പുണ്യനഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതികള്‍
റിയാദ്: പുണ്യനഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതികള്‍ വ്യോമാക്രമണം നടത്താന്‍ ശ്രമിച്ച പശ്ചാത്തലത്തില്‍ സൗദി സിവില്‍ ഡിഫന്‍സ് വ്യാഴാഴ്ച മക്കയിലും സൗദി അറേബ്യയിലെ മറ്റ് പല ഭാഗങ്ങളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പത്ത് ദിവസത്തിനിടയില്‍ രണ്ടാം തവണയാണ് മക്കയ്ക്കായി അധികൃതര്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്. 15നാണ് അവസാനത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
പരിഭ്രാന്തരാകാതെ ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു സിവില്‍ ഡിഫന്‍സ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. തുറസായ സ്ഥലങ്ങള്‍, ജനലുകള്‍, ഗ്ലാസ് ഭിത്തികള്‍, ബാല്‍ക്കണികള്‍, കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ എന്നിവയില്‍ നിന്ന് അകന്നുനില്‍ക്കാനും, ജനക്കൂട്ടമുള്ളതോ അപകടസാധ്യതയുള്ളതോ ആയ സ്ഥലങ്ങള്‍ ഒഴിവാക്കാനും, അപകടം ഒഴിയുന്നത് വരെ വീടുകളിലോ കെട്ടിടങ്ങളിലോ തന്നെ തുടരാനും നിര്‍ദേശമുണ്ട്.
ഫെബ്രുവരി 28ന് ആരംഭിച്ച അമെരിക്ക-ഇറാന്‍ സംഘര്‍ഷം ഇപ്പോള്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികളും സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാരിലേക്കും വ്യാപിച്ചിരിക്കുകയാണ്.
സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാരില്‍ നിന്ന് പ്രദേശങ്ങള്‍ പിടിച്ചെടുത്തതിന് പിന്നാലെ, സൗദിയുടെ എണ്ണ കയറ്റുമതിക്ക് നിര്‍ണായകമായ ബാബ് അല്‍-മന്ദബ് കടലിടുക്കിന് അഭിമുഖമായുള്ള തന്ത്രപ്രധാനമായ തീരപ്രദേശങ്ങളുടെ നിയന്ത്രണം ഹൂതികള്‍ ഈ മാസം ആദ്യം ഏറ്റെടുത്തിരുന്നു.