മുരിങ്ങ നിരോധിച്ച് ഓസ്ട്രേലിയ; കാരണമറിയാം

 
World

മുരിങ്ങ നിരോധിച്ച് ഓസ്ട്രേലിയ; കാരണമറിയാം

മലയാളികളായ പ്രവാസികൾക്ക് വേണമെങ്കിൽ സ്വകാര്യ ആവശ്യത്തിനായി വീട്ടുപറമ്പിൽ മുരിങ്ങ നട്ടു വളർത്താം. വിപണനത്തിന് ശ്രമിക്കരുതെന്ന് മാത്രം.

നീതു ചന്ദ്രൻ

സിഡ്നി: മലയാളികളുടെ പ്രിയ വിഭവങ്ങളിൽ ഒന്നാണ് മുരിങ്ങ. പൂവും കായും ഇലയുമെല്ലാം ഒരുപോലെ രുചികരം. പക്ഷേ മുരിങ്ങയ്ക്ക് ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയിരിക്കുന്നു എന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മുരിങ്ങക്കായ മാത്രമല്ല മുരിങ്ങയുടെ ഉത്പന്നങ്ങളും സപ്ലിമെന്‍റുകളുമെല്ലാം ഓസ്ട്രേലിയയിൽ വിൽക്കുന്നതും ഇറക്കുമതി ചെയ്യുന്നതും സർക്കാർ‌ കർശനമായി നിരോധിച്ചിരിക്കുകയാണ്.

ഭക്ഷ്യോത്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്ന ഫൂഡ് സ്റ്റാൻഡേർഡ്സ് ഒഫ് ഓസ്ട്രേലിയയുടെ നിർദേശപ്രകാരമാണ് സർക്കാർ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. മുരിങ്ങ ഭക്ഷ്യ ഉത്പന്നമെന്ന നിലയിൽ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള ഡേറ്റകളുടെ കുറവാണ് വിലക്കിന് കാരണം. സുരക്ഷാ കാര്യങ്ങളിൽ കൃത്യമായ ഉറപ്പു നൽകാത്ത തരം ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഓസ്ട്രേലിയ മുരിങ്ങയെ പെടുത്തിയിരിക്കുന്നത്.

ഓസ്ട്രേലിയയിലെ ചില്ലറ വ്യാപാരികൾക്ക് മുരിങ്ങയോ അതിൽ നിന്നുള്ള ഉത്പന്നങ്ങളോ വിൽക്കാൻ സാധിക്കില്ല. വിദേശത്തു നിന്നും മുരിങ്ങ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്താൽ അതിർത്തിയിൽ വച്ചു തന്നെ പിടിച്ചെടുത്ത് നശിപ്പിക്കുകയോ തിരിച്ചയക്കുകയോ ചെയ്യും. നിയമം ലംഘിച്ച് മുരിങ്ങ ഇറക്കുമതി ചെയ്യുന്നത് കുറ്റകരമാണ്.

എന്നാൽ മലയാളികളായ പ്രവാസികൾക്ക് വേണമെങ്കിൽ സ്വകാര്യ ആവശ്യത്തിനായി വീട്ടുപറമ്പിൽ മുരിങ്ങ നട്ടു വളർത്താം. വിപണനത്തിന് ശ്രമിക്കരുതെന്ന് മാത്രം.