ചൈനീസ് കാമുകിയിലൂടെ എന്‍വിഡിയ സിഇഒക്ക് നഷ്ടമായത് 66,000 കോടി രൂപ

 
World

ചൈനീസ് കാമുകിയിലൂടെ എന്‍വിഡിയ സിഇഒക്ക് നഷ്ടമായത് 66,000 കോടി രൂപ

അദ്ദേഹത്തിന്‍റെ ആകെ ആസ്തി 162.2 ബില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം 154.7 ബില്യണ്‍ ഡോളറായി കുറഞ്ഞു.

Reena Varghese

വാഷിങ്ടണ്‍: ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള യുവതിയുമായി എന്‍വിഡിയ സിഇഒ ജെന്‍സണ്‍ ഹുവാങ്ങ് അടുപ്പം പുലര്‍ത്തിയിരുന്നെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് എന്‍വിഡിയയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ഈ മാസം 9ന്, വ്യാപാരം തുടങ്ങി വെറും 30 മിനിറ്റിനുള്ളില്‍ ഹുവാങ്ങിന്‍റെ ആസ്തിയില്‍ നിന്ന് 7.4 ബില്യണ്‍ ഡോളറാണ് (ഏകദേശം 66,000 കോടി രൂപ) നഷ്ടപ്പെട്ടത്.

ഓഹരിവിലയില്‍ പെട്ടെന്നുള്ള ഇടിവുണ്ടായതോടെ ഫോര്‍ബ്സിന്‍റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തുണ്ടായിരുന്ന ഹുവാങ് പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അദ്ദേഹത്തിന്‍റെ ആകെ ആസ്തി 162.2 ബില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം 154.7 ബില്യണ്‍ ഡോളറായി കുറഞ്ഞു.

എന്‍വിഡിയ ഓഹരികള്‍ 7 ശതമാനത്തിലധികം ഇടിവോടെയാണ് തിങ്കളാഴ്ച (നവംബര്‍ 9) വ്യാപാരം ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് ഹുവാങ്ങിന്‍റെ ആസ്തിയില്‍ നിന്ന് 10.3 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെടുകയും, അദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 പേരുടെ പട്ടികയില്‍ നിന്ന് പുറത്താവുകയും ചെയ്തു. ഇതോടെ, ബെര്‍ക്ഷെയര്‍ ഹാത്ത്‌വേ ചെയര്‍മാന്‍ വാരന്‍ ബഫറ്റിനും ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എലിസണും പിന്നിലായി ഹുവാങിന്‍റെ സ്ഥാനം. എന്‍വിഡിയയുടെ ഓഹരി വിലയില്‍ നേരിയ തിരിച്ചുവരവുണ്ടായെങ്കിലും, വ്യാപാര സമയത്തുടനീളം ഓഹരികള്‍ സമ്മര്‍ദ്ദത്തിലായിരുന്നു.

ഓഹരി വിലയിലുണ്ടായ ഇടിവ് എന്‍വിഡിയയുടെ വിപണി മൂല്യത്തെയും ബാധിച്ചു. നേരത്തെ ഏകദേശം 4.5 ലക്ഷം കോടി ഡോളര്‍ ആയിരുന്നു കമ്പനിയുടെ മൂല്യം. ഇത് തിങ്കളാഴ്ച ഉച്ചയായപ്പോള്‍ 4.24 ലക്ഷം കോടി ഡോളറിലെത്തി. ബീജിങ്ങിനു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നു യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിച്ചിരുന്ന ചൈനീസ് പൗരയായ ആലീസ് ഹുവാങ്ങുമായുള്ള ജെന്‍സണ്‍ ഹുവാങ്ങിന്‍റെ ബന്ധമാണ് വിവാദത്തിന് ആധാരം. ചൈനയുടെ 'മിനിസ്ട്രി ഒഫ് സ്റ്റേറ്റ് സെക്യൂരിറ്റി'ക്ക് വേണ്ടി വിവരങ്ങള്‍ ശേഖരിക്കാനാണ് ആലീസിനെ നിയോഗിച്ചിരുന്നു എന്നാണ് യുഎസ് ഏജന്‍സികള്‍ കണ്ടെത്തിയത്.

എന്‍വിഡിയയുടെ ഓഹരിയുടമ

എന്‍വിഡിയയുടെ 3.5 ശതമാനത്തിലധികം ഓഹരികള്‍ കൈവശമുള്ള ഹുവാങ്, കമ്പനിയിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമ കൂടിയാണ്. അദ്ദേഹത്തിന്‍റെ സമ്പത്തിന്‍റെ വലിയൊരു ഭാഗവും വരുന്നത് ശമ്പളത്തില്‍ നിന്നല്ല, മറിച്ച് ഈ ഓഹരികളില്‍ നിന്നാണ്.

ഒരു ട്രേഡിങ് സെഷനില്‍ തന്നെ അദ്ദേഹത്തിന്റെ ആസ്തി മൂല്യത്തില്‍ കോടിക്കണക്കിന് രൂപയുടെ വ്യതിയാനം സംഭവിക്കാവുന്നതിന്റെ കാരണവും ഇതാണ്. എന്‍വിഡിയ ഓഹരികളുടെ മൂല്യം തിരികെ കയറുകയാണെങ്കില്‍, ഹുവാങ്ങിന്‍റെ ആസ്തി മൂല്യവും അതിവേഗം വര്‍ധിച്ചേക്കാം. നേരെമറിച്ച്, ഓഹരി വില ഇനിയും താഴേക്ക് പോവുകയാണെങ്കില്‍, അദ്ദേഹത്തിന്‍റെ സമ്പത്തും കുറയാന്‍ സാധ്യതയുണ്ട്.

എഫ്ബിഐ അന്വേഷം ആരംഭിച്ചു

ചൈനീസ് സര്‍ക്കാര്‍ ഏജന്‍റാണെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയുമായി എന്‍വിഡിയ സിഇഒ ജെന്‍സണ്‍ ഹുവാങ്ങിനുണ്ടായ ബന്ധത്തെക്കുറിച്ച് എഫ്ബിഐ അന്വേഷണം നടത്തുന്നുണ്ടെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു.

ഹുവാങ്ങിന്‍റെ രഹസ്യകാമുകിയെ കുറിച്ചുള്ള വിവരങ്ങള്‍ പെട്ടെന്ന് പുറത്തുവന്നത് രാഷ്‌ട്രീയ വൃത്തങ്ങളെയും ഐടി മേഖലയെയും ഞെട്ടിച്ചിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ മുന്നേറ്റത്തിന് കരുത്തേകുന്ന, എന്‍വിഡിയ രൂപകല്‍പ്പന ചെയ്ത അത്യാധുനിക ചിപ്പുകള്‍ ചൈനയ്ക്ക് കൈക്കലാക്കാന്‍ സാധിച്ചിട്ടുണ്ടോ എന്ന ആശങ്കയാണ് ഇതിലൂടെ ഉയര്‍ന്നിരിക്കുന്നത്.

കേസ് ഫയല്‍ ചെയ്ത് നിക്ഷേപകന്‍

ചൈനീസ് യുവതിയുമായുള്ള ജെന്‍സണ്‍ ഹുവാങ്ങിന്‍റെ ബന്ധത്തെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ നിക്ഷേപകരെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ഒരു ഓഹരി ഉടമ എന്‍വിഡിയയ്ക്കും സിഇഒ ജെന്‍സണ്‍ ഹുവാങ്ങിനുമെതിരേ കാലിഫോര്‍ണിയ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. എഫ്ബിഐ ഈ കേസ് അന്വേഷിക്കുന്നുണ്ടെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് പരാതി. എന്‍വിഡിയയുടെ ബോര്‍ഡും ഈ സംഭവത്തെ കുറിച്ചു പരിശോധിച്ചുവരികയാണ്.

ഹുവാങ്ങിന്‍റെ ഭാവി

എന്‍വിഡിയയെയും ജെന്‍സണ്‍ ഹുവാങ്ങിനെയും സംബന്ധിച്ചിടത്തോളം വരും ദിവസങ്ങള്‍ നിര്‍ണായകമാണ്. എന്‍വിഡിയയുടെ ബോര്‍ഡ് നടത്തുന്ന അന്വേഷണത്തിന്‍റെ ഫലം എന്തായിരിക്കും എന്നതും, ഈ വിവാദം ലോകത്തിലെ മുന്‍നിര എഐ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ നിക്ഷേപകരുടെ വിശ്വാസത്തെ ബാധിക്കുമോ എന്നതുമാണ് പ്രധാന ചോദ്യം.