ഒൻപതു കുട്ടികളെ കൂടി കുടുംബങ്ങളുമായി ഒന്നിപ്പിച്ച് മെലാനിയ ട്രംപ്

 
World

റഷ്യ-യുക്രെയ്ൻ യുദ്ധം: ഒൻപതു കുട്ടികളെ കൂടി കുടുംബങ്ങളുമായി ഒന്നിപ്പിച്ച് മെലാനിയ ട്രംപ്

ഇതോടെ ആകെ എണ്ണം 43

Reena Varghese

വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ കുടുംബങ്ങളിൽ നിന്നും വേർപെട്ടു പോയ ഒൻപതു കുട്ടികളെക്കൂടി മാതാപിതാക്കളുമായി ഒന്നിപ്പിച്ച് അമെരിക്കൻ പ്രഥമ വനിത മെലാനിയ.അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഏഴാമത്തെ ഘട്ടമാണിത്. ഇതോടെ ഇതുവരെ കുടുംബങ്ങളുമായി ഒന്നിപ്പിച്ച കുട്ടികളുടെ ആകെ എണ്ണം 43 ആയി ഉയര്‍ന്നു. റഷ്യൻ-യുക്രെയ്ൻ നേതാക്കളുടെ പൂർണ സഹകരണത്തോടെയാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

സമാധാനത്തിലൂടെ ലോകത്തെ സുഖപ്പെടുത്താൻ കഴിയുമെന്നും ആ സമാധാനം തുടങ്ങുന്നത് കുട്ടികളിലൂടെയാണെന്നും മെലാനിയ പ്രസ്താവനയിൽ പറഞ്ഞു. യുദ്ധത്തിന്‍റെ ഭീകരതയിലേയ്ക്ക് കുട്ടികളെ തള്ളി വിടുന്നത് എന്തിനാണെന്ന് അവർക്ക് മനസിലാക്കാൻ കഴിയില്ലെന്നും മുതിർന്നവർ എന്ന നിലയിൽ കുട്ടികളെ യുദ്ധത്തിന്‍റെ വേർതിരിവുകൾക്ക് അതീതമായി ഉയർത്തി അവരുടെ ജീവിതത്തിലെ സന്തോഷങ്ങൾ തിരികെ നൽകേണ്ടത് നമ്മുടെ ധാർമിക ഉത്തരവാദിത്തമാണെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ ഒലെഷ്കിയിലും ഖേഴ്സൺ മേഖലയിലും മെലാനിയയുടെ ഇടപെടലിനെ തുടർന്ന് പ്രാദേശിക വെടിനിർത്തൽ സാധ്യമായിരുന്നു. ഇതിലൂടെ ഏകദേശം എണ്ണൂറോളം പേരുടെ ജീവൻ രക്ഷിക്കാനും അവിടേയ്ക്ക് ഭക്ഷണവും ശുദ്ധജലവും വിതരണം ചെയ്യാനും സാധിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കുട്ടികളെ കുടുംബങ്ങളുമായി ഒന്നിപ്പിക്കുന്ന പുതിയ നേട്ടവും കൈവരിച്ചിരിക്കുന്നത്.