കെനിയയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് അപകടം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു | Video

 
World

കെനിയയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് അപകടം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു | Video

പത്ത് നില കെട്ടിടമാണ് തകർന്നു വീണത്

Namitha Mohanan

നെയ്‌റോബി: കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകർന്നുവീണു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പത്ത് നില കെട്ടിടമാണ് തകർന്നു വീണത്. കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.

നിരവധി പേർ പതിവായി വന്നിരിക്കുന്ന സ്ഥലമാണിത്. കെട്ടിടം തകർന്നു വീഴുന്ന സമയത്ത് നിരവധി പേരുടെ നിലവിളി കേട്ടതായി പ്രദേശവാസികൾ പറയുന്നു. കുറച്ച് ആളുകളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇനിയും എത്ര പേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് യാതൊരുവിധ ധാരണയും അധികൃതർക്കില്ല. കെട്ടിടം പൂർണമായി തന്നെ നിലം പതിച്ചതിനാൽ രക്ഷാപ്രർത്തനം ദുഷ്ക്കരമാണ്.

മുകളിൽ നിർമാണം പുരോഗമിക്കുമ്പോഴും താഴത്തെ നിലകൾ വാടകയ്ക്കുനൽകിയിരുന്നു. ഇവിടെ ഇലക്ട്രോണിക്‌സ്, പലചരക്കുകട, ഇറച്ചിക്കട എന്നിവ പ്രവർത്തിച്ചിരുന്നതായി അധികൃതർ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും താമസത്തിനോ വാണിജ്യാവശ്യങ്ങൾക്കോ ഉപയോഗിക്കാനുള്ള ഒക്യുപേഷൻ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ലെന്നും അധികൃതർ അറിയിച്ചു. ‌