ഇലോൺ മസ്കിനെ ആകാശത്തോളമുയർത്തി പുടിൻ

 
World

യഥാർഥ പ്രതിഭ മസ്ക്... ഇലോൺ മസ്കിനെ ആകാശത്തോളമുയർത്തി പുടിൻ

റഷ്യ-ആഫ്രിക്ക ഉച്ചകോടിയോട് അനുബന്ധിച്ച പ്രദർശനം സന്ദർശിക്കുന്നതിനിടെയായിരുന്നു പുടിന്‍റെ ഈ പ്രതികരണം

Reena Varghese

മോസ്കോ: റഷ്യൻ സാറ്റലൈറ്റ് ഇന്‍റർനെറ്റ് ശൃംഖല വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ അമെരിക്കൻ സാങ്കേതിക വ്യവസായ പ്രമുഖൻ ഇലോൺ മസ്കിനെ വാനോളമുയർത്തി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. ആയിരക്കണക്കിന് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച മസ്ക് യഥാർഥ പ്രതിഭയാണെന്നായിരുന്നു പുടിന്‍റെ വിശേഷണം. മോസ്കോയിൽ നടന്ന റഷ്യ-ആഫ്രിക്ക ഉച്ചകോടിയോട് അനുബന്ധിച്ച പ്രദർശനം സന്ദർശിക്കുന്നതിനിടെയായിരുന്നു പുടിന്‍റെ ഈ പ്രതികരണം.

അയ്യായിരത്തിലധികം ഉപഗ്രഹങ്ങളാണ് മസ്ക് ഭ്രമണപഥത്തിൽ എത്തിച്ചിരിക്കുന്നതെന്നും റഷ്യ ഇപ്പോൾ ആദ്യ ചുവടുകൾ മാത്രമാണ് വച്ചു തുടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭ്രമണ പഥത്തിൽ പരസ്പരം തടസമുണ്ടാക്കാതിരിക്കുക എന്നത് നിർണായകമാണെന്നും മസ്‌ക് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ പങ്കാളികളുമായി റഷ്യ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പുടിന്‍ വ്യക്തമാക്കി.

മസ്കിന്‍റെ സ്പേസ് എക്സ് വികസിപ്പിച്ച സൈനികാവശ്യങ്ങൾക്ക് വേണ്ടിയുള്ള ഉപഗ്രഹ ശൃംഖലയായ സ്റ്റാർഷീൽഡിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട് യുക്രെയ്നും അമെരിക്കയും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുടിന്‍റെ പ്രസ്താവന. അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്ക് പിന്നാലെ ഈ മാസം സ്റ്റാർഷീൽഡ് സേവനങ്ങൾ ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ടതായി യുക്രെയ്ൻ റിപ്പോർട്ട് ചെയ്തിരുന്നു.

സേവന തടസങ്ങൾക്ക് ഉത്തരവാദികളാണെന്ന ആരോപണം ട്രംപും മസ്കും നിഷേധിച്ചെങ്കിലും സൈനിക ആവശ്യങ്ങൾക്കായി സ്പേസ് എക്സിന്‍റെ സ്റ്റാർലിങ്ക് സേവനം യുക്രെയ്ൻ ദുരുപയോഗം ചെയ്യുന്നു എന്ന് പിന്നീട് മസ്‌ക് ആരോപിച്ചു. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതിനിടെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങളുടെ പ്രാധാന്യം വീണ്ടും ചര്‍ച്ചയാകുകയാണ്. സ്റ്റാര്‍ഷീല്‍ഡ് സേവനങ്ങളിലെ തടസങ്ങള്‍ റഷ്യന്‍ ഡ്രോണുകളെ തടയാനുള്ള ശ്രമങ്ങളെ ബാധിക്കുകയും മുന്‍നിരയിലെ സൈനിക നീക്കങ്ങള്‍ക്കും ചരക്കുനീക്കത്തിനും തിരിച്ചടിയാകുകയും ചെയ്തതായി യുക്രെയ്ന്‍ വ്യക്തമാക്കിയിട്ടുണ്ട്. സൈനിക ആശയവിനിമയം, ഡ്രോണ്‍ പ്രതിരോധം, യുദ്ധമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഉപഗ്രഹ സാങ്കേതികവിദ്യ നിര്‍ണായകമാകുന്ന സാഹചര്യത്തില്‍ റഷ്യയുടെ സ്വന്തം ഉപഗ്രഹ ഇന്‍റര്‍നെറ്റ് ശൃംഖല വികസിപ്പിക്കാനുള്ള നീക്കങ്ങളും ശ്രദ്ധേയമാകുന്നു.