ഇന്ത്യയ്ക്കു മേൽ 25 ശതമാനം അധിക നികുതി ചുമത്താൻ അമെരിക്ക
freepik.com
ന്യൂഡൽഹി: ഇന്ത്യയും അമെരിക്കയും തമ്മിൽ വ്യാപാര കരാർ നടപ്പായില്ലെങ്കിൽ ഇന്ത്യയ്ക്കു മേൽ 25 ശതമാനം വരെ അധിക നികുതി ഈടാക്കാനുള്ള നടപടിയുമായി അമെരിക്ക. ഈ നീക്കം ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ. ഇന്ത്യയിൽ ആവശ്യത്തിലധികം ഉൽപാദനം നടക്കുന്നു എന്ന അമെരിക്കയുടെ ആരോപണം ഇന്ത്യ തള്ളി. രാജ്യത്തെ ഒരു മേഖലയിലും അധിക ഉൽപാദന ശേഷിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.ഇന്ത്യ ഉൾപ്പടെ പതിനാലു രാജ്യങ്ങളിലെ ഉൽപാദന മേഖലയുമായി ബന്ധപ്പെട്ട നയങ്ങളും നടപടികളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അമെരിക്കൻ വ്യാപാര പ്രതിനിധി ഓഫീസ് പുതിയ നിർദേശം പുറപ്പെടുവിച്ചത്. അമെരിക്കൻ വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരമാണ് ഇത്. ചില രാജ്യങ്ങൾ ആഭ്യന്തര വ്യവസായങ്ങൾക്ക് അമിതമായ പിന്തുണ നൽകുകയും ആവശ്യത്തിലധികം ഉൽപാദനം നടത്തുകയും ഇത് കയറ്റുമതി ചെയ്യുന്നതിലൂടെ ആഗോള വിപണിയിൽ വില കുറച്ച് അമെരിക്കൻ വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു എന്നാണ് യുഎസ് ആരോപണം.
ഇന്ത്യയ്ക്കു പുറമേ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾക്കും 20-35 ശതമാനം വരെ തീരുവ ചുമത്താനാണ് അമെരിക്കയുടെ നിർദേശം. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ് വാൻ, സ്വിറ്റ്സർലണ്ട് എന്നിവയ്ക്ക് 15 ശതമാനവും വിയറ്റ്നാമിന് 20 ശതമാനവും തീരുവയാണ് നിർദേശിച്ചിരിക്കുന്നത്. നേരത്തെ ഡോണൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വ്യാപകമായ ഇറക്കുമതി തീരുവകള്‍ അമേരിക്കന്‍ സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് പുതിയ നീക്കം.
ഇതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ വീണ്ടും പുനഃപരിശോധനയ്ക്ക് വിധേയമായി. ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയ വ്യാപാര ചട്ടക്കൂട് വീണ്ടും ചര്‍ച്ചാ മേശയിലെത്തുകയും ഇടക്കാല ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ തുടരുകയും ചെയ്യുകയാണ്. വ്യാപാരവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. അമേരിക്കയുടെ നിര്‍ദേശങ്ങളില്‍ പൊതുജനാഭിപ്രായം തേടുന്നതിനായി ജനുവരി അഞ്ചുവരെ എഴുത്തുപരമായ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജനുവരി 25ന് പൊതുഹിയറിങ്ങും നിശ്ചയിച്ചിട്ടുണ്ട്. ഇതിനു ശേഷമായിരിക്കും നിര്‍ദേശങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.