ ഉരുക്ക് പ്ലാന്‍റും നിര്‍മിക്കപ്പെടുമായിരുന്നില്ലെന്ന് യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് പറഞ്ഞു. യുഎസില്‍ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് തീരുവ നല്‍കുന്നത് ഒഴിവാക്കാന്‍ കമ്പനികള്‍ യുഎസില്‍ ഉത്പാദനം നടത്താന്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.

എസ്സാര്‍ ഗ്രൂപ്പ്

ശശി, രവി റൂയിയ എന്നീ സഹോദരങ്ങള്‍ സ്ഥാപിച്ച എസ്സാര്‍ ഗ്രൂപ്പിന് ഉരുക്ക്, ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ ബിസിനസ് സംരംഭങ്ങളുണ്ട്. 'മിനസോട്ട സ്റ്റീല്‍' കമ്പനിയെയും അതിന്‍റെ ഇരുമ്പയിര് ശേഖരത്തെയും ഏറ്റെടുത്തു കൊണ്ട് 2007ലാണ് ഈ ഗ്രൂപ്പ് യുഎസിലെ മിനസോട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അതിനുശേഷം, അമെരിക്കയില്‍ ഖനനവും ഉരുക്ക് ഉത്പാദനവും സംയോജിപ്പിച്ചുള്ള ഒരു പദ്ധതി വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍, ഗുജറാത്തിലെ ഹസീരയിലുള്ള 10 ദശലക്ഷം ടണ്‍ ശേഷിയുള്ള ഉരുക്ക് പ്ലാന്‍റ് എസ്സാറിന്‍റെ ആസ്തികളില്‍ ഉള്‍പ്പെടുന്നു. യുകെയിലെ സ്റ്റാന്‍ലോ റിഫൈനറിയുടെ ഉടമസ്ഥതയും ഈ ഗ്രൂപ്പിനുണ്ട്. കൂടാതെ സൗദി അറേബ്യയില്‍ കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനമുള്ള സ്റ്റീല്‍ പദ്ധതി നടപ്പിലാക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം

കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്ത് അൽ ഫുർസാൻ