ഡോണൾഡ് ട്രംപ്, ഷി ജിൻപിങ്

 
World

ചൈനയും അമെരിക്കയും എതിരാളികളല്ല, പങ്കാളികളാകണം: ഷി ജിൻപിങ്

അമെരിക്കയിലെ വാഷിങ്ടണിലെത്തിയ ശേഷം നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

Sarath Nath MS

വാഷിങ്ടൺ: ചൈനയും അമെരിക്കയും എതിരാളികളല്ലെന്നും പങ്കാളികളാകണമെന്നും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്. പുതിയ കാലഘട്ടത്തിൽ ഇരു രാജ്യങ്ങൾക്കും പരസ്പരം സഹവർത്തിത്വത്തിനുള്ള ശരിയായ മാർഗം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഷി ജിൻപിങ് പറഞ്ഞു. അമെരിക്കയിലെ വാഷിങ്ടണിലെത്തിയ ശേഷം നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനയും അമെരിക്കയും മഹത്തായ രാജ്യങ്ങളാണെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ മഹത്തായ ജനതകളാണെന്നും ഷി പറഞ്ഞു. മേയിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൈന സന്ദർശിച്ച വേളയിൽ ചൈന-അമെരിക്ക ബന്ധത്തിൽ തന്ത്രപരമായ സ്ഥിരത കൈവരിക്കാൻ ഇരുവരും ധാരണയിലെത്തിയിരുന്നുവെന്ന് ഷി ചൂണ്ടിക്കാട്ടി. ഉഭയകക്ഷി ബന്ധത്തിന്‍റെ ഭാവി വികസനത്തിന് ഈ ധാരണ മാർഗനിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

ചൈനയും അമെരിക്കയും ഒരേ ദിശയിൽ പ്രവർത്തിക്കണം. സഹകരണത്തിന് പ്രാധാന്യം നൽകുന്ന, നിയന്ത്രിത മത്സരവും കൈകാര്യം ചെയ്യാവുന്ന അഭിപ്രായവ്യത്യാസങ്ങളും സമാധാനത്തിനുള്ള പ്രതിബദ്ധതയും ഉൾപ്പെടുന്ന സുസ്ഥിര ബന്ധം ഇരു രാജ്യങ്ങളും പ്രോത്സാഹിപ്പിക്കണം. ചൈനീസ്, അമെരിക്കൻ ജനതകൾ ദീർഘകാലമായി സൗഹൃദപരമായ ബന്ധം പുലർത്തുന്നവരാണ്. ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ പരസ്പരം ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്നതാണ്. ചൈനീസ് രാഷ്ട്രത്തിന്‍റെ മഹത്തായ പുനരുജ്ജീവനവും അമെരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ശ്രമവും പരസ്പരം കൈകോർക്കാനാകുമെന്നും പരസ്പരം പൂരകങ്ങളായി പ്രവർത്തിച്ച് ലോകത്തിന് ഗുണം ചെയ്യാനാകുമെന്നും ഷി പറഞ്ഞു.

ചൈനയും അമെരിക്കയും സമാധാനപരമായി സഹവർത്തിക്കുന്നതിന്‍റെ ചരിത്രപരമായ യുക്തിക്ക് മാറ്റമുണ്ടായിട്ടില്ലെന്നും ഷി പറഞ്ഞു. ഉഭയകക്ഷി ബന്ധത്തെയും ആഗോള സാഹചര്യങ്ങളെയും സംബന്ധിച്ച പ്രധാന വിഷയങ്ങളിൽ ട്രംപുമായി ആഴത്തിലുള്ള ചർച്ചകൾ നടത്താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ച അമെരിക്കയിൽ എത്തിയ ഷി ജിൻ‌പിങ്ങിനെ ട്രംപും ഭാര്യ മെലാനിയ ട്രംപും മേരിലാൻഡിലെ ജോയിന്‍റ് ബേസ് ആൻഡ്രൂസ് വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഭാര്യ പെങ് ലിയുവാനൊപ്പമാണ് ഷി ജിൻപിങ് എത്തിയത്.

റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരിച്ചുനൽകണമെന്ന് ആന്‍റോ അഗസ്റ്റിൻ‌ കോടതിയിൽ; തിരിച്ചുനൽകാൻ സാധിക്കില്ലെന്ന് പൊലീസ്

കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന് ആരോപണം; മൂന്ന് തടവുകാർക്കെതിരേ കേസ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന്‍ 1,120 രൂപ കുറഞ്ഞു

ആത്മഹത്യ ചെയ്ത ഐഐടി ബോംബെ വിദ്യാർഥിയുടെ മാതാപിതാക്കളുമായി സംസാരിച്ച് രാഹുൽ ഗാന്ധി

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ തകർത്ത് അഫ്ഗാനിസ്ഥാന് വിജയം