ലൂയിസ് ഇനാസിയോ ലുല ഡി സിൽവ

 
World

ബ്രസീലിൽ ലുലയ്ക്ക് വീണ്ടും വിജയം; നാലാം തവണ പ്രസിഡന്‍റാകും

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കടുത്ത വിമർശകനാണ് ലുല

Sarath Nath MS

റിയോ ഡി ജനീറോ: ഇടതുപക്ഷ നേതാവായ ലൂയിസ് ഇനാസിയോ ലുല ഡി സിൽവ ബ്രസീൽ പ്രസിഡന്‍റായി നാലാമതും തെരഞ്ഞെടുക്കപ്പെട്ടു. എതിരാളി ഫ്ലാവിയോ ബൊൾസൊനാരോയെ ഏകദേശം 44 ലക്ഷം വോട്ടുകൾക്ക് പിന്നിലാക്കിയാണ് ലുല വീണ്ടും പ്രസിഡന്‍റാകുന്നത്. തെരഞ്ഞെടുപ്പിൽ 100 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞതായി ബ്രസീലിലെ തെരഞ്ഞെടുപ്പ് കോടതി അറിയിച്ചു.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കടുത്ത വിമർശകനാണ് ലുല. ലാറ്റിനമേരിക്കയിൽ ട്രംപുമായി അടുപ്പമുള്ള വലതുപക്ഷ നേതാക്കൾക്ക് പിന്തുണ വർധിക്കുന്നതിനിടെയാണ് ലുലയുടെ വിജയം. ലാറ്റിനമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളായ ബ്രസീലിലും മെക്സിക്കോയിലും ഇതോടെ ഇടതുപക്ഷ ചായ്‌വുള്ള നേതാക്കൾ അധികാരത്തിൽ തുടരും. പ്രതിവർഷം 2.6 ലക്ഷം കോടി ഡോളർ മൊത്ത ആഭ്യന്തര ഉൽപ്പാദനമുള്ള ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ബ്രസീൽ, യുഎസിന്‍റെ വർധിച്ചുവരുന്ന സമ്മർദങ്ങൾക്കിടയിലും സ്വതന്ത്ര നിലപാട് തുടരുന്നതിനും വിജയം സഹായകമാകും.

ഞായറാഴ്ച നടന്ന വോട്ടെടുപ്പിനിടെ പോളിങ് സമയം രണ്ട് മണിക്കൂർ നീട്ടിയതിനെ തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ ആശയക്കുഴപ്പമുണ്ടായി. വോട്ടെടുപ്പ് അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ ബ്രസീൽ സുപ്രീം കോടതി ജസ്റ്റിസ് ക്രിസ്റ്റ്യാനോ സാനിൻ പോളിങ് സമയം നീട്ടാൻ ഉത്തരവിടുകയായിരുന്നു. ഇരു സ്ഥാനാർഥികളും ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു നടപടി. സാവോ പോളോ, സാൽവദോർ നഗരങ്ങളിൽ വോട്ടർമാരെ എത്തിക്കുന്ന ബസുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തെക്കൻ ബ്രസീലിലെ കനത്ത മഴയുമാണ് സമയമാറ്റത്തിന് കാരണമായത്. ഈ തീരുമാനത്തിനെതിരേ ബൊൾസൊനാരോ നിയമനടപടി സ്വീകരിച്ചേക്കും.

ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ലുലയെക്കാൾ 22 ലക്ഷം വോട്ടുകൾ അധികം നേടി ബൊൾസൊനാരോ മുന്നിലെത്തിയിരുന്നു. ബൊൾസൊനാരോയ്ക്ക് 47 ശതമാനം വോട്ടും ലുലയ്ക്ക് 45 ശതമാനം വോട്ടുമാണ് ലഭിച്ചത്. എന്നാൽ അന്തിമഘട്ടത്തിൽ ലുല വിജയം ഉറപ്പിക്കുകയായിരുന്നു.

ജീവിതച്ചെലവിലുണ്ടായ വർധനയും സുരക്ഷാ പ്രശ്നങ്ങളുമാണ് ലുലയ്ക്ക് തെരഞ്ഞെടുപ്പിൽ വെല്ലുവിളിയായത്. കുറ്റകൃത്യങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന വാഗ്ദാനവും ഭക്ഷ്യവില കുറയ്ക്കാനുള്ള പദ്ധതികളുമായിരുന്നു ബൊൾസൊനാരോയുടെ പ്രധാന പ്രചാരണ വിഷയങ്ങൾ. അനിശ്ചിതത്വത്തിലായ വോട്ടർമാരെ ആകർഷിക്കാൻ ലുല വിവിധ സർക്കാർ ആനുകൂല്യങ്ങൾക്കും പദ്ധതികൾക്കും പ്രാധാന്യം നൽകി.

ഇരുപക്ഷത്തെയും നേതാക്കളുടെയും അടുത്ത അനുയായികൾക്കും കുടുംബാംഗങ്ങൾക്കുമെതിരേ അഴിമതി ആരോപണങ്ങളുണ്ടായിട്ടുണ്ട്. അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് 580 ദിവസം ജയിലിൽ കഴിഞ്ഞ ലുലയുടെ ശിക്ഷ പിന്നീട് ബ്രസീൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ശിക്ഷ വിധിച്ച ജഡ്ജിക്ക് പക്ഷപാതമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു നടപടി.

1970-കളിൽ തൊഴിലാളി യൂണിയൻ നേതാവായാണ് ലുല രാഷ്ട്രീയജീവിതം ആരംഭിച്ചത്. പിന്നീട് വർക്കേഴ്സ് പാർട്ടി രൂപീകരിക്കുന്നതിൽ പങ്കാളിയായി. 2002-ൽ ആദ്യമായി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006-ൽ വീണ്ടും അധികാരത്തിലെത്തി. 2010-ൽ ദിൽമ റൂസഫിന് അധികാരം കൈമാറി. 2022-ലെ തെരഞ്ഞെടുപ്പിൽ ജൈർ ബൊൾസൊനാരോയെ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി വീണ്ടും അധികാരത്തിലെത്തുകയായിരുന്നു.

2027 ജനുവരി അഞ്ചിനാണ് പുതിയ പ്രസിഡന്‍റ് ചുമതലയേൽക്കുക. 80 വയസുള്ള ലുലയുടെ വിജയം അദ്ദേഹത്തിന്‍റെ ദീർഘകാല രാഷ്ട്രീയജീവിതത്തിലെ അവസാനത്തെ പ്രധാന നേട്ടമായേക്കുമെന്നാണ് വിലയിരുത്തൽ.