സിറിയൻ ബാലികയ്ക്ക് പുനർജീവനേകാൻ ഇസ്രയേൽ

 

Courtesy/Save a Child's Heart

World

സിറിയൻ ബാലികയ്ക്ക് പുനർജീവനേകാൻ ഇസ്രയേൽ

സേവ് എ ചൈൽഡ്സ് ഹാർട്ട് എന്ന ഇസ്രയേലി സംഘടനയിലെ ശസ്ത്രക്രിയാ വിദഗ്ധരാണ് ഹെബയ്ക്ക് ഈ ശസ്ത്രക്രിയ നടത്തിയത്

Reena Varghese

സിറിയയിൽ നിന്നുള്ള ഇരുപതു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് ജീവരക്ഷാർഥം ചെയ്ത് വിജയകരമായ ഹൃദയശസ്ത്രക്രിയ ചെയ്ത് ഇസ്രയേലിലെ വുൾഫ്സൺ മെഡിക്കൽ സെന്‍ററിലെ സിൽവൻ ആഡംസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ.ഹെബയ്ക്ക് ഇത് ജീവരക്ഷാർഥമുള്ള രണ്ടാമത്തെ ഹൃദയശസ്ത്രക്രിയയാണ് .

ഇതേ ആശുപത്രിയിൽ തന്നെയാണ് ഒൻപതു മാസങ്ങൾക്കു മുമ്പ് ഈ കുഞ്ഞിന് ആദ്യ അടിയന്തര ഹൃദയ ശസ്ത്രക്രിയ നടന്നത്. സേവ് എ ചൈൽഡ്സ് ഹാർട്ട് എന്ന ഇസ്രയേലി സംഘടനയിലെ ശസ്ത്രക്രിയാ വിദഗ്ധരാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ഹൃദയത്തിൽ നിന്ന് ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേയ്ക്ക് രക്തം കൊണ്ടു പോകുന്ന പ്രധാന ധമനിയായ അയോർട്ട ചുരുങ്ങിപ്പോകുന്ന കോർക്റ്റേഷൻ ഒഫ് ദി അയോർട്ട എന്ന അവസ്ഥയാണ് ഹെബയുടെ രോഗം.

ഹെബയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിനായി സേവ് എ ചൈൽഡ്സ് ഹാർട്ട് ഇസ്രയേലി ഫ്ലയിങ് എയ്ഡ് എന്നീ ഇസ്രയേലി സംഘടനകളാണ് സഹകരിച്ചു പ്രവർത്തിക്കുന്നത്. തുടർന്നും ഈ കുഞ്ഞിനായി തങ്ങളുടെ സഹകരണം ഈ സംഘടനകൾ ഉറപ്പാക്കിയിട്ടുണ്ട്. കുടുംബത്തിന്‍റെ സുരക്ഷ കണക്കിലെടുത്ത് തങ്ങൾ എവിടേയ്ക്കാണ് പോകുന്നതെന്ന് ഹെബയുടെ അമ്മ കാർമെല രഹസ്യമാക്കി വച്ചിരുന്നു. ഹെബയോടും ഒരു ബന്ധുവിനോടും ഒപ്പം സിറിയയിൽ നിന്ന് ഇസ്രയേൽ അതിർത്തിയിലേക്ക് അവർ യാത്ര ചെയ്തു.

ഇസ്രയേലിലേക്കുള്ള സുരക്ഷിതമായ യാത്രയ്ക്ക് ഇസ്രയേലി ഫ്ലയിങ് എയ്ഡ് സഹായം നൽകി. ജീവൻ രക്ഷിക്കുന്ന ചികിത്സ നൽകുക എന്നത് ആദ്യ പടി മാത്രമാണ് എന്ന് ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡയറക്റ്റർ ഡോ. അലോണ റൗച്ചർ സ്റ്റെർൻഫെൽഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു.ആരോഗ്യകരമായ ഭാവിക്ക് ഏറ്റവും മികച്ച അവസരം ഒരുക്കിക്കൊടുക്കുന്നതിന് ചികിത്സയ്ക്കു ശേഷമുള്ള തുടർ പരിചരണവും അത്ര തന്നെ പ്രധാനമാണ്.