ഷെയ്ഖ് ഹസീന
ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയില്ലെങ്കിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐസിജെ) സമീപിക്കുമെന്ന് ബംഗ്ലാദേശ് പാർലമെന്റ് സ്പീക്കർ ഹഫീസ് ഉദ്ദീൻ അഹമ്മദ്. പാക്കിസ്ഥാനിലെ ആറ് ദിവസത്തെ സന്ദർശനത്തിനിടെ ഇസ്ലാമാബാദിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ആവശ്യത്തോട് സഹകരിച്ചില്ലെങ്കിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് അഹമ്മദ് പറഞ്ഞു. ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബർ 16ന് ധാക്കയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി ഹസീന നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, നിയമപരമായ കൈമാറ്റത്തിലൂടെ മാത്രമേ ഹസീനയുടെ മടങ്ങിവരവ് അംഗീകരിക്കാനാകൂ എന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ നിലപാട്. 2024ൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് അധികാരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ ഹസീന ഇന്ത്യയിൽ രാഷ്ട്രീയഅഭയം തേടുകയായിരുന്നു.
1971ലെ വിമോചനയുദ്ധത്തിൽ ഇന്ത്യ ബംഗ്ലാദേശികളെ സഹായിച്ചില്ലെന്നും പാക്കിസ്ഥാനെ ദുർബലപ്പെടുത്തുന്നതിൽ മാത്രമാണ് പങ്കുവഹിച്ചതെന്നും അഹമ്മദ് ആരോപിച്ചു. ഹസീനയുടെ 15 വർഷത്തെ ഭരണകാലത്ത് ബംഗ്ലാദേശ് അയൽരാജ്യത്തിന്റെ കോളനിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ഹസീനയ്ക്ക് ഇന്ത്യയിൽ അഭയം നൽകുന്നത് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന് വെല്ലുവിളിയാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ പറഞ്ഞു. ഹസീനയെ 'ഭീകരവാദി' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, 2,000 പേരെ കൊലപ്പെടുത്തിയ ശേഷം പശ്ചാത്താപമില്ലാതെ രാജ്യം വിട്ടുപോയെന്നും ആരോപിച്ചു.
2024ലെ ജൂലൈ പ്രക്ഷോഭത്തിനിടെ മനുഷ്യാവകാശ ലംഘന കുറ്റകൃത്യങ്ങൾ നടത്തിയെന്ന കേസിൽ 2025 നവംബറിൽ ഹസീനയെ ബംഗ്ലാദേശ് കോടതി അവരുടെ അസാന്നിധ്യത്തിൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.