രാജ്യത്തിനുള്ളിൽ ചാരപ്രവർത്തനം
ടെഹ്റാൻ: ഇറാനിൽ രഹസ്യ ചുവടു വയ്പും ഇടപെടലുകളും നടത്തിയെന്ന് ആരോപിച്ച് രണ്ടു ഫ്രഞ്ച് നയതന്ത്രജ്ഞർക്കെതിരേ ഇറാന്‍റെ ഇന്‍റലിജൻസ് മന്ത്രാലയം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു രംഗത്തെത്തി.
ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ പുറത്തു വിട്ട പ്രസ്താവനയിലാണ് മന്ത്രാലയം ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. മറ്റു രണ്ടു സംശയാസ്പദമായ വ്യക്തികളെ കുറിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് ഫ്രഞ്ച് നയതന്ത്രജ്ഞരെ രഹസ്യ കേന്ദ്രത്തിൽ വച്ചു കണ്ടെത്തിയതെന്ന് ഈ പ്രസ്താവന പറയുന്നു.
രണ്ടു ഫ്രഞ്ച് നയതന്ത്രജ്ഞർക്കെതിരേ ഗുരുതര ആരോപണവുമായി ഇറാൻ
അന്വേഷണത്തിൽ പിടിച്ചെടുത്ത രേഖകൾ പ്രകാരം ഇറാന് അകത്തും പുറത്തുമുള്ള വ്യക്തികളെ കണ്ടെത്തുന്നതിനും രഹസ്യ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും നെറ്റ് വർക്കുകൾ രൂപീകരിക്കുന്നതിനുമുള്ള ആസൂത്രിതമായ ശ്രമങ്ങൾ നടന്നതായി ഇന്‍റലിജൻസ് മന്ത്രാലയം ആരോപിക്കുന്നു.
മാത്രമല്ല, ഇത്തരത്തിൽ തയാറാക്കിയ ചില കരാറുകളിൽ ഇറാനിലെ മുൻ ഫ്രഞ്ച് അംബാസിഡറുടെ ഒപ്പുണ്ടെന്നും മന്ത്രാലയം അവകാശപ്പെട്ടു. ഇതേസമയം ഇറാൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളോ തെളിവുകളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇറാനിയൻ മന്ത്രാലയത്തിന്‍റെ അവകാശ വാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.