ഞാൻ എവിടെയാണ് ? നിങ്ങൾ ആരാണ്?
ക്രിസ്റ്റ പൈക്കിന്‍റെ ആദ്യ വാക്കുകൾ
നാഷ് വില്ലെ: ടെന്നസിയിൽ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയായിരുന്ന ക്രിസ്റ്റ പൈക്ക് ബോധം വീണ്ടെടുത്തു. അമ്പതുകാരിയായ പൈക്ക് സെപ്റ്റംബർ മുപ്പതിനാണ് മാരകമായ കുത്തിവയ്പിലൂടെ വധശിക്ഷയ്ക്കു വിധേയയായത്. എന്നാൽ മരുന്ന് ഫലപ്രദമാകാതെ വന്നതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദിവസങ്ങളോളം പൈക്ക് മസ്തിഷ്ക മരണം സംഭവിച്ച അവസ്ഥയിലാണെന്നാണ് അഭിഭാഷകർ കരുതിയിരുന്നത്.
ചൊവ്വാഴ്ച അപ്രതീക്ഷിതമായി പൈക്ക് സംസാരിക്കാൻ തുടങ്ങിയതോടെയാണ് സ്ഥിതിഗതികൾ മാറിയത്. അഭിഭാഷകൻ റാൻഡി സ്പൈവിയുടെ പ്രതികരണ പ്രകാരം ബോധം വീണ്ടെടുത്ത ശേഷം പൈക്ക് ആദ്യമായി ചോദിച്ചത് ഞാൻ എവിടെയാണ് ? നിങ്ങൾ ആരാണ്? എന്നിങ്ങനെയായിരുന്നു. വധശിക്ഷ നടപ്പാക്കാനുള്ള ശ്രമത്തെക്കുറിച്ച് പൈക്കിന് ചെറിയ ഓര്‍മ മാത്രമാണുള്ളത്. ആശുപത്രിയില്‍ കണ്ണുതുറന്നപ്പോള്‍ തൊണ്ടയില്‍ ട്യൂബും ചുറ്റും പരിചയമില്ലാത്ത ആളുകളുമാണ് കണ്ടതെന്ന് അഭിഭാഷകര്‍ പറഞ്ഞു.
പൈക്കിന്‍റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. ന്യൂമോണിയ, ഒരു കൈയില്‍ രക്തം കട്ടപിടിക്കല്‍, ഇരുകൈകളിലും ശക്തമായ വീക്കം എന്നിവയുണ്ടെന്ന് അഭിഭാഷകര്‍ അറിയിച്ചു. ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അവര്‍. കൈകള്‍ ശരിയായി ചലിപ്പിക്കാനും കഴിയുന്നില്ല. ആരോഗ്യനില എത്രത്തോളം മെച്ചപ്പെടുമെന്ന് ഡോക്റ്റര്‍മാര്‍ക്ക് ഇപ്പോഴും വ്യക്തമായിട്ടില്ല. വധശിക്ഷ നടപ്പാക്കുന്നതിനിടെ പൈക്കിന് പെന്‍റോബാര്‍ബിറ്റല്‍ എന്ന മരുന്നിന്‍റെ രണ്ട് ഡോസ് നല്‍കിയെങ്കിലും അത് മരണത്തിലേക്ക് നയിച്ചില്ല.
വധശിക്ഷ നടപ്പാക്കുന്നതിനിടെ ഞരമ്പിലൂടെ മരുന്ന് നല്‍കുന്നതില്‍ ജയില്‍ അധികൃതര്‍ക്ക് പരാജയപ്പെട്ടതായി പൈക്കിന്‍റെ അഭിഭാഷകര്‍ ആരോപിച്ചു. കുറഞ്ഞത് ഏഴ് സൂചികള്‍ ഉപയോഗിച്ചതായും മരുന്നിന്‍റെ ഒരു ഭാഗം രക്തക്കുഴലിലേക്ക് എത്താതെ ശരീരത്തിലെ കോശങ്ങളിലേക്ക് പ്രവേശിച്ചിരിക്കാമെന്നും അവര്‍ സംശയിക്കുന്നു.
വധശിക്ഷയ്ക്കിടെ പൈക്ക് കരയുകയും ശബ്ദമുണ്ടാക്കുകയും ശക്തമായി ശ്വസിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ സംരക്ഷിക്കാന്‍ ടെന്നസിയിലെ കോടതി ഉത്തരവിട്ടിട്ടുണ്ട്. സിറിഞ്ചുകള്‍, മരുന്നുകളുടെ പാക്കേജുകള്‍, സൂചികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വധശിക്ഷയ്ക്കിടെ ഉപയോഗിച്ച മറ്റ് സാമഗ്രികള്‍ എന്നിവ സംരക്ഷിക്കാനാണ് നിര്‍ദേശം.
1995ല്‍ 19കാരിയായ കോളീന്‍ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിച്ചത്. പ്രശ്‌നബാധിതരായ കൗമാരക്കാര്‍ക്കായുള്ള ക്യാംപില്‍ മുന്‍ കാമുകനൊപ്പം ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് കേസില്‍ കണ്ടെത്തിയിരുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടായി പൈക്ക് മരണശിക്ഷാ തടവുകാരിയായി കഴിയുകയാണ്. വധശിക്ഷ പരാജയപ്പെട്ടതോടെ, അവരെ വീണ്ടും വധിക്കാന്‍ നിയമപരമായി കഴിയുമോ എന്നതടക്കമുള്ള നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.