ചാർലി കിർക്ക്

 
World

ചാർലി കിർക്ക് വധം: സർവകലാശാലയ്ക്കെതിരേ നിയമനടപടിക്ക് കുടുംബം

കൊലപാതകത്തിലേയ്ക്കു നയിച്ചത് യൂട്ടാ വാലി സർവകലാശാലയുടെ ഗുരുതര സുരക്ഷാ വീഴ്ചയെന്ന്...

Reena Varghese

വാഷിങ്ടൺ: യുഎസിലെ വലതു പക്ഷ വക്താക്കളിൽ പ്രധാനിയായ ചാർലി കിർക്കിന്‍റെ വധത്തിനു കാരണം യൂട്ടാവാലി സർവകലാശാലയുടെ ഗുരുതരമായ സുരക്ഷാ വീഴ്ചകളാണെന്ന് ആരോപിച്ച് കിർക്കിന്‍റെ കുടുംബം നിയമനടപടിക്ക് ഒരുങ്ങുന്നു. സർവകലാശാലയുടെ അശ്രദ്ധമായ തീരുമാനങ്ങളും ഗുരുതര വീഴ്ചകളും കിർക്കിനെ അക്രമിക്കു മുന്നിൽ നിസഹായനാക്കിയെന്നാണ് കുടുംബത്തിന്‍റെ അഭിഭാഷകൻ സമർപ്പിച്ച നോട്ടീസിലെ ആരോപണം.

2025 സെപ്റ്റംബർ 10 ന് യൂട്ടായിലെ ഒറെമിലുള്ള യൂട്ടാ വാലി സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ടേണിങ് പോയിന്‍റ് യുഎസ് എയുടെ സഹസ്ഥാപകനായ കിർക്ക് വെടിയേറ്റു മരിച്ചത്. ഏകദേശം 3,000 പേര്‍ പങ്കെടുത്ത പരിപാടിക്കിടെ സര്‍വകലാശാലയിലെ ഒരു കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ നിന്നാണ് അക്രമി വെടിയുതിർത്തതെന്ന് അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ടൈലർ റോബിൻസണെതിരേ ക്രിമിനൽ കേസ് നിലവിലുണ്ട്.

കിർക്കിന്‍റെ പരിപാടിക്കു മുമ്പ് സർവകലാശാല മതിയായ സുരക്ഷാ വിലയിരുത്തൽ നടത്തിയില്ലെന്നും തുറസായ സ്ഥലത്ത് പരിപാടി നടത്തുന്നതിലെ അപകട സാധ്യതകൾ പരിഗണിച്ചില്ലെന്നും കുടുംബത്തിന്‍റെ നിയമ നോട്ടീസിൽ ആരോപിക്കുന്നു. പരിപാടിക്കു വേണ്ടി ആറു പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് നിയോഗിച്ചിരുന്നതെന്നും തത്സമയ നിരീക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും നോട്ടീസിൽ പറയുന്നു.

വെടിവയ്പിന് ഉപയോഗിച്ച മേൽക്കൂരയിലേയ്ക്ക് ഉള്ള പ്രവേശന സാധ്യതയെ കുറിച്ച് ടേണിങ് പോയിന്‍റ് യുഎസ് എ അധികൃതർ ക്യാംപസ് മേധാവി ജെഫ്രി ലോങിനെ മുൻകൂട്ടി അറിയിച്ചിരുന്നു എന്നും കുടുംബം ആരോപിച്ചു. കിർക്ക് പ്രസംഗിച്ച സ്ഥലത്തു നിന്നും ഏകദേശം 415 അടി അകലെയുള്ള ലോസി സെന്‍റർ ഫൊർ സ്റ്റുഡന്‍റ് സക്സസിന്‍റെ മേൽക്കൂരയിൽ നിന്നാണ് വെടിയുതിർത്തതെന്നാണ് പ്രോസിക്യൂട്ടർമാരുടെ വാദം.

പരിപാടിയുടെ തത്സമയ സുരക്ഷാ ദൃശ്യങ്ങൾ നിരീക്ഷിച്ചിരുന്നെങ്കിൽ അക്രമിയെ നേരത്തെ കണ്ടെത്താനാകുമായിരുന്നു എന്നും അതുവഴി കൊലപാതകം ഒഴിവാക്കാമായിരുന്നു എന്നും കുടുംബത്തിന്‍റെ നോട്ടീസിൽ ആരോപിക്കുന്നു. 2024ൽ ഡോണൾഡ് ട്രംപിനെതിരേയുണ്ടായ വധശ്രമത്തിലും മേല്‍ക്കൂരയില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തത് എന്ന കാര്യം ഉള്‍പ്പെടെ രാഷ്ട്രീയ അക്രമങ്ങളുടെ മുന്‍ സംഭവങ്ങളും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

യൂട്ടാ വാലി സര്‍വകലാശാല, യൂട്ടാ സ്റ്റേറ്റ്, സര്‍വകലാശാല പൊലീസ് വിഭാഗം, പൊലീസ് മേധാവി ജെഫ്രി ലോങ്, അന്നത്തെ സര്‍വകലാശാല പ്രസിഡന്‍റ് ആസ്ട്രിഡ് ടുമിനസ് എന്നിവരെയാണ് പ്രതികളായി കുടുംബം ചൂണ്ടിക്കാട്ടുന്നത്. കിർക്കിന്‍റെ ഭാര്യ എറിക്ക കിർക്കും രണ്ടു കുട്ടികളും പരാതിക്കാരിൽ ഉൾപ്പെടുന്നു. വെടി വയ്പിനു പിന്നാലെ സംഭവത്തെ കുറിച്ച് സ്വതന്ത്രവും സമഗ്രവുമായ മൂന്നാം കക്ഷി അന്വേഷണം നടത്തുമെന്നു സർവകലാശാല പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഭാവിയില്‍ ക്യാംപസുകളിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ പാർലമെന്‍റ് മാർച്ച് നടത്താനൊരുങ്ങി സിഐടിയു

'മലയാളത്തിന്‍റെ സ്വാതി തിരുനാൾ'; കന്നഡ നടൻ അനന്ത് നാഗിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം

മുഖ്യമന്ത്രിക്കെതിരേ രണ്ടാം വിവാഹ ആരോപണം: ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു, ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല