ഷെയ്ഖ് ഹസീന
ധാക്ക: ബംഗ്ലാദേശിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നതിനിടെ ധാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം രണ്ട് നാടൻ ബോംബുകൾ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരുക്ക്. തിങ്കളാഴ്ച രാത്രിയാണ് ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടനങ്ങളുണ്ടായതെന്ന് ബംഗ്ലാദേശ് മാധ്യമമായ ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
കാൽനടയാത്രക്കാർക്കാണ് പരുക്കേറ്റത്. ഇവരുടെ പരുക്ക് സാരമുള്ളതല്ല. വിമാനത്താവളത്തിന്റെ പുറം കവാടത്തിന് സമീപമായിരുന്നു ഒരു സ്ഫോടനം. മറ്റൊന്ന് വിമാനത്താവളത്തിനടുത്തുള്ള ജാസിമുദ്ദീൻ മേഖലയിലും ഫ്ലൈഓവർ ബന്ധിപ്പിക്കുന്ന റോഡുകൾക്ക് സമീപവുമാണ് ഉണ്ടായത്. അക്രമികൾ ഫ്ലൈഓവറിൽ നിന്ന് ബോംബുകൾ എറിയുകയായിരുന്നു. സംഭവത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് സ്ഫോടനങ്ങൾ. നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഹസീന അടുത്ത മാസം ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സ്ഫോടനങ്ങൾക്ക് ഹസീനയുടെ തിരിച്ചുവരവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
2024 ഓഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ താഴെയിറങ്ങിയതിന് പിന്നാലെയാണ് ഹസീന ഇന്ത്യയിലേക്ക് കടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഹസീനയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങളും തീവയ്പ്പുകളും റിപ്പോർട്ട് ചെയ്തിരുന്നു. ട്രെയ്നുകൾക്കും ബസുകൾക്കും ബാങ്കുകൾക്കും നേരെയും ആക്രമണമുണ്ടായി. സംഭവങ്ങളിൽ ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ ആരോപണം.
ഹസീന അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ അവാമി ലീഗിന് രാഷ്ട്രീയ പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പുകളിലും പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
അട്ടിമറി നീക്കങ്ങൾ തടയുന്നതിനായി ധാക്ക, ഗോപാൽഗഞ്ച് ഉൾപ്പെടെയുള്ള ജില്ലകളിൽ പൊലീസ് പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ മാസത്തിലുടനീളം ഈ ജില്ലകളിൽ അധിക പൊലീസ് സേനയെ വിന്യസിക്കും. രാജ്യവ്യാപകമായി രഹസ്യാന്വേഷണ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഹസീനയുടെ ജന്മദേശവും അവാമി ലീഗിന്റെ ശക്തികേന്ദ്രവുമായ ഗോപാൽഗഞ്ചിൽ നവംബർ 10ന് നടന്ന സംഘർഷത്തിനിടെ പൊലീസ് വാഹനങ്ങൾ കത്തിച്ചിരുന്നു.
അതേസമയം, 2024ലെ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർക്കെതിരായ അടിച്ചമർത്തൽ നടപടികളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ പ്രത്യേക ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്.