കാട്ടു തീ അണയ്ക്കുന്നതിനിടെ ഇന്തോനേഷ്യയിൽ ഹെലികോപ്റ്റർ തകർന്നു വീണു
കലിമന്താൻ: ഇന്തോനേഷ്യയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്റ്റര്‍ നദിയില്‍ തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. ദക്ഷിണ കലിമന്താന്‍ പ്രവിശ്യയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഇന്തോനേഷ്യന്‍ ജീവനക്കാരനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍, ന്യൂസിലന്‍ഡ് സ്വദേശികളായ രണ്ട് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇന്തോനേഷ്യന്‍ ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.
ദുരന്തനിവാരണ അധികൃതര്‍ പുറത്തുവിട്ടതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുമായ ദൃശ്യങ്ങളില്‍ ഹെലികോപ്റ്റര്‍ നദിക്കു മുകളിലൂടെ പറക്കുന്നതിനിടെ തീ അണയ്ക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക ജലസംഭരണി താഴേക്ക് ഇറക്കുന്നത് കാണാം. തീ അണയ്ക്കുന്നതിനായി വെള്ളം ശേഖരിച്ച് ഒഴിക്കാന്‍ ഉപയോഗിക്കുന്ന മടക്കാവുന്ന വലിയ ബക്കറ്റാണ് ഹെലികോപ്റ്ററില്‍ ഘടിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഹെലികോപ്റ്റര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുന്‍ഭാഗം താഴേക്ക് കുത്തനെ ചരിഞ്ഞ് നദിയിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ ബോട്ടുകളിലെത്തി ഭാഗികമായി വെള്ളത്തില്‍ മുങ്ങിയ ഹെലികോപ്റ്ററിനടുത്തുനിന്ന് ആളുകളെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സൂപ്പര്‍ പ്യൂമ എച്ച് 225 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണ അധികൃതര്‍ കരാര്‍ നല്‍കിയ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഹെലികോപ്റ്ററെന്ന് അധികൃതര്‍ എഎഫ്പിയോട് വ്യക്തമാക്കി.
ഇന്തോനേഷ്യയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മധ്യ കലിമന്താനിലും സമാനമായ അപകടമുണ്ടായി. അന്ന് മൂന്ന് ജീവനക്കാരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുക്കാന്‍ കഴിഞ്ഞതായി സൈന്യം ശനിയാഴ്ച അറിയിച്ചു. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തില്‍ ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. തുടര്‍ച്ചയായുണ്ടാകുന്ന ഹെലികോപ്റ്റര്‍ അപകടങ്ങള്‍ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വെല്ലുവിളികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.