ഭൂഗർഭ മിസൈൽ കേന്ദ്രം അനാച്ഛാദനം ചെയ്ത് ഇറാൻ
അമെരിക്കയുടെയും ഇസ്രയേലിന്റെയും വ്യോമാക്രമണങ്ങൾക്കിടയിലും തങ്ങളുടെ മിസൈൽ ശേഷി തകർക്കപ്പെട്ടിട്ടില്ലെന്ന സന്ദേശവുമായി ഇറാൻ പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രം അനാച്ഛാദനം ചെയ്തു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പുറത്തുവിട്ട ദൃശ്യങ്ങളിൽ ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും അവയുടെ വിക്ഷേപണ സംവിധാനങ്ങളും ഉൾപ്പെടുന്ന വിപുലമായ ഭൂഗർഭ സൈനിക സംവിധാനം കാണാം. ഇറാനെതിരേ ഇനിയുമൊരു ആക്രമണമുണ്ടായാൽ മിഡിൽ ഈസ്റ്റിന് പുറത്തേക്കും പ്രത്യാഘാതങ്ങൾ വ്യാപിക്കുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
ഇറാൻ സായുധ സേനാ മേധാവി മേജർ ജനറൽ അലി അബ്ദുള്ളാഹിയും ഐആർജിസി എയ്റോസ്പേസ് ഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ മജിദ് മൗസവിയും കേന്ദ്രം സന്ദർശിച്ചു. 'ശത്രുക്കളെ അമ്പരപ്പിക്കുന്ന തരത്തിൽ നൂതന മിസൈലുകൾ യുദ്ധക്കളത്തിൽ പ്രഹരശേഷി പ്രകടിപ്പിക്കും' എന്നാണ് സന്ദർശനത്തിനിടെ അബ്ദുള്ളാഹി പറഞ്ഞത്. ഇറാനെതിരേ മറ്റൊരു സൈനിക നീക്കമുണ്ടായാൽ അതിനുള്ള മറുപടി മേഖലയുടെ അതിർത്തികൾക്കപ്പുറത്തേക്കും വ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഫത്താഹ് മിസൈലുകളും അത്യാധുനിക വിക്ഷേപണ സംവിധാനങ്ങളും
പുറത്തു വിട്ട ദൃശ്യങ്ങളിൽ ഫത്താഹ്-1 ഉൾപ്പടെയുള്ള മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ നിരനിരയായി സൂക്ഷിച്ചിരിക്കുന്നത് കാണാം. ബൂസ്റ്ററുകളും വാർഹെഡുകളും ഘടിപ്പിച്ച മിസൈലുകൾക്കൊപ്പം ലക്ഷ്യത്തിലേയ്ക്ക് സഞ്ചരിക്കുമ്പോൾ ദിശമാറ്റം നടത്താൻ ശേഷിയുള്ള മാനുവറബിൾ റീ എൻട്രി വാഹനങ്ങളും (ആർവി) ദൃശ്യങ്ങളിലുണ്ടെന്നാണ് പ്രതിരോധ നിരീക്ഷകരുടെ വിലയിരുത്തൽ.
ഖൈബർ ഷെകാൻ മിസൈലുമായി ബന്ധപ്പെട്ട റീഎൻട്രി വാഹനങ്ങളുടെ സാങ്കേതിക സവിശേഷതകളും ദൃശ്യങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇറാൻ പുറത്തുവിട്ട പുതിയ ദൃശ്യങ്ങളിൽ പഴയ തലമുറ മിസൈലുകളും ആധുനിക സംവിധാനങ്ങളും ഒരുമിച്ച് കാണാനാകുന്നതായി പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സൈനിക ആവശ്യങ്ങൾക്കായി രൂപമാറ്റം വരുത്തിയ വാണിജ്യ ട്രക്കുകളും ഭൂഗർഭ കേന്ദ്രത്തിൽ കാണപ്പെടുന്നുണ്ട്. സാധാരണ ചരക്കുവാഹനങ്ങളെപ്പോലെ തോന്നിക്കുന്ന ഇത്തരം ട്രക്കുകളുടെ പിന്നിൽ മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ആവശ്യമായ സമയത്ത് മിസൈൽ ഉയർത്തി വിക്ഷേപിക്കാൻ കഴിയുന്ന രീതിയിലാണ് ഇവയുടെ രൂപകൽപ്പന. സാധാരണ വാഹനങ്ങളുടെ രൂപത്തിൽ സഞ്ചരിക്കാൻ കഴിയുന്നതിനാൽ ശത്രുവിന്റെ നിരീക്ഷണ സംവിധാനങ്ങളെ മറികടക്കാനും ഇവയ്ക്ക് സാധിച്ചേക്കും.
ഭൂഗർഭ മിസൈൽ നഗരങ്ങൾ: ഇറാന്റെ പ്രതിരോധ തന്ത്രം
വർഷങ്ങളായി ഇറാൻ വികസിപ്പിച്ചുവരുന്ന ഭൂഗർഭ മിസൈൽ നഗരങ്ങൾ രാജ്യത്തിന്റെ സൈനിക പ്രതിരോധ സംവിധാനത്തിലെ നിർണായക ഘടകമാണ്. മിസൈലുകൾ, വിക്ഷേപണ സംവിധാനങ്ങൾ, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവ ഭൂമിക്കടിയിൽ സൂക്ഷിച്ച് വ്യോമാക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം.
ഭൂഗർഭ കേന്ദ്രങ്ങൾ ആക്രമിച്ച് പൂർണമായി തകർക്കുക പ്രയാസകരമാണ്. പ്രവേശനകവാടങ്ങളും മറ്റ് അനുബന്ധ സംവിധാനങ്ങളും തകർത്താലും ഭൂമിക്കടിയിൽ കുടുങ്ങിയ ഉപകരണങ്ങൾ പിന്നീട് വീണ്ടെടുക്കാനുള്ള സാധ്യതയുണ്ട്. ഇതാണ് ഇത്തരം കേന്ദ്രങ്ങളെ സൈനികമായി കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നത്.
ഇറാന്റെ മിസൈൽ വിക്ഷേപണ ശേഷി തകർത്തതായി അമേരിക്കയും ഇസ്രായേലും അവകാശപ്പെട്ടിരുന്നെങ്കിലും, യുദ്ധത്തിൽ തകർന്ന ചില മിസൈൽ താവളങ്ങൾ ഇറാൻ പുനർനിർമിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിച്ചിരുന്നു. 2026 ഫെബ്രുവരിയിൽ റോയിട്ടേഴ്സ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
മിസൈൽ ഉത്പാദനവും ഭൂഗർഭത്തിലേക്ക്
മിസൈലുകളുടെയും ഡ്രോണുകളുടെയും ഉത്പാദനം ഭൂഗർഭ സമുച്ചയങ്ങളിലേക്ക് മാറ്റുകയാണെന്ന് ഐആർജിസി വക്താവ് ബ്രിഗേഡിയർ ജനറൽ ഹൊസൈൻ മൊഹെബ്ബി കഴിഞ്ഞ ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു. ഭൂഗർഭ സംഭരണ കേന്ദ്രങ്ങൾക്കപ്പുറം ആഴത്തിൽ സ്ഥിതിചെയ്യുന്ന മിസൈൽ ഉത്പാദന നഗരങ്ങളും ഇറാൻ സ്ഥാപിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ആഭ്യന്തര സാങ്കേതികവിദ്യയും വഴക്കമുള്ള ഉത്പാദന സംവിധാനങ്ങളും ഉപയോഗിച്ച് കനത്ത ബോംബാക്രമണങ്ങൾക്കിടയിലും ആയുധനിർമാണം തുടരാൻ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
2025-ലെ ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ മിസൈൽ ലോഞ്ചറുകൾ, സംഭരണ കേന്ദ്രങ്ങൾ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇസ്രായേൽ ലക്ഷ്യമിട്ടിരുന്നു. തുടർന്നും ഇറാന്റെ മിസൈൽ ശേഷി പരിമിതപ്പെടുത്താൻ അമേരിക്കയും ഇസ്രായേലും വിവിധ ആക്രമണങ്ങൾ നടത്തിയിരുന്നു.
അതേസമയം, പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത് കേവലം സൈനിക പ്രദർശനം മാത്രമല്ലെന്നാണ് വിലയിരുത്തൽ. തങ്ങളുടെ മിസൈൽ ശേഷി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും വീണ്ടും ആക്രമിക്കപ്പെട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്നുമുള്ള തന്ത്രപരമായ സന്ദേശമാണ് ഇറാൻ ഇതിലൂടെ നൽകുന്നത്.
നീക്കം ഖത്തറിന്റെ മധ്യസ്ഥ ചർച്ചയ്ക്കിടെ
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ഖത്തർ ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയും തമ്മിലുള്ള കൂടിക്കാഴ്ചയും നയതന്ത്ര നീക്കങ്ങൾക്ക് പ്രാധാന്യം വർധിപ്പിച്ചിട്ടുണ്ട്. സൈനിക ശക്തിപ്രകടനത്തിനൊപ്പം നയതന്ത്ര ചർച്ചകൾക്കും വഴിയൊരുക്കുന്ന ഇറാന്റെ ഇരട്ട തന്ത്രമായാണ് പുതിയ സംഭവവികാസങ്ങളെ നിരീക്ഷകർ വിലയിരുത്തുന്നത്.