പാക്കിസ്ഥാനിലെ ബ്രോഡ് പീക്കിൽ മഞ്ഞിടിച്ചിൽ

 
World

പാക്കിസ്ഥാനിൽ മഞ്ഞിടിച്ചിൽ; ലോകപ്രശസ്ത പർവതാരോഹകൻ നിർമൽ പുർജ ഉൾപ്പെടെ ആറ് പേരെ കാണാതായി, നാല് മൃതദേഹങ്ങൾ കണ്ടെത്തി

അപകടം നടന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 12ാമത്തെ കൊടുമുടിയിൽ

Sarath Nath MS

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കാരക്കോറം പർവതനിരയിലെ ബ്രോഡ് പീക്കിൽ ഉണ്ടായ ശക്തമായ മഞ്ഞിടിച്ചിലിൽ ലോകപ്രശസ്ത നേപ്പാളി പർവതാരോഹകനായ നിർമൽ പുർജ ഉൾപ്പെടെ ആറ് പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിനിടെ നാല് മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ വെള്ളിയാഴ്ച അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് തെരച്ചിൽ ദുഷ്കരമായി തുടരുകയാണ്.

സമുദ്രനിരപ്പിൽ നിന്ന് 8,051 മീറ്റർ ഉയരത്തിലുള്ള ബ്രോഡ് പീക്ക് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 12ാമത്തെ കൊടുമുടിയാണ്. കെ2 പർവതത്തിന് സമീപമുള്ള ഈ കൊടുമുടി ലോകത്തിലെ ഏറ്റവും അപകടകരമായ പർവതാരോഹണ കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ്.

വ്യാഴാഴ്ച ഏകദേശം 7,000 മീറ്റർ ഉയരത്തിൽ, കൊടുമുടിയിലേക്കുള്ള അവസാനഘട്ട കയറ്റത്തിനിടെയാണ് 10 അംഗ പർവതാരോഹക സംഘം മഞ്ഞിടിച്ചിലിൽ അകപ്പെട്ടത്. നേപ്പാളിൽ നിന്നുള്ള ആറ് പേരും, പാക്കിസ്ഥാനിൽ നിന്നുള്ള ഒരാളും, ഒമാനിൽ നിന്നുള്ള ഒരാളും, അമെരിക്കയിൽ നിന്നുള്ള ഒരാളും, ചൈനയിൽ നിന്നുള്ള ഒരാളുമാണ് സംഘത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ ഒമ്പത് മണിയോടെയാണ് ഇവരെ കാണാതായത്.

പാക്കിസ്ഥാൻ ആൽപൈൻ ക്ലബ്ബ് പ്രസിഡന്‍റ് മേജർ ജനറൽ ഇർഫാൻ അർഷാദാണ് നാല് മൃതദേഹങ്ങൾ കണ്ടെത്തിയ വിവരം അറിയിച്ചത്. ഇതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഒമാൻ സ്വദേശി നദിറ അഹമ്മദ് അബ്ദുല്ല അൽ ഹാർത്തി, നേപ്പാൾ സ്വദേശി പുർ ബഹാദൂർ ഗുരുങ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മറ്റ് രണ്ട് മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കാണാതായ നേപ്പാളി സംഘത്തിൽ നിർമൽ പുർജയ്ക്കും പുർ ബഹാദൂർ ഗുരുങ്ങിനും പുറമെ കിലി പെംബ ഷെർപ്പ, നിമ ഷെർപ്പ, നവാങ് തിന്ദു ഷെർപ്പ, ഗ്യാലു ഷെർപ്പ എന്നിവരും ഉൾപ്പെടുന്നു. പാക്കിസ്ഥാനിലെ സൊഹൈൽ സാഖി, ചൈനയിലെ വാങ് സോങ്, അമെരിക്കയിലെ മലോറി ഗെയ്‌സ് എന്നിവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ട് സൈനിക ഹെലികോപ്റ്ററുകൾ മുഖേനെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കനത്ത മൂടൽമഞ്ഞും പ്രതികൂല കാലാവസ്ഥയും ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തന ദൗത്യത്തെ ഗുരുതരമായി ബാധിക്കുന്നതായി അധികൃതർ അറിയിച്ചു.

43കാരനായ നിർമൽ പുർജ ലോകത്തിലെ ഏറ്റവും പ്രമുഖനായ പർവതാരോഹകരിൽ ഒരാളാണ്. ബ്രിട്ടീഷ് സൈന്യത്തിലെ ഗൂർഖ ബ്രിഗേഡിലും റോയൽ മറൈൻസിന്‍റെ എലിറ്റ് സ്പെഷ്യൽ ബോട്ട് സർവീസിലും സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം പിന്നീട് പൂർണസമയ പർവതാരോഹകനും എക്സ്പെഡിഷൻ ഗൈഡുമായി മാറുകയായിരുന്നു. 2019ൽ 'പ്രോജക്റ്റ് പോസിബിൾ' ദൗത്യത്തിന്‍റെ ഭാഗമായി 8,000 മീറ്ററിന് മുകളിലുള്ള ലോകത്തിലെ 14 കൊടുമുടികളും വെറും ആറ് മാസവും ആറുദിവസവും കൊണ്ട് കീഴടക്കി ലോകറെക്കോർഡ് സ്ഥാപിച്ചു. 2021ൽ ശൈത്യകാലത്ത് കെ2 കൊടുമുടി ആദ്യമായി കീഴടക്കിയ 10 അംഗ നേപ്പാളി സംഘത്തിലും അദ്ദേഹം അംഗമായിരുന്നു.

സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച നേപ്പാൾ ടൂറിസം മന്ത്രി ഖഡക് പ്രസാദ് പൗഡൽ, പാക്കിസ്ഥാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അറിയിച്ചു.

അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലുമായി കൂട്ടിയിടിച്ച് പാക് നാവികസേന കപ്പൽ

തിരുവനന്തപുരം മൃഗശാല ഉചിതമായ സ്ഥലത്തല്ല, മറ്റൊരിടത്തേക്ക് മാറ്റണം; വി.ഡി. സതീശൻ

റെയ്ഡിനെത്തിയ പൊലീസ് കണ്ടത് വൻ മദ്യ ശേഖരം; ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

തലശേരി ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി, തെരച്ചിൽ

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്കേർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ